കേന്ദ്ര നിലപാട്കണ്ണിൽ ചോരയില്ലാത്തത്
Friday, November 15, 2024 10:31 PM IST
നേരിട്ടു കണ്ട ദുരന്തത്തിന്റെ ആഴവും ദുരിതബാധിതരുടെ വേദനയും പ്രധാനമന്ത്രിയെ തെല്ലെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ വയനാട്ടിലെ ജനങ്ങളോട് കരുണ കാട്ടണം. മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവന്തിക എന്ന ബാലികയെ തൊട്ടുതലോടി ആശ്വസിപ്പിച്ച കരങ്ങൾക്ക് അതിനു കരുത്തുണ്ടാകണം.
“കേരളത്തിനൊപ്പമുണ്ടാകും, പണം തടസമാകില്ല, സഹായം ലഭ്യമാക്കും.” മൂന്നു മാസം മുമ്പ് വയനാട്ടിലെ ദുരിതബാധിതരോടു പറഞ്ഞ ഈ ആശ്വാസ വാക്കുകൾ പ്രധാനമന്ത്രി മറന്നോ? ദുരന്തത്തിനിരയായവരെ രാജ്യം ചേർത്തുപിടിക്കുമെന്നു കരുതിയവരെ വിഡ്ഢികളാക്കുകയാണോ? കണ്ണിൽ ചോരയില്ലാത്തതും രാഷ്ട്രീയ പകപോക്കലെന്ന് സംശയിക്കാവുന്നതുമാണ് കേന്ദ്രസർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. കേരളക്കര ഒന്നാകെ കടുത്ത പ്രതിഷേധത്തിലാണ്.
നേരിട്ടു കണ്ട ദുരന്തത്തിന്റെ ആഴവും ദുരിതബാധിതരുടെ വേദനയും പ്രധാനമന്ത്രിയെ തെല്ലെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ വയനാട്ടിലെ ജനങ്ങളോട് കരുണ കാട്ടണം. മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവന്തിക എന്ന ബാലികയെ തൊട്ടുതലോടി ആശ്വസിപ്പിച്ച കരങ്ങൾക്ക് അതിനു കരുത്തുണ്ടാകണം. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവരെ കൈയൊഴിയരുത്.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയുടെ നിലപാട് വിവേചനപരവും നീതിരഹിതവുമാണ്. 1,500 കോടി രൂപ അനുവദിക്കണമെന്നും ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്കു നൽകിയ നിവേദനത്തിലാണ് കേന്ദ്രസർക്കാർ ഇത്തരമൊരു നിലപാടെടുത്തിരിക്കുന്നത്. ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രത്യേക കേന്ദ്രസഹായം ഉണ്ടാകില്ലെന്ന സൂചനയാണ് ഇതിൽ വ്യക്തമാകുന്നത്. കേരളത്തിന് ഈ സാമ്പത്തികവർഷം സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് 388 കോടി രൂപ നൽകിയിട്ടുണ്ടെന്നാണ് നിത്യാനന്ദ റായിയുടെ വിശദീകരണം. ഇതിൽ 291.20 കോടി കേന്ദ്ര വിഹിതവും 98.8 കോടി സംസ്ഥാന വിഹിതവുമാണ്.
ഏപ്രിൽ ഒന്നിലെ കണക്കനുസരിച്ച് സംസ്ഥാന ദുരന്തനിവാരണ നിധിയിൽ 394.99 കോടി രൂപ ബാക്കിയുണ്ടെന്ന അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ടും മന്ത്രി ഉദ്ധരിക്കുന്നു. എന്നാൽ, ദുരന്തനിവാരണ നിയമമനുസരിച്ച് കേന്ദ്രസർക്കാർ വർഷംതോറും നൽകേണ്ട തുക മാത്രമാണിത്. മുണ്ടക്കൈ-ചൂരൽമല ദുരന്തം സംഭവിച്ചില്ലായിരുന്നെങ്കിലും ഈ തുക കേരളത്തിനു കിട്ടുകയും ചെയ്യും. ഇവിടെയാണ് പ്രധാനമന്ത്രിയുടെ ആശ്വാസവാക്കുകളുടെ പൊള്ളത്തരം വെളിവാകുന്നത്.
