ബുൾഡോസറുകളുടെ മതവും ഇരകളുടെ വിധിയും
Thursday, November 14, 2024 10:27 PM IST
നമ്മുടെ രാജ്യത്ത് ബുൾഡോസറുകളെ പ്രതികാരത്തിന്റെ പ്രതീകമാക്കിയിട്ട് ഏതാനും വർഷങ്ങളേ ആയിട്ടുള്ളൂ. അതു ചെയ്തതു സർക്കാരുകളാണ് എന്നതാണ് കൂടുതൽ ഭയാനകം. വീടുകൾ ഇടിച്ചുനിരത്തിയത് ബിജെപി സർക്കാരുകളാണെന്നും തകർക്കപ്പെട്ടതിലേറെയും മുസ്ലിംകളുടേതാണെന്നതും യാദൃച്ഛികമല്ല.
മുന്നറിയിപ്പുകളെല്ലാം അവഗണിക്കപ്പെട്ടതോടെയാണ്, ഭരണകൂടം കോടതിയാകേണ്ടെന്നു സുപ്രീംകോടതിക്കു പറയേണ്ടിവന്നത്. ഭരണകൂടം കോടതിയാകാൻ ശ്രമിക്കുന്നത്, ജനാധിപത്യത്തിന്റെയല്ല, ഏകാധിപത്യത്തിന്റെയോ മതഭരണത്തിന്റെയോ ലക്ഷണമാണ്.
എന്നിട്ടും ഇന്ത്യയിൽ അതു സംഭവിക്കുന്നു. അതിന്റെ ഫലമാണ്, ബിജെപി സർക്കാരുകൾ ഉത്തരേന്ത്യയിൽ കുറ്റാരോപിതരുടെ വീടുകൾ ഇടിച്ചുനിരത്തുന്നതും മുനന്പത്തെ ജനങ്ങൾ കൈയേറ്റക്കാർ അല്ലാതിരുന്നിട്ടും മതമൗലികവാദം ഊട്ടിയുറപ്പിക്കുന്ന നിയമങ്ങളിലൂടെ തട്ടിയെടുക്കാൻ ശ്രമിക്കുന്ന സ്വന്തം വീടും പറന്പും സംരക്ഷിക്കാൻ സമരം ചെയ്യേണ്ടിവരുന്നതും.
സർക്കാരുകളുടെ മതതാത്പര്യ ബുൾഡോസറുകളും മതപ്രീണനത്തിനുവേണ്ടി തയാറാക്കിയ വഖഫ് പോലുള്ള നിയമങ്ങളിലെ ബുൾഡോസർ വകുപ്പുകളും മതേതര രാജ്യത്തിന് അപമാനമായിരിക്കുന്നു.
കുറ്റാരോപിതരുടെ വീട് ഇടിച്ചുനിരത്തുന്ന ചില സംസ്ഥാനങ്ങളുടെ ബുൾഡോസർ നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് സുപ്രീംകോടതി ബുധനാഴ്ച നിരീക്ഷിച്ചത്. നിയമവിരുദ്ധമായ നിർമിതികൾ പൊളിച്ചുമാറ്റുന്നതിന് മുൻകൂർ നോട്ടീസ് നല്കുന്നതടക്കമുള്ള നിയമനടപടികൾ പാലിക്കണമെന്നു വ്യക്തമാക്കിയ കോടതി ജുഡീഷറിയുടെ ചുമതലകൾ സർക്കാർ ഏറ്റെടുക്കേണ്ടതില്ലെന്നു മുന്നറിയിപ്പും നൽകി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബുൾഡോസർ രാജ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. അനധികൃത നിർമാണങ്ങൾ പൊളിക്കുന്നതടക്കം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പാലിക്കേണ്ട മാർഗനിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു.
ഭരണഘടനാ അനുച്ഛേദം 142 പ്രകാരം പ്രത്യേക അധികാരമുപയോഗിച്ചാണ് കോടതി ഉത്തരവിട്ടത്. ഏറെനാളായി രാജ്യത്തെ ബിജെപി സർക്കാരുകൾ നടത്തിക്കൊണ്ടിരുന്ന അധികാര ദുർവിനിയോഗത്തിനു തടയിടാൻ വിധി സഹായകരമാകുമെന്നു കരുതാം.
വ്യാജ ഏറ്റുമുട്ടലിന്റെയും അനധികൃത നിർമാണത്തിന്റെയും പുകമറയിൽ ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുകയാണെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് സുപ്രീംകോടതി വിധി. കുറ്റാരോപിതരെ കുറ്റക്കാരെന്നു കണക്കാക്കി ശിക്ഷ നടപ്പാക്കുന്നതും കുറ്റക്കാരുടെ മതം അക്കാര്യത്തിൽ നിർണായകമാകുന്നതും തടയാൻ പ്രതിപക്ഷത്തിനോ പൊതുജനത്തിനോ സാധ്യമല്ലാതിരിക്കെ കോടതിയുടെ ഇടപെടൽ ചരിത്രപരമാണ്.
