18-ാം സീസണ് ഐപിഎല്ലിനു നാളെ തുടക്കം
Thursday, March 20, 2025 11:01 PM IST
ഐസിസി ലോകകപ്പുകൾക്കുശേഷം ലോകത്തിലെ ഏറ്റവും വീറും വാശിയുമുള്ള ഐപിഎൽ പോരാട്ടത്തിന്റെ 18-ാം സീസണിനു നാളെ കൊടിയേറ്റ്. അതോടെ ഇന്ത്യയിലെ 13 സ്റ്റേഡിയങ്ങളും നഗരങ്ങളും പൂരപ്പറന്പാകും... തല്ലിത്തീർത്തും എറിഞ്ഞിട്ടും ട്രോഫിയിലേക്കുള്ള ജൈത്രയാത്രയ്ക്കിടെ പലരും വീഴും ചിലർ വാഴും...
അതെ, ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ലോകത്തിനു മുന്നിൽ സ്വകാര്യ അഹങ്കാരമാക്കിമാറ്റിയ ഐപിഎൽ 2025 സീസണിന്റെ ഉദ്ഘാടനം നാളെ കോൽക്കത്ത ഈഡൻ ഗാർഡൻസിൽ. നിലവിലെ ചാന്പ്യന്മാരായ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് കഴിഞ്ഞ 17 തവണയും കപ്പിലേക്കടുക്കാത്ത റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. രാത്രി 7.30നാണ് ചരിത്രമുറങ്ങുന്ന ഈഡൻ ഗാർഡൻസിൽ ഈ സൂപ്പർ ഓപ്പണർ.
13 നഗരങ്ങൾ, 74 മത്സരം
13 നഗരങ്ങളിലെ സ്റ്റേഡിയങ്ങളിലായി മാർച്ച് 22 മുതൽ മേയ് 25 വരെയാണ് 18-ാം സീസണ് ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി-20 ആഘോഷം. ഫൈനൽ അടക്കം 74 മത്സരങ്ങൾ ടൂർണമെന്റിൽ അരങ്ങേറും. മേയ് 20 മുതലാണ് പ്ലേ ഓഫ് മത്സരങ്ങൾ. മുൻസീസണുകളിലെ പോലെ ലീഗ് റൗണ്ടിൽ പോയിന്റ് പട്ടികയിൽ ആദ്യ നാലു സ്ഥാനക്കാർ പ്ലേ ഓഫിലേക്കെത്തും. ക്വാളിഫയർ രണ്ട്, ഫൈനൽ പോരാട്ടങ്ങൾക്കും കോൽക്കത്ത വേദിയാകും.
ഫോർമാറ്റ് ഇങ്ങനെ
കഴിഞ്ഞ സീസണിലേതുപോലെ രണ്ടു ഗ്രൂപ്പ് തിരിച്ചാണ് ലീഗ് റൗണ്ട്. ഓരോ ഗ്രൂപ്പിലെയും മറ്റു നാലു ടീമുകളുമായും ഹോം, എവേ എന്നിങ്ങനെ രണ്ടു മത്സരങ്ങൾ വീതം കളിക്കും. എതിർ ഗ്രൂപ്പിൽ സ്വന്തം റോയിലുള്ള ടീമുമായും രണ്ടും മത്സരങ്ങളുണ്ട്. എതിർ ഗ്രൂപ്പിൽ ശേഷിക്കുന്ന നാലു ടീമുകളുമായി ഓരോ തവണ വീതവും ഏറ്റുമുട്ടും.
നാടെങ്ങും ആഘോഷം
മുൻസീസണുകളിൽ ഉദ്ഘാടന ദിനവും ഫൈനൽദിനവും മാത്രമായിരുന്നു കലാപരിപാടികളും ആഘോഷങ്ങളും നടന്നിരുന്നത്. എന്നാൽ, 2025 സീസണിൽ അതിൽ മാറ്റംവരുത്തിയിട്ടുണ്ട്. ഐപിഎല്ലിനു വേദിയാകുന്ന 13 വേദികളിലെയും ആദ്യ മത്സരത്തിനു മുന്പ് ആഘോഷ പരിപാടികൾ അരങ്ങേറും. ഗ്രാൻഡ് ഓപ്പണിംഗ് നാളെ കോൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കും. സൂപ്പർ ഗായിക ശ്രേയ ഘോഷാൽ, ബോളിവുഡ് നടി ദിഷ പട്ടാണി, റാപ്പർ കരണ് ഔജ്ല തുടങ്ങിയവർ ഉദ്ഘാടനം കളറാക്കും.
