വോട്ടു ചോദിക്കുന്നവരോട് വികസനം ചോദിക്കണം
Sunday, November 3, 2024 9:39 PM IST
കാർഷിക വരുമാനത്തകർച്ചയുടെയും വന്യജീവി ആക്രമണങ്ങളുടെയും പ്രകൃതിക്ഷോഭത്തിന്റെയും മുനന്പത്തു നിൽക്കുന്നവർ സ്ഥാനാർഥികളുടെ മുഖത്തുനോക്കി കാര്യം പറയണം.
പതിമൂന്നിന് നടത്താനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലെ ചർച്ചകളെ നിരീക്ഷിച്ചാൽ ദൃശ്യമാകുന്നത് സംസ്ഥാന രാഷ്ട്രീയത്തിലെ അപചയവും ചവിട്ടിമെതിക്കപ്പെടുന്ന വികസന സങ്കൽപ്പങ്ങളുമാണ്. കൊടകര കുഴൽപ്പണക്കേസും പൂരം കലക്കലിലെ വൈരുധ്യാത്മക ബാന്ധവങ്ങളും പി.പി. ദിവ്യയുടെ പാർട്ടിസംരക്ഷണവുമൊക്കെ ഗൗരവമുള്ള കാര്യങ്ങൾ തന്നെയാണ്.
പക്ഷേ, അത്തരം ആരോപണ പ്രത്യാരോപണങ്ങളിൽ മുങ്ങിപ്പോകുകയോ മുക്കിക്കളയുകയോ ചെയ്യുന്നതു നാടിന്റെ വികസനവും ജനക്ഷേമവുമാണെങ്കിൽ മൂന്നു മണ്ഡലങ്ങളെ മൂന്നു രാഷ്ട്രീയ പാർട്ടികൾ ചേർന്ന് ചതിക്കുകയാണെന്നു പറയേണ്ടിവരും. അങ്ങനെയല്ലെങ്കിൽ, തങ്ങൾ തെരഞ്ഞെടുക്കപ്പെട്ടാൽ ജനങ്ങൾക്ക് എന്തു ചെയ്തുകൊടുക്കുമെന്നു കൃത്യമായി പറയട്ടെ.
പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്സഭാ മണ്ഡലത്തിലും പരിഹരിക്കപ്പെടേണ്ട ദുരിതങ്ങൾ ഏറെയുണ്ട്; നിരവധി വികസനപദ്ധതികൾ നടപ്പാക്കേണ്ടതുമുണ്ട്. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, പണിതുയർത്തേണ്ട പാലങ്ങൾ, ആശുപത്രികളുടെ അഭാവം, മരുന്നിന്റെ ദൗർലഭ്യം, യാത്രാദുരിതങ്ങൾ, കൃഷിയും ജനജീവിതവും അസാധ്യമാക്കിയ വന്യജീവിശല്യം... എന്നിങ്ങനെ എത്രയെത്ര വിഷയങ്ങളാണ് ഈ മണ്ഡലങ്ങളുടെ വികസനവുമായി ബന്ധപ്പെട്ടുള്ളത്.
ഓരോ പാർട്ടിയും അവരുടെ സ്ഥാനാർഥികളും അതേക്കുറിച്ചുകൂടി പറയട്ടെ. പറയുന്നതെല്ലാം നടന്നില്ലെങ്കിലും അതിനു ശ്രമിക്കാനെങ്കിലും ജനപ്രതിനിധികൾ നിർബന്ധിതരാകുമല്ലോ. ഇല്ലെങ്കിൽ വാക്കു പാലിക്കാത്തയാളെ അടുത്തവട്ടം ഒഴിവാക്കാമല്ലോ. തെരഞ്ഞെടുപ്പിന് അവശേഷിക്കുന്ന ഏതാനും ദിവസങ്ങൾകൊണ്ടു ചർച്ച ചെയ്തു പരിഹരിക്കാനാകാത്ത കാര്യങ്ങളാണ് കുഴൽപ്പണക്കേസും പൂരം കലക്കൽ നിഗൂഢതയുമൊക്കെ. അതേക്കുറിച്ചുള്ള ചർച്ചകൾ പക്ഷേ, വികസനത്തിന്റെ ചെലവിലാകരുത്.
