വെള്ളിത്തിരയ്ക്കു പിന്നിലെ നീലച്ചിത്രങ്ങൾ
Tuesday, August 20, 2024 10:09 PM IST
സിനിമാ സെറ്റുകളിലെ ഉള്ളൊഴുക്കുകളെ ചിത്രീകരിക്കുന്ന ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ സെൻസർ ചെയ്ത ഭാഗം നാം വായിച്ചു. വിഖ്യാത സിനിമകൾ കളിച്ച വെള്ളിത്തിരകൾക്കപ്പുറത്തുള്ള പിന്നണിക്കഥകൾക്കു പക്ഷേ, കൂടുതൽ സാദൃശ്യം അശ്ലീല ചിത്രങ്ങളോടാണ്. കലയുടെ മറവിൽ കാമവെറിക്കും സാധ്യത കണ്ടെത്തിയവർ ഇപ്പോഴും ഒളിച്ചിരിക്കുകയാണ്.
മലയാളസിനിമാ നിർമാണരംഗത്തെ ലൈംഗികചൂഷണം ഉൾപ്പെടെയുള്ള അധോലോക പ്രവർത്തനങ്ങൾ പുറത്തു കൊണ്ടുവന്ന ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തെങ്കിലും മാറ്റമുണ്ടാക്കുമെന്നു കരുതുന്നവർ കൈ പൊക്കട്ടെ എന്നു പറഞ്ഞാൽ വിരലിലെണ്ണാവുന്നവരേ കാണുകയുള്ളൂ.
തുടർന്നു ചോദിക്കൂ; വേട്ടക്കാരെന്നു കരുതുന്ന നടന്മാർ ഉൾപ്പെടെയുള്ളവർ ഭയന്നു പിന്മാറുമോ? ഹേമ കമ്മിറ്റിയോട് കാര്യങ്ങൾ തുറന്നുപറഞ്ഞ ഇരകൾ ധൈര്യത്തോടെ കേസുമായി മുന്നോട്ടു പോകുമോ? സിനിമാ നിർമാണമേഖലയിൽ സർക്കാർ ശുദ്ധികലശം നടത്തുമോ? ഇല്ല, ഇല്ല, ഇല്ല! പക്ഷേ, യാഥാർഥ്യബോധത്തോടെ ഇല്ലെന്നു പറയുന്നവരും ആഗ്രഹിക്കുന്നുണ്ട്, വെള്ളിത്തിരയ്ക്കു പിന്നിലെ ചുവന്ന തെരുവിലേക്ക് ഹേമ കമ്മിറ്റി തെളിച്ച വെളിച്ചത്തിലൂടെ ഒരു ബുൾഡോസർ കടന്നുവന്നിരുന്നെങ്കിലെന്ന്.
നിലംപരിശാക്കിയ പവർ ഗ്രൂപ്പിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ പ്രതിഭാശാലികളായ പെൺകുട്ടികൾ നാളെ തലയുയർത്തി നടന്നിരുന്നെങ്കിലെന്ന്. നടന്നാൽ കേരളം ലോകത്തിനു മാതൃകയാകുന്ന ചരിത്രമാകും. അല്ലെങ്കിലോ, സർക്കാരുകൾ ശവപ്പെട്ടിയൊരുക്കിയ കാക്കത്തൊള്ളായിരം റിപ്പോർട്ടുകളിലൊന്ന്..!
2017ൽ നടിയെ കാറിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്ത സംഭവത്തിനു ശേഷമാണ് സഹികെട്ട ഏതാനും നടിമാരും നടന്മാരും ഉൾപ്പെടെയുള്ളവർ പ്രതികരിച്ചുതുടങ്ങിയത്. അതിന്റെ തുടർച്ചയായിട്ടാണ് ഈ രംഗത്തെ ഒരുകൂട്ടം വനിതകൾ 2017 മേയിൽ വിമെൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) എന്ന സംഘടന രൂപീകരിക്കുകയും മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകുകയും ചെയ്തത്.
അതേ വര്ഷം ജൂലൈയില് ജസ്റ്റീസ് കെ. ഹേമ അധ്യക്ഷയായി മുന് ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, നടി ശാരദ എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റി സര്ക്കാര് രൂപീകരിച്ചു. ആ വേഗം പക്ഷേ, റിപ്പോർട്ട് തുറന്നുനോക്കിയപ്പോൾ കണ്ടില്ല. കമ്മിറ്റി 2019 ഡിസംബർ 31ന് സമർപ്പിച്ച റിപ്പോർട്ട് നാലര വര്ഷത്തിനു ശേഷമാണ് പുറത്തുവരുന്നത്. അതിങ്ങനെ തുടങ്ങി: “തിളക്കമുള്ള നക്ഷത്രങ്ങളും സുന്ദരചന്ദ്രനുമുള്ള ആകാശം നിഗൂഢതകൾ നിറഞ്ഞതാണ്.
പക്ഷേ, നക്ഷത്രങ്ങൾക്ക് തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ലെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. കാണുന്നതെല്ലാം വിശ്വസിക്കരുത്. ഉപ്പുപോലും കാഴ്ചയ്ക്ക് പഞ്ചസാര പോലെയാണല്ലോ.” പക്ഷേ, തുടർന്നുള്ള കണ്ടെത്തലുകളിൽ തെളിഞ്ഞുവരുന്നതാകട്ടെ, പഞ്ചസാരയോ ഉപ്പോ അല്ല, കാളകൂടവിഷമാണ്. അധോലോക സംഘങ്ങളെ പിന്നിലാക്കുന്ന പവർ ഗ്രൂപ്പുകൾ സെറ്റിട്ട ചുവന്ന തെരുവായി സിനിമാനിർമാണ മേഖല അധഃപതിച്ചിരിക്കുന്നു. മയക്കുമരുന്നും സ്ത്രീശരീരവുമാണ് ആ തെരുവിലെ വാണിഭങ്ങളിലേറെയും.
വെള്ളിത്തിരയിലെയും അണിയറയിലെയും ആദർശപുരുഷന്മാരിൽ പലരും സ്ത്രീയെ ലൈംഗികവസ്തുവായി മാത്രമാണു കാണുന്നത്. പിടിച്ചുനിൽക്കണമെങ്കിൽ വഴങ്ങേണ്ടിവരും. അല്ലെങ്കിൽ അപകീർത്തിപ്പെടുത്തും, ഫീൽഡിൽനിന്ന് പുറത്താക്കും. ആവശ്യത്തിനു പ്രതിഫലമില്ല, നല്ല ഭക്ഷണമില്ല, മൂത്രപ്പുര പോലുമില്ല. നടിയെ കാറിൽ കൊണ്ടുപോയി പീഡിപ്പിച്ചത് ഒറ്റപ്പെട്ട സംഭവമല്ലത്രേ. അതു റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നേയുള്ളൂ.
ഡബ്ല്യുസിസിയിൽനിന്നു പിന്മാറിയ നടി മാത്രം പറഞ്ഞു; “സിനിമാ മേഖലയിൽ ലൈംഗിക ചൂഷണം നടക്കുന്നതായി കേട്ടിട്ടുപോലുമില്ല.” ഒരു കാര്യം ഉറപ്പായി, നാം ആരാധനയുടെ ആകാശത്തു നിർത്തിയിരിക്കുന്ന പല താരങ്ങളും അടുത്തറിഞ്ഞാൽ ഓട്ടക്കാലണകളാണ്. ഹോട്ടൽമുറിയിൽ കഴിയാൻ പല നടിമാർക്കും ഭയമാണ്. രാത്രിയിൽ കതകിൽ മുട്ടുന്പോൾ തുറന്നില്ലെങ്കിൽ വാതിൽ തകർക്കാനുള്ള ശ്രമമാണ്. ഒപ്പമുള്ള ബന്ധുക്കൾക്കും സുരക്ഷിതത്വമില്ല. 15 അംഗ പവർ ഗ്രൂപ്പിനെ എല്ലാവർക്കും ഭയമാണ്.
മാതാപിതാക്കളുടെ സംരക്ഷണയിൽ സ്ത്രീകൾക്ക് ജോലിക്കു പോകേണ്ടിവരുന്ന ഏക തൊഴിലിടം. മുഖ്യമന്ത്രിക്കു നൽകിയ റിപ്പോർട്ടിലെ 233 പേജാണ് പുറത്തുവിട്ടത്. വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കി. സിനിമാ സെറ്റുകളിലെ ഉള്ളൊഴുക്കുകളെ ചിത്രീകരിക്കുന്ന ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ സെൻസർ ചെയ്ത ഭാഗം മാത്രമാണ് നാം വായിച്ചത്. വിഖ്യാത ചലച്ചിത്രങ്ങൾ ലോകത്തെ കാണിച്ച മലയാളസിനിമയുടെ അണിയറകളിൽ എന്നും ശൃംഗാരച്ചുവയുണ്ടായിരുന്നെങ്കിലും ഇന്നതിനു കൂടുതൽ സാദൃശ്യം മൂന്നാംകിട നീലച്ചിത്രങ്ങളോടായിരിക്കുന്നു.