ഒരു വ്യക്തി കുറ്റാരോപിതനായതുകൊണ്ടു മാത്രം അയാളുടെ വീട് പൊളിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. ഒരാൾ കുറ്റക്കാരനാണോ എന്നു നിശ്ചയിക്കുന്നത് ഭരണനിർവാഹകരല്ല, നിയമസംവിധാനമാണ്. ഇത്തരം നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം വ്യക്തികളുടെ മൗലികാവകാശത്തെ ബാധിക്കുമെന്നും കുറ്റാരോപിതനായ വ്യക്തിയുടെ കുടുംബത്തിനെതിരേയുള്ള കൂട്ടായ ശിക്ഷയായി മാറുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭരണകൂടവിധേയരായ ഉദ്യോഗസ്ഥരുടെ അമിതാവേശത്തിനും കോടതി തടയിട്ടു. അനധികൃത നിർമിതികൾ പൊളിക്കാൻ സർക്കാരുകൾക്ക് അധികാരമുണ്ട്. പക്ഷേ, അതിനുള്ള നടപടിക്രമങ്ങൾ പാലിക്കാതെ പൊളിച്ചുനീക്കൽ നടത്തിയാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർ കോടതിയലക്ഷ്യത്തിന് ബാധ്യസ്ഥരായിരിക്കും. നഷ്ടപരിഹാരം നൽകുന്നതിനു പുറമേ പൊളിച്ച വസ്തു സ്വന്തം ചെലവിൽ ഉദ്യോഗസ്ഥർ പുനർനിർമിച്ചു നൽകണമെന്നും വിധിയിൽ വ്യക്തമാക്കി.
വീടെന്ന സുരക്ഷിതത്വം മൗലികാവകാശമാണ്. അതു തകർക്കുന്നത് മരവിപ്പിക്കുന്ന കാഴ്ചയാണെന്നും, സ്ത്രീകളും കുട്ടികളും പ്രായമായവരും ഒറ്റ രാത്രികൊണ്ട് തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് സന്തോഷകരമായ കാഴ്ചയല്ലെന്നുമുള്ള കോടതിയുടെ ഓർമപ്പെടുത്തൽ രാജ്യമെങ്ങുമുള്ള മനുഷ്യാവകാശലംഘന ഇരകൾക്ക് ആശ്വാസകരമാണ്.
നശിപ്പിക്കപ്പെടുകയോ തട്ടിയെടുക്കപ്പെടുകയോ ചെയ്ത വീടുകൾക്കും പുരയിടങ്ങൾക്കും പുറത്തു നിൽക്കുന്നവർ അനുഭവിക്കുന്നത് ഒരേ ദുഃഖമാണ്. അതിനു ഡൽഹിയെന്നോ യുപിയെന്നോ രാജസ്ഥാനെന്നോ കേരളമെന്നോ വ്യത്യാസം കൽപ്പിക്കുന്നവരുടെ ഉള്ളിലുള്ളതാണ് യഥാർഥ വർഗീയത.
യുപിയിലെ ഇരകൾക്കൊപ്പം നിൽക്കുന്നത് മതേതരവും മുനന്പത്തെ ഇരകൾക്കൊപ്പം നിൽക്കുന്നത് വർഗീയവുമാകുന്ന ഒരു ചതി ചിലരുടെ രാഷ്ട്രീയത്തിലും ചില മാധ്യമങ്ങളിലും വ്യാപകമായിട്ടുണ്ട്. അതുകൊണ്ടാണ് ഉത്തരേന്ത്യയിലെ ബുൾഡോസറിനെ തടയാൻ അച്ചുനിരത്തുന്ന മാധ്യമങ്ങൾ മുനന്പത്ത് മുങ്ങിനടന്നത്. അതുകൊണ്ടാണ് യോഗീസർക്കാരിന്റെ പേരുപറഞ്ഞ് ബുൾഡോസർ രാജിനെതിരേ പ്രസംഗിക്കുന്ന ധീരമാധ്യമപ്രവർത്തനം ‘വഖഫ്’ എന്ന പേരുപോലും പറയാൻ ഭയപ്പെടുന്നത്.
അതുകൊണ്ടാണ് ഇസ്ലാമിക രാജ്യങ്ങൾപോലും ഭയക്കുന്ന വഖഫ് ഭേദഗതിയെ സംരക്ഷിക്കുന്ന പ്രമേയം വർഗീയമല്ലാതാകുകയും അതിന്റെ ഇരകളുടെ സമരം വർഗീയമാകുകയും ചെയ്യുന്നത്. അതുകൊണ്ടാണ് ചാനലുകളിൽ വഖഫ് ബോർഡും ഇടതു-വലതു പാർട്ടികളുടെ പ്രതിനിധികളും വഖഫ് നിയമം സംരക്ഷിക്കാൻ ഒറ്റക്കെട്ടായി ശബ്ദിക്കുന്നത്.
മതപരിഗണനയില്ലാതെ ഭരണഘടനാവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും സമീപിക്കാൻ പ്രേരിപ്പിക്കുന്ന സുപ്രീംകോടതി വിധി സ്വാഗതാർഹമാണ്. വീടുകളിൽനിന്നു വലിച്ചിഴയ്ക്കപ്പെടുന്നവർക്കുള്ള ആശ്വാസവിധി.