കാപിറ്റോളിലേക്ക് "ഇരച്ചുകയറി’ ട്രംപ്
Wednesday, November 6, 2024 10:42 PM IST
"മൈ ഫ്രണ്ട്’ എന്ന പഴയ അഭിസംബോധന ആവർത്തിച്ച് ട്രംപിനെ അനുമോദനം അറിയിച്ച മോദിക്ക് അമേരിക്കയെ ഫ്രണ്ടാക്കി നിലനിർത്താനാകണം. ഇന്ത്യയെ "ബിഗ് ട്രേഡ് അബ്യൂസർ' എന്നു വിളിച്ചിട്ടു മാസങ്ങളേ ആയിട്ടുള്ളൂ എന്നതും മറക്കരുത്.
2021ൽ ജോ ബൈഡൻ പ്രസിഡന്റായി അധികാരമേറ്റപ്പോൾ തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാതെ അമേരിക്കൻ ഭരണസിരാകേന്ദ്രമായ കാപിറ്റോളിലേക്ക് ഇടിച്ചുകയറിയ ട്രംപ് അനുകൂലികൾ റിപ്പബ്ലിക്കൻ പാർട്ടിയുടെ ചെങ്കൊടിയുമേന്തി ഇളകിമറിയുകയാണ്. നാലു വർഷത്തിനുശേഷം അവരുടെ നേതാവ് ജനാധിപത്യ മാർഗത്തിലൂടെ കാപിറ്റോളിലേക്ക് "ഇരച്ചുകയറി'യിരിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡോണൾഡ് ജെ. ട്രംപാണ് അടുത്ത നാലു വർഷം അമേരിക്കൻ പ്രസിഡന്റ്. ജെ.ഡി. വാൻസ് വൈസ് പ്രസിഡന്റാകും.
സെനറ്റിലും ജനപ്രതിനിധിസഭയിലും റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടിയതിനാൽ ട്രംപിന്റെ കരുത്ത് കൂടും. ഇന്ത്യയുടെ കാര്യം പറഞ്ഞാൽ, ആശയംകൊണ്ടും സൗഹൃദംകൊണ്ടും മോദി ഭരണകൂടവുമായി കൂടുതൽ ചേർന്നുനിൽക്കുന്നതും ട്രംപ് ആണ്. പക്ഷേ, അദ്ദേഹത്തിന്റെ കുടിയേറ്റ നയങ്ങൾ ഇന്ത്യയിൽനിന്നു തൊഴിൽ തേടി അവിടെയെത്താനിരിക്കുന്നവരെയും എത്തിയവരെയും ആശങ്കയിലാഴ്ത്തുന്നുമുണ്ട്. വ്യാപാരം, സൈനിക ഇടപെടലുകൾ തുടങ്ങിയ കാര്യങ്ങളിലും മാറ്റമുണ്ടാകും. പക്ഷേ, മോദി-ട്രംപ് ബന്ധത്തിന് തടസങ്ങളെ അതിജീവിക്കാനാകുമെന്നു പ്രതീക്ഷിക്കാം.
ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്പുതന്നെ താൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്നും അമേരിക്കയുടെ സുവർണകാലം വന്നെത്തിയെന്നും ഫ്ലോറിഡയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത ട്രംപ് പ്രഖ്യാപിച്ചു. വേദിയിലുണ്ടായിരുന്ന ഭാര്യ മെലാനിയയെ "ഫസ്റ്റ് ലേഡി' എന്ന് അഭിസംബോധന ചെയ്ത അദ്ദേഹം ജെ.ഡി. വാൻസ് വൈസ് പ്രസിഡന്റായിരിക്കുമെന്നും പറഞ്ഞു. അതാണ് ട്രംപ്. പരാജയത്തെ അംഗീകരിക്കാനുള്ള കാലതാമസം വിജയത്തിന്റെ കാര്യത്തിൽ ഒട്ടുമില്ല. ഔദ്യോഗിക ഫലപ്രഖ്യാപനം ജനുവരി ആറിനാണ്.
റിയൽ എസ്റ്റേറ്റ് ബിസിനസുകാരനും മുൻ ടെലിവിഷൻ അവതാരകനും ഇതുവരെയുള്ള പ്രസിഡന്റുമാരിൽ ഏറ്റവും സന്പന്നനും മുൻ പ്രസിഡന്റുമായ ട്രംപ് ജനുവരി 20ന് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. സർവേ ഫലങ്ങൾ അവസാനനിമിഷത്തിലും ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസിനെയും ട്രംപിനെയും ഒപ്പത്തിനൊപ്പമെന്നു നിരീക്ഷിച്ചെങ്കിലും ചാഞ്ചാട്ട സംസ്ഥാനങ്ങൾ ട്രംപിനെ തുണച്ചു. ഒരു വനിത അമേരിക്കൻ പ്രസിഡന്റാകാനുള്ള സാധ്യതയെ അമേരിക്കൻ ജനത ഗൗനിച്ചില്ലെന്നുകൂടി വിലയിരുത്തലുണ്ട്. ഗർഭഛിദ്രത്തിന് സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള കമല ഹാരിസിന്റെ നിലപാടുകൾക്കു ഡെമോക്രാറ്റുകളിലെ ഇടതുപക്ഷം കൊടുത്ത പ്രാധാന്യം അമേരിക്കയിലെ വനിതകൾ പൊതുവേ കൊടുത്തില്ല.
