പതിനെട്ടിലെ കപ്പിത്താന്മാർ
Tuesday, March 18, 2025 11:28 PM IST
ഭൂഗോളത്തിലെ ഏറ്റവും ഗ്ലാമർ ട്വന്റി-20 ക്രിക്കറ്റ് ലീഗായ ഐപിഎല്ലിന്റെ 18-ാം സീസണിനു ശനിയാഴ്ച തുടക്കം കുറിക്കുന്പോൾ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് ടീമുകളുടെ ക്യാപ്റ്റന്മാർതന്നെ. 2025 മെഗാ താര ലേലത്തിനുശേഷം ടീമുകളെല്ലാം ഉടച്ചുവാർക്കപ്പെട്ടതോടെ പഴയ ക്യാപ്റ്റന്മാരടക്കം പുതിയ താവളങ്ങളിലേക്കു ചേക്കേറി.
കഴിഞ്ഞ സീസണുകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട രണ്ടു ക്യാപ്റ്റന്മാരായിരുന്നു മുംബൈ ഇന്ത്യൻസിന്റെ ഹാർദിക് പാണ്ഡ്യയും ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഋതുരാജ് ഗെയ്ക്വാദും.
അഞ്ച് ഐപിഎൽ കിരീടത്തിൽ മുംബൈയെ എത്തിച്ച രോഹിത് ശർമയെ നീക്കിയായിരുന്നു ഫ്രാഞ്ചൈസി ഹാർദിക് പാണ്ഡ്യയെ കപ്പിത്താനാക്കിയത്. അതിന്റെ അസ്വാരസ്യം കളത്തിനുള്ളിലും പുറത്തും ആരാധകർക്കിടയിലും ഉണ്ടായെന്നതും ചരിത്രം. ക്യാപ്റ്റൻ എം.എസ്. ധോണിയുടെ പിന്മുറക്കാരനായി രവീന്ദ്ര ജഡേജയെ അവതരിപ്പിച്ചു പരാജയപ്പെട്ടശേഷമാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഋതുരാജിലേക്ക് എത്തിയത്. കഴിഞ്ഞ സീസണിൽ ഋതുരാജിന്റെ ക്യാപ്റ്റൻസി പ്രശംസ പിടിച്ചുപറ്റിയിരുന്നു.
2025 ഐപിഎല്ലിൽ ക്യാപ്റ്റൻസി അരങ്ങേറ്റം നടത്തുന്ന രണ്ടു പേരുണ്ട്. ഡൽഹി ക്യാപ്പിറ്റൽസിന്റെ അക്സർ പട്ടേലും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ രജത് പാട്ടിദാറും. അതുപോലെ പഴയ ചില ക്യാപ്റ്റന്മാർ പുതിയ ടീമുകളുടെ നായക സ്ഥാനത്തേക്കും എത്തി. കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അജിങ്ക്യ രഹാനെ, പഞ്ചാബ് കിംഗ്സിന്റെ ശ്രേയസ് അയ്യർ, ലക്നോ സൂപ്പർ ജയന്റ്സിന്റെ ഋഷഭ് പന്ത് എന്നിവർ ആ ഗണത്തിൽപ്പെടുന്നു.
സിഎസ്കെയിൽ ഗെയ്ക്വാദും മുംബൈയിൽ ഹാർദിക്കും രാജസ്ഥാൻ റോയൽസിൽ സഞ്ജു സാംസണും സണ്‍റൈസേഴ്സ് ഹൈദരാബാദിൽ പാറ്റ് കമ്മിൻസും ഗുജറാത്ത് ടൈറ്റൻസിൽ ശുഭ്മാൻ ഗില്ലും ക്യാപ്റ്റൻസിയിൽ ഇത്തവണയും തുടരും.
