കോഹ്ലി പഞ്ച്
Monday, April 21, 2025 2:26 AM IST
പഞ്ചാബ്: വിരാട് കോഹ്ലിയുടെ മിന്നും ബാറ്റിംഗ് മികവിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് അഞ്ചാം ജയം. ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്ത ബംഗളൂരുവിന്റെ തീരുമാനം ശരിവച്ച് പഞ്ചാബിനെ 157 റണ്‍സിൽ ബൗളർമാർ വരിഞ്ഞുമുറുക്കി.
മറുപടി ബാറ്റിംഗിൽ കോഹ്ലിക്കൊപ്പം ദേവ്ദത്ത് പടിക്കലിന്റെ അർധസെഞ്ചുറി മികവിൽ ബംഗളൂരു ഏഴ് പന്ത് ശേഷിക്കേ ഏഴ് വിക്കറ്റ് ജയം നേടി. കോഹ്ലിയാണ് കളിയിലെ താരം. സ്കോർ: പഞ്ചാബ്: 20 ഓവറിൽ 157/6. ബംഗളൂരു: 18.5 ഓവറിൽ 159/3.
തുടക്കം മുതലാക്കിയില്ല:
മികച്ച തുടക്കം ലഭിച്ചെങ്കിലും ബാറ്റർമാർ മികവ് പുലർത്താതിരുന്നതോടെ പഞ്ചാബ് സ്കോർ ചലനം മന്ദഗതിയിലായി. പ്രിയാൻഷ് ആര്യ (22), പ്രഭ്സിമ്രാൻ സിംഗ് (33) ഓപ്പണിംഗ് കൂട്ടുകെട്ട് 4.2 ഓവറിൽ 42 റണ്‍സിൽ എത്തിച്ചു. ശ്രേയസ് അയ്യർ (ആറ്), നെഹാൽ വദേര (അഞ്ച്), മാർകസ് സ്റ്റോയിനിസ് (ഒന്ന്) എന്നിവർ നിരാശപ്പെടുത്തി.
ജോസ് ഇംഗ്ലിസ് (29), ശശാങ്ക് സിംഗ് (31), മാർകോ ജാൻസണ് (25) എന്നിവർ പൊരുതി നോക്കിയെങ്കിലും സ്കോർ അതിവേഗം ഉയർത്താൻ പരാജയപ്പെട്ടു. ക്രുണാൽ പാണ്ഡ്യ, സുയാഷ് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതവും റൊമാരിയോ ഷെഫേർഡ് ഒരു വിക്കറ്റും ബംഗളൂരുവിനായി വീഴ്ത്തി.
റണ്‍ മെഷീൻ:
മറുപടി ബാറ്റിംഗിൽ സ്കോർ ആറിൽ നിൽക്കേ ഫിൽ സോൾട്ടിന്റെ (ഒന്ന്) വിക്കറ്റ് വീഴ്ത്തി പഞ്ചാബ് ശക്തി കാണിച്ചു. എന്നാൽ വിരാട് കോഹ്ലി (പുറത്താകാതെ 54 പന്തിൽ 73 റണ്‍സ്), ദേവ്ദത്ത് പടിക്കൽ (35 പന്തിൽ 61 റണ്‍സ്) കൂട്ടുകെട്ട് അടിച്ചുതകർത്ത് മുന്നേറി.
103 റണ്‍സിന്റെ കൂട്ടുകെട്ട് ജയത്തിനരികെ എത്തിച്ചു. രജത് പട്ടീദാര്‍ (12) പരാജയപ്പെട്ടെങ്കിലും ജിതേഷ് ശർമ (11)യെ ഒപ്പംകൂട്ടി കോ ഹ്ലി കളി ജയിപ്പിച്ചു. ജയത്തോടെ എട്ട് മത്സരത്തിൽനിന്ന് അഞ്ച് ജയവും മൂന്ന് തോൽവിയുമായി 10 പോയിന്റ് നേട്ടത്തോടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബംഗളൂരു.