ശ്രേഷ്ഠ നായകാ ആദരപൂർവം വിട
Friday, November 1, 2024 9:54 PM IST
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ വിശ്വാസം സംരക്ഷിച്ചുകൊണ്ട് സംവത്സരങ്ങൾ വിശ്രമമില്ലാതെ ഓടി, നല്ല ഓട്ടം പൂർത്തിയാക്കിയിരിക്കുന്നു. ഇനി യാക്കോബായ സുറിയാനി സഭയുടെ സ്വർഗീയ മധ്യസ്ഥൻ.
യാക്കോബായ സുറിയാനി സഭയെ ജീവനു തുല്യം സ്നേഹിക്കുകയും രണ്ടു പതിറ്റാണ്ട് നയിക്കുകയും ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലയവനികയ്ക്കു പിന്നിലേക്കു മാറിയിരിക്കുന്നു. ബാവയുടെ വിയോഗം സൃഷ്ടിച്ച ദുഃഖവും ശൂന്യതയും ചെറുതല്ല. പുത്തൻകുരിശ് മാര്‍ അത്തനേഷ്യസ് കത്തീഡ്രലിലെ കബറിടത്തിൽ അദ്ദേഹത്തിന്റെ ഭൗതികദേഹം ഇന്നു സംസ്കരിക്കും.
പക്ഷേ, കഠിനാധ്വാനത്തിലും സഭാ സ്നേഹത്തിലും അദ്ദേഹം താണ്ടിയ ദുർഘടപാതകളുടെ ചരിത്രസ്മരണകൾക്കു മരണമില്ല. പ്രതിസന്ധിയുടെ കാലത്ത് ശ്രേഷ്ഠ കാതോലിക്കയായി സഭയെ നയിക്കാനായിരുന്നു ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിയോഗം. 1958ൽ മഞ്ഞനിക്കര ദയറായില്‍ ഫാ. സി.എം. തോമസ് ചെറുവിള്ളില്‍ എന്ന പേരില്‍ വൈദികപട്ടം സ്വീകരിച്ചതു മുതൽ ജീവിതം സഭയ്ക്കുവേണ്ടിയായിരുന്നു.
പിന്നീടുള്ള ആറര പതിറ്റാണ്ട് നിസാരമായ കാലയളവല്ല. വിവിധ പള്ളികളില്‍ വികാരിയായി സേവനം ചെയ്തു. വിശ്വാസികളുടെയും ഇതര മതസ്ഥരുടെയുമൊക്കെ ജീവിതാവസ്ഥകളെ അടുത്തറിയാൻ സ്വന്തം ജീവിതയാത്രയിൽ പിന്നിട്ട കഠിനവഴികളും അദ്ദേഹത്തെ സഹായിച്ചു. നാലാം ക്ലാസിൽ രണ്ടുവട്ടം തോറ്റതോടെ പഠനം നിർത്തി അഞ്ചലോട്ടക്കാരനായി.
ഒരു തോൾസഞ്ചിയിൽ കത്തുകൾ ഉൾപ്പെടെയുള്ള തപാൽ ഉരുപ്പടികളുമായി ഓടിയെത്തിയിരുന്നയാളായിരുന്നു അഞ്ചലോട്ടക്കാരൻ; പഴയ പോസ്റ്റ്മാൻ. പുത്തൻകുരിശു മുതൽ തൃപ്പൂണിത്തുറ വരെ ആ തപാൽക്കാരൻ ഓടി. പക്ഷേ, സെമിനാരിയിൽ ചേർന്നതു മുതൽ അവസാന ദിവസം വരെ അദ്ദേഹം സഭയുടെ അഞ്ചലോട്ടക്കാരനായിരുന്നു.