ഐപിഎൽ 2025 സീസണിലെ 10 ക്യാപ്റ്റന്മാരും അവരുടെ ക്യാപ്റ്റൻസി പ്രകടനവും ഇതുവരെ:
ഋതുരാജ് (ചെന്നൈ സൂപ്പർ കിംഗ്സ്)
2024 ഐപിഎൽ സീസണിലാണ് ഋതുരാജ് ഗെയ്ക്വാദ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻസിയിലേക്കെത്തിയത്. ഋതുരാജിന്റെ സിഎസ്കെ ക്യാപ്റ്റൻസി വിജയ ശതമാനം 50. മികച്ച ബാറ്ററായ ഋതുരാജ് ഇതുവരെ ഐപിഎല്ലിൽ 66 മത്സരങ്ങൾ കളിച്ചു. 136.86 സ്ട്രൈക്ക് റേറ്റിൽ 2380 റണ്‍സ് നേടി. രണ്ടു സെഞ്ചുറിയും 18 അർധസെഞ്ചുറിയും ഐപിഎൽ കരിയറിൽ ഋതുരാജിനുണ്ട്. 108 നോട്ടൗട്ടാണ് ഉയർന്ന സ്കോർ. ടോപ് ഓർഡർ ബാറ്റർ എന്ന നിലയിൽ തന്റെ കഴിവു വ്യക്തമാക്കുന്നതാണ് ഋതുരാജിന്റെ ബാറ്റിൽനിന്നു പിറന്ന 217 ഫോറും 91 സിക്സും.
ഋതുരാജ് ഗെയ്ക്വാദ്
ഐപിഎല്ലിൽ
ആകെ മത്സരം: 66
ക്യാപ്റ്റൻ: 14
ജയം: 07
തോൽവി: 07
ടൈ: 00
ഹാർദിക് (മുംബൈ ഇന്ത്യൻസ്)
കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻസിയിലേക്ക് എത്തിയെങ്കിലും ഹാർദിക് പാണ്ഡ്യക്കു കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. അതേസമയം, ഗുജറാത്ത് ടൈറ്റൻസിനെ ഒരുതവണ കിരീടത്തിലും ഒരു തവണ റണ്ണേഴ്സ് അപ്പുമാക്കിയ ചരിത്രം ക്യാപ്റ്റൻസിയിൽ ഹാർദിക്കിനുണ്ട്. 57.77 ആണ് ക്യാപ്റ്റൻ എന്ന നിലയിൽ ഹാർദിക് പാണ്ഡ്യയുടെ വിജയശതമാനം. പേസ് ഓൾറൗണ്ടറായ ഹാർദിക് ഇതുവരെ 137 ഐപിഎൽ മത്സരങ്ങൾ കളിച്ചു. 2525 റണ്‍സും 64 വിക്കറ്റും സ്വന്തമാക്കി. 69 ക്യാച്ചും ഹാർദിക്കിന്റെ പേരിലുണ്ട്.
ഹാർദിക് പാണ്ഡ്യ
ഐപിഎല്ലിൽ
ആകെ മത്സരം: 137
ക്യാപ്റ്റൻ: 45
ജയം: 26
തോൽവി: 19
ടൈ: 00
പന്ത് (ലക്നോ സൂപ്പർ ജയന്റ്സ്)
ഡൽഹി ക്യാപ്പിറ്റൽസിന്റെ ക്യാപ്റ്റൻസിയിൽനിന്നാണ് ഋഷഭ് പന്ത് ലക്നോ സൂപ്പർ ജയന്റ്സിന്റെ കപ്പിത്താനാക്കപ്പെടുന്നത്. വിക്കറ്റിനു മുന്നിലും പിന്നിലും മികച്ച പ്രകടനം ഈ കീപ്പർ ബാറ്റർ ഐപിഎല്ലിൽ കാഴ്ചവച്ചു. ഐപിഎല്ലിൽ ഇതുവരെ ആകെ 111 മത്സരങ്ങളിൽനിന്ന് 3284 റണ്‍സ് നേടി. 75 ക്യാച്ചും 23 സ്റ്റംപിംഗും വിക്കറ്റിനു പിന്നിൽ നടത്തി. 27 കോടി രൂപയ്ക്കാണ് മെഗാ താര ലേലത്തിൽ ലക്നോ ഋഷഭ് പന്തിനെ സ്വന്തമാക്കിയത്. ഇതോടെ പന്ത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരവുമായി.