ഇന്ത്യയുമായുള്ള ബന്ധത്തിൽ കുടിയേറ്റം, വ്യാപാരം, സൈനിക ബന്ധങ്ങൾ എന്നിവയാണ് മുഖ്യം. അനധികൃത കുടിയേറ്റം തടയുമെന്ന ട്രംപിന്റെ നിലപാട്, അധികൃത കുടിയേറ്റക്കാരെയും ഇതിനോടകം കുടിയേറിയവരെയും ബാധിച്ചേക്കാമെന്ന ആശങ്ക ഇന്ത്യക്കാർക്കിടയിൽ നിലനിൽക്കുന്നുണ്ട്. പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കുന്ന കാര്യത്തിലും കുടിയേറിയവരുടെ കുടുംബാംഗങ്ങളെ ജോലി ചെയ്യാൻ അനുവദിക്കുന്ന കാര്യത്തിലും ഗ്രീൻ കാർഡ്-പൗരത്വ നയങ്ങളിലുമൊക്കെ തടസമുണ്ടാകാനുള്ള സാധ്യതയാണ് പ്രധാനം. അതിർത്തികൾ പൂർണമായും അടയ്ക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചുകഴിഞ്ഞു.
അനധികൃത കുടിയേറ്റക്കാർ കുറ്റവാളികളാണെന്ന ട്രംപിന്റെ നിലപാടിനു പിന്തുണ ലഭിച്ചതിനു പിന്നിൽ അമേരിക്കക്കാരുടെ മുസ്ലിം തീവ്രവാദ വിരുദ്ധതയുമുണ്ട്. തീവ്രവാദ പശ്ചാത്തലമുള്ള മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ളവരെ തടയാൻ കഴിഞ്ഞ ഭരണകാലത്ത് ട്രംപ് നടപടിയെടുത്തിരുന്നു. ഇത്തവണയും അക്കാര്യത്തിൽ മാറ്റമുണ്ടാകാനിടയില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പല യൂറോപ്യൻ രാജ്യങ്ങളും കുടിയേറ്റനയം പരിഷ്കരിച്ചതും തീവ്രവാദം ചെറുക്കാനായിരുന്നു.
വ്യാപാരത്തിലും റഷ്യയുമായുള്ള ഇന്ധന ഇടപാടുകളിലുമൊക്കെ ട്രംപ് ഇന്ത്യയെ പരിഗണിച്ചുകൊണ്ടിരിക്കും എന്നു പ്രതീക്ഷിക്കുകയല്ല, നയതന്ത്രമാർഗങ്ങളാൽ അതിനുള്ള സാധ്യത വർധിപ്പിക്കുകയാണു വേണ്ടത്. താൻ അധികാരത്തിൽ വന്നാൽ ഇന്ത്യ ഉയർന്ന വ്യാപാര താരിഫ് നേരിടേണ്ടി വന്നേക്കുമെന്ന ട്രംപിന്റെ ഇക്കഴിഞ്ഞ സെപ്റ്റംബറിലെ മുന്നറിയിപ്പ് തള്ളിക്കളയേണ്ടതില്ല. അമേരിക്കയുമായുള്ള വ്യാപാരത്തിൽ ഇന്ത്യയെ"ബിഗ് ട്രേഡ് അബ്യൂസർ' (ഏറെ ദുരുപയോഗം ചെയ്യുന്നയാൾ) എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
ഐടി, ഫാർമസി, ടെക്സ്റ്റൈൽസ് മേഖലകളിലെ കയറ്റുമതിയെ ട്രംപിന്റെ നടപടികൾ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പാക്കാനുള്ള തന്ത്രങ്ങൾ ഇന്ത്യ ആവിഷ്കരിക്കേണ്ടതുണ്ട്. സൈനിക കൂട്ടുകെട്ടും പ്രധാനമാണ്. ചൈന ഉയർത്തുന്ന ഭീഷണികൾ തടയാൻ ഇന്ത്യക്ക് ഏറ്റവും ആശ്രയിക്കാവുന്നത് അമേരിക്കയെ ആയിരിക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്. ദക്ഷിണേഷ്യയിലെ സൈനിക താത്പര്യങ്ങൾക്ക് അമേരിക്കയ്ക്ക് ഇന്ത്യയെയും ആവശ്യമുണ്ട്. അതൊക്കെ വ്യാപാരമേഖലയിലെ വിലപേശലിന് ഇന്ത്യക്ക് അവസരമാക്കാനാകും.
സ്വന്തം താത്പര്യങ്ങൾക്കു മുൻഗണന കൊടുത്തും ഒപ്പമുള്ളവരുടെ താത്പര്യങ്ങളെ മാനിച്ചും നീങ്ങുന്നതിലാണ് നയതന്ത്ര വിജയം. ട്രംപാണോ ബൈഡനാണോ എന്നതല്ല, അമേരിക്കൻ പ്രസിഡന്റാണോ എന്നതാണ് കാര്യം; നമുക്ക് അവഗണിക്കാനാവില്ല. അപ്പോൾ പിന്നെ ഒപ്പം നിർത്തുകതന്നെ. "മൈ ഫ്രണ്ട്’ എന്ന പഴയ അഭിസംബോധന ആവർത്തിച്ച് ട്രംപിനെ അനുമോദനം അറിയിച്ച മോദിക്ക് അമേരിക്കയെ ഫ്രണ്ടാക്കി നിലനിർത്താനാകണം.