ഉമിനീർ ഉപയോഗിക്കാം
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ബൗളർമാർ പന്തിന്റെ തിളക്കം കൂട്ടാനായി ഉമിനീർ ഉപയോഗിക്കരുതെന്ന നിർദേശത്തിനും 2025 ഐപിഎൽ സീസണിൽ വിരാമം. മുംബൈയിൽ ഇന്നലെ നടന്ന ടീം ക്യാപ്റ്റന്മാരുടെ യോഗത്തിൽ ഈ നിയമം അസാധുവാക്കി. ബൗളർമാർക്കു സഹായകമാകുന്ന തീരുമാനമാണിത്.
നിയമം ഐസിസിയുടേത്
ഐസിസി പെരുമാറ്റച്ചട്ടത്തിനു കീഴിൽ നടക്കുന്ന ആദ്യ ഐപിഎൽ സീസണ് ആണ് ഇത്തവണത്തേത്. മുൻകാലങ്ങളിൽ ഐപിഎല്ലിന്റെ സ്വന്തം പെരുമാറ്റച്ചട്ടമായിരുന്നു. ഐസിസി അംഗീകരിച്ച പിഴകളായിരിക്കും 2025 ഐപിഎൽ സീസണ് മുതൽ മുന്നോട്ട് ഉണ്ടാകുക.
അതേസമയം, ഐപിഎല്ലിൽ ചില പ്രത്യേക നിബന്ധനകൾ ബിസിസിഐ മുന്നോട്ടുവച്ചിട്ടുണ്ട്. പരിശീല, മത്സര ദിനങ്ങളിൽ ടീം ബസിൽ എല്ലാ കളിക്കാരും യാത്ര ചെയ്യണം.
സുഹൃത്തുക്കൾ, കുടുംബങ്ങൾ തുടങ്ങിയവർ കളിക്കാർക്കൊപ്പം യാത്ര ചെയ്യാൻ പാടില്ല. കളിക്കാരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മത്സരത്തിനു മുന്പും ശേഷവും പ്ലെയേഴ്സ്, മാച്ച് ഒഫീഷൽസ് ഏരിയയിൽ പ്രവേശനമില്ല... എന്നിങ്ങനെ പുതിയ പല പരിഷ്കാരങ്ങളും നിർദേശങ്ങളും 2025 സീസണിലുണ്ട്.
എന്തുതന്നെ സംഭവിച്ചാലും തങ്ങളുടെ ടീം ജയിക്കുന്നതിനായി നിറങ്ങളിൽ നീരാടി, പതാകയേന്തി, ജഴ്സി അണിഞ്ഞ് ആർപ്പുവിളിയുമായി ആരാധകർ ഗാലറിയിലും തെരുവോരങ്ങളിലും നിറയും... അതെ, നാളെ മുതൽ ഇന്ത്യൻ ക്രിക്കറ്റിനിനു പൊടിപൂര ഐപിഎൽ ദിനങ്ങൾ...
ഐപിഎൽ ഗ്രൂപ്പ്
ഗ്രൂപ്പ് എ
ചെന്നൈ സൂപ്പർ കിംഗ്സ്
നൈറ്റ് റൈഡേഴ്സ്
രാജസ്ഥാൻ റോയൽസ്
റോയൽ ചലഞ്ചേഴ്സ്
പഞ്ചാബ് കിംഗ്സ്
ഗ്രൂപ്പ് ബി
മുംബൈ ഇന്ത്യൻസ്
സണ്റൈസേഴ്സ്
ഗുജറാത്ത് ടൈറ്റൻസ്
ഡൽഹി ക്യാപ്പിറ്റൽസ്
ലക്നോ സൂപ്പർ ജയന്റ്സ്