പക്ഷേ, കലയുടെ മറവിൽ കാമവെറിക്കും സാധ്യത കണ്ടെത്തിയവർ ഇപ്പോഴും ഒളിച്ചിരിക്കുകയാണ്, സാങ്കേതികത്വങ്ങൾ കാവൽ നിൽക്കുന്ന പളുങ്കുകൊട്ടാരങ്ങളിൽ. അവർക്കു ചങ്കു പറിച്ചുകൊടുക്കാൻ ആളുണ്ടാകും. പക്ഷേ, ഇരകൾക്ക് ആരുണ്ടെന്ന് കണ്ടറിയണം.
നാലരവർഷം സാങ്കേതികത്വം പറഞ്ഞ് റിപ്പോർട്ട് പൂഴ്ത്തിവച്ച സർക്കാരിനുവേണ്ടി സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞത്, കമ്മിറ്റി സമർപ്പിച്ച 24 നിർദേശങ്ങളും നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചെന്നാണ്. മൊഴി കൊടുത്തവർ പരാതി കൊടുത്താൽ നടപടിയെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
പരാതി കൊടുത്ത് കേസെടുപ്പിക്കാൻ മന്ത്രിയുടെ ആവശ്യമെന്താണെന്നറിയില്ല. പരാതി നൽകാതെ ആകാശത്തുനിന്ന് എഫ്ഐആർ ഇടാനാകില്ലെന്ന് സാംസ്കാരിക വകുപ്പ് മുൻ മന്ത്രി എ.കെ. ബാലനും പറഞ്ഞു. അതായത്, മൂത്രപ്പുരയും ഭക്ഷണവും ഉറപ്പാക്കാൻ ശ്രമിച്ചേക്കാമെങ്കിലും ദേഹത്തു തൊട്ടുകളിക്കുന്ന പിശാചുക്കളെ ഒഴിപ്പിക്കാനായെന്നു വരില്ല.
ലോകത്തെ ഏറ്റവും സുന്ദരമായ വഞ്ചനയാണ് സിനിമയെന്ന് വിഖ്യാത ഫ്രഞ്ച് ചലച്ചിത്ര സംവിധായകനായ ഴാങ് ലുക് ഗോദാർദ് പറഞ്ഞത് സിനിമയെന്ന മഹത്തായ കല വഞ്ചനയാണ് എന്ന അർഥത്തിലല്ല. അദ്ദേഹത്തിന്റെ സൗന്ദര്യസങ്കൽപത്തിൽനിന്ന് ആ വാക്കുകൾ മാത്രം കടമെടുത്താൽ, സിനിമയിലും പരസ്യങ്ങളിലും തിളങ്ങുന്ന ചിലർ, മറ്റുള്ളവർ എഴുതിയ സംഭാഷണങ്ങൾ ഉച്ചരിച്ചും മേക്കപ്പിനും വച്ചുകെട്ടുകൾക്കും ഉള്ളിലൊളിച്ചും സ്ത്രീകളെ വേട്ടയാടുകയും ആരാധകരെ വഞ്ചിക്കുകയുമാണ്. ജസ്റ്റീസ് ഹേമ കമ്മിറ്റി ആ മുഖംമൂടി കുറച്ചെങ്കിലും വലിച്ചുകീറിയിട്ടുണ്ട്. സർക്കാർ അതു തുന്നിക്കൊടുക്കുമോയെന്ന് കാത്തിരുന്നു കാണാം.
അല്ലെങ്കിൽ ചൂടൻ കഥകളുടെ ആവേശം കെട്ടടങ്ങുന്പോൾ പൊതുബോധത്തിന്റെ ഹാർഡ് ഡിസ്കിൽനിന്ന് പവർ ഗ്രൂപ്പുകൾ ഈ ഇരമൊഴികൾ നിഷ്പ്രയാസം ഡിലീറ്റ് ചെയ്തുകളയും; ഹോളിവുഡിലും ബോളിവുഡിലുമൊക്കെ സംഭവിച്ചിട്ടുള്ളതുപോലെ. ഇരകൾ ദുരന്തകഥാപാത്രങ്ങളായി അവശേഷിക്കുകയും ചെയ്യും.