കേരളത്തിലും, പ്രത്യേകിച്ച് വയനാട്ടിലും രാഷ്ട്രീയമായി നേട്ടമില്ലാത്തതാണോ കേന്ദ്രസർക്കാരിന്റെ ഈ നിലപാടിനു പിന്നിലെന്ന് ന്യായമായും സംശയമുയരുന്നുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഉദാരസമീപനമാണ് കേന്ദ്രസർക്കാരിനുള്ളത് എന്നതിന് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനാകും. എന്നാൽ, ഇത്തരം രാഷ്ട്രീയ പരിഗണനയിൽ ദുരന്തമുഖത്തുള്ളവരെ അവഗണിക്കുന്നത് ഒരു ഭരണാധികാരിക്കും ഭൂഷണമല്ലെന്ന് ഓർമിപ്പിക്കട്ടെ. കേരളത്തെപ്പോലെ സാമ്പത്തിക പ്രതിസന്ധിയിലുള്ള ഒരു സംസ്ഥാനത്തിനു മാത്രം താങ്ങാനാവുന്നതല്ല വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം വലിയ പ്രതീക്ഷയാണ് നൽകിയിരുന്നത്.
സങ്കുചിത വീക്ഷണം ഇക്കാര്യത്തിൽ ഉണ്ടാകില്ലെന്നാണ് ഏവരും കരുതിയിരുന്നതും. ഇപ്പോഴത്തെ കേന്ദ്ര നിലപാട് സൃഷ്ടിച്ചിരിക്കുന്നത് കടുത്ത നിരാശയാണ്. സംസ്ഥാനത്തുനിന്നുള്ള എംപിമാരും മലയാളികളായ കേന്ദ്രമന്ത്രിമാരും സംസ്ഥാന സർക്കാരും വലിയ സമ്മർദം ചെലുത്തേണ്ട അവസരമാണിത്.
ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിൽ മറഞ്ഞവരുടെ മൃതദേഹങ്ങൾപോലും പൂർണമായി വീണ്ടെടുക്കാനായിട്ടില്ല. എത്രപേർ മരിച്ചെന്നു കൃത്യമായി തിട്ടപ്പെടുത്താനും കഴിഞ്ഞിട്ടില്ല. ഇത്തരത്തിൽ അതീവ സങ്കടകരമായ ദുരന്തത്തിന്റെ കഷ്ടതകളെല്ലാം പേറുന്നവരെ പരിഹസിക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ ഇപ്പോഴത്തെ നിലപാട് എന്നു പറയേണ്ടിവരുന്നതിൽ അതിയായ ഖേദമുണ്ട്. ജീവൻ മാത്രം അവശേഷിക്കുന്നവർക്കാണ് വാഗ്ദാനങ്ങൾ നൽകിയതെന്ന് പ്രധാനമന്ത്രിക്ക് ഓർമയുണ്ടാകണം.
ഓഗസ്റ്റ് പത്തിന് വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങളിലെ ഉരുൾപൊട്ടൽ മേഖലയിലുണ്ടായ നാശനഷ്ടങ്ങൾ നേരിട്ടു കാണുകയും ദുരിതബാധിതരെ സന്ദർശിക്കുകയും ചെയ്തശേഷം വയനാട് കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞത് പാഴ്വാക്കായി മാറരുത്. മുടന്തൻ ന്യായങ്ങളൊന്നും നിരത്തരുത്. വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല, കോഴിക്കോട്ടെ വിലങ്ങാട് പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരെ സഹായിക്കാൻ പ്രത്യേക കേന്ദ്രസഹായം നൽകണം.
ദുരിതബാധിതരുടെ പുനരധിവാസം എങ്ങുമെത്തിയിട്ടില്ല. അവരെ തെരുവിലറക്കി സമരത്തിനു പ്രേരിപ്പിക്കുന്നത് ഉരുൾപൊട്ടലിനേക്കാൾ വലിയ ദുരന്തമായിരിക്കും. ലോകമാകെ അവരോടു സഹാനുഭൂതി പ്രകടിപ്പിച്ചതാണ്. അവരെ രാഷ്ട്രീയ പകപോക്കലിന് ഇരകളാക്കരുത്. കരയാൻ കണ്ണീരുപോലുമില്ലാത്ത നിസഹായരായ അവരോട് പറഞ്ഞതൊന്നും കാപട്യമാകരുത്. ന്യായമായ പുനരധിവാസം ഔദാര്യമല്ല, അതവരുടെ അവകാശമാണ്. അതു നിഷേധിക്കരുത്.