ഈ ഉപതെരഞ്ഞെടുപ്പിനുശേഷവും ചർച്ച ചെയ്യാവുന്ന ആ വിഷയങ്ങൾ വയനാടിനെയും പാലക്കാടിനെയും ചേലക്കരയെയും മാത്രം ബാധിക്കുന്ന കാര്യങ്ങളുമല്ല. പാർട്ടികൾ സ്ഥാനാർഥികളെ നിർണയിച്ചതിന്റെ മാനദണ്ഡങ്ങളും സ്ഥാനാർഥിയുടെ പാർട്ടിമാറ്റവുമൊക്കെ സൃഷ്ടിക്കുന്ന ശബ്ദകോലാഹലങ്ങളിൽ ജനകീയ ആവശ്യങ്ങൾ മുങ്ങിപ്പോകരുത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലും റായ്ബറേലിയിലും ജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിലെ ലോക്സഭാംഗത്വം ഉപേക്ഷിച്ചതോടെയാണ് അവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചേലക്കര എംഎൽഎയും മന്ത്രിയുമായിരുന്ന കെ. രാധാകൃഷ്ണൻ ആലത്തൂരിൽനിന്നും പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ വടകരയിൽനിന്നും ലോക്സഭയിലേക്കു ജയിച്ചു.
ഇതോടെയാണ് രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. 15 സംസ്ഥാനങ്ങളിലായി 48 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പു നടത്തുന്നുണ്ട്. ഏതാണ്ട് എല്ലായിടത്തും ജനകീയ വിഷയങ്ങളെ ഒഴിവാക്കി വിഭാഗീയതയും വർഗീയതയുമൊക്കെയാണ് പ്രചാരണ വിഷയങ്ങൾ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ജനകീയ വിഷയങ്ങളേക്കാൾ മതധ്രുവീകരണത്തിന് രാഷ്ട്രീയ പാർട്ടികൾ ഊന്നൽ കൊടുക്കുന്നതു രാജ്യം കണ്ടു.
അക്കാര്യത്തിൽ പ്രധാനമന്ത്രിതന്നെ ദുർമാതൃകയായി. കാർഷികരംഗത്തെ തകർച്ചയും പട്ടിണി വ്യാപനവും തൊഴിലില്ലായ്മയും ഉൾപ്പെടെ രാജ്യത്തിന്റെ നീറുന്ന പ്രശ്നങ്ങളെയെല്ലാം അവഗണിച്ചായിരുന്നു വിദ്വേഷ പ്രസംഗങ്ങൾ. അത്തരം ഭയാനകവും ജനാധിപത്യവിരുദ്ധവുമായ മാതൃകകളെ മറ്റൊരു വിധത്തിൽ ഇപ്പോൾ കേരളവും ഏറ്റെടുക്കുകയാണെന്നു കരുതേണ്ടിവരും പ്രചാരണ വിഷയങ്ങൾ കണ്ടാൽ.
രാഷ്ട്രീയ പാർട്ടികളുടെ ശ്രദ്ധ മാറ്റൽ തന്ത്രം ജനം തിരിച്ചറിയണം. തങ്ങളുടെ മണ്ഡലത്തിലെ വികസന ആവശ്യങ്ങൾ കൃത്യമായി സ്ഥാനാർഥികളോടു പറയണം. കാർഷിക വരുമാനത്തകർച്ചയുടെയും വന്യജീവി ആക്രമണങ്ങളുടെയും പ്രകൃതിക്ഷോഭത്തിന്റെയും മുനന്പത്തു നിൽക്കുന്നവർ സ്ഥാനാർഥികളുടെ മുഖത്തുനോക്കി കാര്യം പറയണം.
ഈ ഉപതെരഞ്ഞെടുപ്പുകൊണ്ട് അഴിമതിയും രാഷ്ട്രീയക്കാരുടെ കൂട്ടുകച്ചവടവും കുഴൽപ്പണ ഇടപാടുകളുമൊന്നും ഇല്ലാതാക്കാൻ വോട്ടർമാർക്കു കഴിഞ്ഞെന്നുവരില്ല. പക്ഷേ, തങ്ങളുടെ മണ്ഡലത്തിന്റെ വികസനത്തിനായി ഒരു വിലപേശലെങ്കിലും സാധിക്കും. തെരഞ്ഞെടുപ്പ് സമയത്തു മാത്രം ലഭിക്കുന്ന സുവർണാവസരം കളഞ്ഞുകുളിക്കരുത്.