സഭയ്ക്കുവേണ്ടി ദൈവത്തിനും സമൂഹത്തിനും സർക്കാരിനും കോടതികൾക്കുമിടയിൽ സന്ദേശങ്ങളും ഉത്തരവുകളും വിധിപ്പകർപ്പുകളുമായി ഓടിക്കൊണ്ടേയിരുന്നു. സർക്കാരിന്റെ കാക്കിയുടുപ്പിനും തലേക്കെട്ടിനും പകരം നല്ലിടയന്റെ വേഷം! 1974 ഫെബ്രുവരി 24ന് മെത്രാപ്പോലീത്തയായപ്പോൾ ചുമതലയും വർധിക്കുകയായിരുന്നു. 1999ൽ എപ്പിസ്കോപ്പല്‍ സൂനഹദോസ് പ്രസിഡന്റായി.
അഖില മലങ്കര പള്ളി പ്രതിപുരുഷ യോഗം അദ്ദേഹത്തെ കാതോലിക്കാ ബാവയും മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയുമായി തെരഞ്ഞെടുത്തു. 2002 ജൂലൈ 26ന് ഡമാസ്കസിലെ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പാത്രിയാര്‍ക്കാ കത്തീഡ്രലില്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ അദ്ദേഹത്തെ ശ്രേഷ്ഠ കാതോലിക്കയായി വാഴിച്ചു. മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ എന്ന പേര് സ്വീകരിച്ചു.
17 വര്‍ഷം മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയായും സേവനം ചെയ്തു. സഭാ തർക്കങ്ങളും കോടതി വ്യവഹാരങ്ങളും പോലീസ് ഇടപെടലുകളും അറസ്റ്റും ജയിൽവാസവുമൊന്നും തളർത്തിയില്ലെങ്കിലും സുപ്രീംകോടതി വിധിയെത്തുടർന്ന് പള്ളികൾ വിട്ടുകൊടുക്കേണ്ട സ്ഥിതിയുണ്ടായത് അദ്ദേഹത്തെ ദുഃഖിതനാക്കിയിരുന്നു. 650 കേസുകളിൽ പ്രതിയായിരുന്നെങ്കിലും വാദിയായി ഒരു കേസുപോലുമില്ലെന്നാണ് അറിയുന്നത്.
സഭാതർക്കങ്ങൾ നിലനിൽക്കുന്പോഴും സൗഹൃദങ്ങളെയും സാഹോദര്യത്തെയും വിലമതിച്ചു. ശ്രേഷ്ഠത വിശേഷണത്തിൽ മാത്രമല്ല, പ്രവൃത്തിയിലും തിളങ്ങിയിരുന്നു. 2019 മേയ് ഒന്നിന് ആരോഗ്യ കാരണങ്ങളാൽ ഭരണച്ചുമതലകളിൽനിന്ന് ഒഴിഞ്ഞെങ്കിലും ആത്മീയ നേതൃസ്ഥാനത്ത് തുടരുകയായിരുന്നു.
അഞ്ചലോട്ടക്കാരൻ ദിവസവും എട്ടു മണിക്കൂർ ഓടണമെന്നായിരുന്നു വ്യവസ്ഥ. പിന്നീട് ചുമതല അടുത്തയാൾക്കു കൈമാറും. അതേ, ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ വിശ്വാസം സംരക്ഷിച്ചുകൊണ്ട് സംവത്സരങ്ങൾ സമയപരിധിയില്ലാതെ ഓടി, നല്ല ഓട്ടം പൂർത്തിയാക്കിയിരിക്കുന്നു.
ബസേലിയോസ് തോമസ് പ്രഥമൻ ബാവ സ്ഥാപിച്ച പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളുമൊക്കെ എല്ലാ മനുഷ്യരുടെയും ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്കുവേണ്ടി ഇനിയുമുണ്ടാകും. യാക്കോബായ സഭയുടെ പുത്തൻകുരിശിലെ ആസ്ഥാന മന്ദിരത്തിലും ആ നായകന്റെ മുദ്രയുണ്ട്. വിശ്വാസികളുടെ മാത്രമല്ല, കണ്ടും കേട്ടുമറിഞ്ഞവരുടെയെല്ലാം ഹൃദയത്തിലും സ്ഥാനമുറപ്പിച്ച ശ്രേഷ്ഠ നായകന് ദീപികയും ആദരവോടെ വിട ചൊല്ലുന്നു.