ഋഷഭ് പന്ത്
ഐപിഎല്ലിൽ
ആകെ മത്സരം: 111
ക്യാപ്റ്റൻ: 43
ജയം: 23
തോൽവി: 19
ടൈ: 01
സഞ്ജു (രാജസ്ഥാൻ റോയൽസ്)
ഐപിഎല്ലിലെ ഏക മലയാളി ക്യാപ്റ്റനാണ് വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണ്. 2021 മുതൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ. 51.67 ആണ് സഞ്ജുവിന്റെ ക്യാപ്റ്റൻസി വിജയ ശതമാനം. വിക്കറ്റിനു മുന്നിലും പിന്നിലും മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവയ്ക്കുന്നത്. 2025 സീസണിൽ ഓപ്പണറുടെ റോളിലായിരിക്കും സഞ്ജു എത്തുക. ഐപിഎല്ലിൽ ഇതുവരെ 167 മത്സരങ്ങളിൽനിന്ന് 138.96 സ്ട്രൈക്ക് റേറ്റിൽ 4419 റണ്‍സ് നേടി. മൂന്നു സെഞ്ചുറിയും 25 അർധസെഞ്ചുറിയും ഉൾപ്പെടെയാണിത്. വിക്കറ്റിനു പിന്നിൽ 82 ക്യാച്ചും 16 സ്റ്റംപിംഗും നടത്തി.
സഞ്ജു സാംസൺ
ഐപിഎല്ലിൽ
ആകെ മത്സരം: 167
ക്യാപ്റ്റൻ: 61
ജയം: 31
തോൽവി: 29
ടൈ: 01
ശ്രേയസ് (പഞ്ചാബ് കിംഗ്സ്)
2024 സീസണിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലെത്തിച്ച ക്യാപ്റ്റനാണ് ശ്രേയസ് അയ്യർ. 2025 മെഗാ താര ലേലത്തിൽ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് ശ്രേയസിനെ സ്വന്തമാക്കി, ക്യാപ്റ്റനുമാക്കി. ഡൽഹി ക്യാപ്പിറ്റൽസിന്റെ ക്യാപ്റ്റനായ ചരിത്രവും ശ്രേയസിനു സ്വന്തം. ഐപിഎല്ലിൽ ഇതുവരെ ആകെ 115 മത്സരങ്ങൾ കളിച്ചു. 3127 റണ്‍സ് സ്വന്തമാക്കി. 49 ക്യാച്ചും ഫീൽഡിലുണ്ട്. 51.21 ആണ് ശ്രേയസിന്റെ ക്യാപ്റ്റൻസിയിൽ വിജയ ശതമാനം.
ശ്രേയസ് അയ്യർ
ഐപിഎല്ലിൽ
ആകെ മത്സരം: 115
ക്യാപ്റ്റൻ: 69
ജയം: 38
തോൽവി: 29
ടൈ: 02
ഗിൽ (ഗുജറാത്ത് ടൈറ്റൻസ്)
ഗുജറാത്ത് ടൈറ്റൻസിൽ ശുഭ്മാൻ ഗില്ലിനു ക്യാപ്റ്റനായുള്ള രണ്ടാം സീസണ്. ടോപ് ഓർഡർ ബാറ്റർ എന്ന നിലയിൽ സ്ഥിരതയാർന്ന പ്രകടനമാണ് ശുഭ്മാൻ ഗിൽ കാഴ്ചവയ്ക്കുന്നത്. ഐപിഎല്ലിൽ ഇതുവരെ ആകെ 103 മത്സരങ്ങൾ കളിച്ചു. 135.70 സ്ട്രൈക്ക് റേറ്റിൽ 3216 റണ്‍സ് നേടി. നാലു സെഞ്ചുറിയും 20 അർധസെഞ്ചുറിയും ഉൾപ്പെടെയാണിത്.
ശുഭ്മാൻ ഗിൽ
ഐപിഎല്ലിൽ
ആകെ മത്സരം: 103
ക്യാപ്റ്റൻ: 14
ജയം: 05
തോൽവി: 07
ടൈ: 02
കമ്മിൻസ് (സണ്‍റൈസേഴ്സ് ഹൈദരാബാദ്)
ഐപിഎൽ 2025 സീസണിലെ ഏക വിദേശ ക്യാപ്റ്റനാണ് ഓസ്ട്രേലിയയെ ഏകദിന ലോകകപ്പു നേട്ടത്തിലേക്കടക്കം നയിച്ച പാറ്റ് കമ്മിൻസ് എന്ന പേസർ. 2024 സീസണിലാണ് കമ്മിൻസ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റൻസിയിലെത്തിയത്. 57.14 ആണ് കമ്മിൻസിന്റെ ക്യാപ്റ്റൻസി വിജയ ശതമാനം. ബൗളിംഗിനൊപ്പം ബാറ്റിംഗും വഴങ്ങുന്ന കമ്മിൻസ് ഐപിഎല്ലിൽ ഇതുവരെ ആകെ 58 മത്സരങ്ങളിൽനിന്ന് 63 വിക്കറ്റും 515 റണ്‍സും നേടി.
