സഞ്ജു ടീമിൽ ചേർന്നു
Tuesday, March 18, 2025 11:28 PM IST
ജയ്പുർ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണിനു മുന്നോടിയായി ക്യാപ്റ്റൻ സഞ്ജു സാംസണ് രാജസ്ഥാൻ റോയൽസ് ക്യാന്പിൽ ചേർന്നു. പരിക്കിനെത്തുടർന്നു വിശ്രമത്തിലായിരുന്നു സഞ്ജു.
കൈവിരലിൽ ശസ്ത്രക്രിയയ്ക്കുശേഷം ബംഗളൂരുവിലെ ഇന്ത്യൻ ക്യാന്പിൽ റിഹാബിലിറ്റേഷൻ കഴിഞ്ഞാണ് സഞ്ജു രാജസ്ഥാൻ റോയൽസിനൊപ്പം ചേർന്നത്. ഇംഗ്ലണ്ടിന് എതിരായ ട്വന്റി-20 പരന്പരയ്ക്കിടെ ആയിരുന്നു സഞ്ജുവിനു പരിക്കേറ്റത്.
നേരേ ഫീൽഡിൽ
തിങ്കളാഴ്ച വൈകുന്നേരം 6.33നായിരുന്നു സഞ്ജു ജയ്പുർ വിമാനത്താവളത്തിനു പുറത്തെത്തിയത്. 7.13നു രാജസ്ഥാൻ റോയൽസിന്റെ ഡ്രസിംഗ് റൂമിൽ. തുടർന്നു 7.31നു മൈതാനത്തെത്തി മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിനെ കണ്ടു. കർണാടക ആഭ്യന്തര ക്രിക്കറ്റിനിടെ കാലിനു പൊട്ടലേറ്റ രാഹുൽ ദ്രാവിഡ് മെഡിക്കൽ വാക്കിംഗ് ബൂട്ട് ഇട്ടിരിക്കുകയാണ്.
വിക്കറ്റ് കീപ്പ് ചെയ്യുമോ?
പരിക്കേറ്റ വിരലിനു പൂർണ വിശ്രമം ലഭിക്കുന്നതിനായി ഐപിഎല്ലിൽ സഞ്ജു സാംസണ് വിക്കറ്റ് കീപ്പർ സ്ഥാനത്തുനിന്നു മാറിനിൽക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ധ്രുവ് ജുറെലായിരിക്കും രാജസ്ഥാൻ റോയൽസിന്റെ ഗ്ലൗ അണിയുക.