പാറ്റ് കമ്മിൻസ്
ഐപിഎല്ലിൽ
ആകെ മത്സരം: 58
ക്യാപ്റ്റൻ: 14
ജയം: 08
തോൽവി: 06
ടൈ: 00
രഹാനെ (കോൽക്കത്ത നൈറ്റ് റൈഡേഴ്സ്)
2025 ഐപിഎല്ലിൽ ക്യാപ്റ്റൻസിയിൽ ഏറ്റവും മോശം റിക്കാർഡുള്ള കളിക്കാരനാണ് അജിങ്ക്യ രഹാനെ. 36 ശതമാനം മാത്രമാണ് രഹാനെയുടെ ക്യാപ്റ്റൻസിയിലെ വിജയ ശതമാനം. രാജസ്ഥാൻ റോയൽസ്, റൈസിംഗ് പൂന സൂപ്പർ ജയന്റ്സ് ടീമുകളുടെ ക്യാപ്റ്റനായുള്ള മുൻപരിചയം രഹാനെയ്ക്കുണ്ട്. ഐപിഎല്ലിൽ ഇതുവരെ ആകെ 185 മത്സരങ്ങൾ കളിച്ചു. 123.42 സ്ട്രൈക്ക് റേറ്റിൽ 4642 റണ്‍സ് നേടി. രണ്ട് സെഞ്ചുറിയും 30 അർധസെഞ്ചുറിയും ഉൾപ്പെടെയാണിത്.
അജിങ്ക്യ രഹാനെ
ഐപിഎല്ലിൽ
ആകെ മത്സരം: 185
ക്യാപ്റ്റൻ: 25
ജയം: 09
തോൽവി: 16
ടൈ: 00
അക്സർ (ഡൽഹി ക്യാപ്പിറ്റൽസ്)
അപ്രതീക്ഷിതമായാണ് ഡൽഹി ക്യാപ്പിറ്റൽസിന്റെ കപ്പിത്താൻ സ്ഥാനത്ത് സ്പിൻ ഓൾറൗണ്ടർ അക്സർ പട്ടേൽ എത്തിയത്. കെ.എൽ. രാഹുൽ ക്യാപ്റ്റൻസി വേണ്ടെന്നുവച്ചതോടെയാണിതെന്നും സൂചനയുണ്ട്. 2024 ഐപിഎല്ലിൽ ഒരു മത്സരത്തിൽ ക്യാപ്റ്റനായ ചരിത്രം അക്സറിനുണ്ട്. അക്സർ 150 ഐപിഎൽ മത്സരങ്ങൾ കളിച്ചു. 123 വിക്കറ്റും 1653 റണ്‍സും സ്വന്തമാക്കി.2024ൽ ഡൽഹിയെ ഒരു മത്സരത്തിൽ നയിച്ചെങ്കിലും ഔദ്യോഗിക സ്ഥാനാരോഹണം ഇത്തവണയാണ്.
അക്സർ പട്ടേൽ
ഐപിഎല്ലിൽ
ആകെ മത്സരം: 150
ക്യാപ്റ്റൻ: 01
ജയം: 00
തോൽവി: 01
ടൈ: 00
പാട്ടിദാർ (റോയൽ ചലഞ്ചേഴ്സ് ബംഗളൂരു)
കഴിഞ്ഞ 17 ഐപിഎൽ സീസണിലും ഒരിക്കൽപ്പോലും കിരീടം നേടാത്ത റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ രാശിയായിരിക്കുമോ രജത് പാട്ടിദാർ എന്നാണ് 2025 സീസണിൽ അറിയേണ്ടത്. ഐപിഎല്ലിൽ ഇതുവരെ ആകെ 27 മത്സരങ്ങൾ കളിച്ചു. 799 റണ്‍സ് നേടി. 2022 എലിമിനേറ്ററിൽ ലക്നോ സൂപ്പർ ജയന്റ്സിനെതിരേ 54 പന്തിൽ 112 റണ്‍സ് അടിച്ചതോടെയാണ് പാട്ടിദാർ ശ്രദ്ധാകേന്ദ്രമായത്.
രജത് പാട്ടിദാർ
ഐപിഎല്ലിൽ
ആകെ മത്സരം: 27
ക്യാപ്റ്റൻ: 00
ജയം: 00
തോൽവി: 00
ടൈ: 00