ഛേത്രി കളത്തിൽ
Tuesday, March 18, 2025 11:28 PM IST
ഷില്ലോംഗ്: വിരമിക്കൽ പ്രഖ്യാപിച്ച് ഒന്‍പതാം മാസം തീരുമാനം മാറ്റിയ ഇന്ത്യൻ ഇതിഹാസ ഫുട്ബോൾ സുനിൽ ഛേത്രിക്ക് ഇന്നു തിരിച്ചുവരവു മത്സരം. രാജ്യാന്തര സൗഹൃദ മത്സരത്തിൽ ഇന്ത്യ ഇന്നു മാലദ്വീപിനെ നേരിടും. ഷില്ലോംഗിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് കിക്കോഫ്.
രാജ്യാന്തര ഫുട്ബോളിൽ 151 മത്സരങ്ങളിൽ 94 ഗോളുള്ള സുനിൽ ഛേത്രി ഇന്ത്യക്കായി ഇന്നു കളത്തിൽ ഉണ്ടാകുമെന്നു മുഖ്യപരിശീലകൻ മാനോലൊ മാർക്വെസ് അറിയിച്ചു. മാർക്വെസിന്റെ നിർബന്ധത്തിലൂടെയാണ് സുനിൽ ഛേത്രി വിരമിക്കൽ തീരുമാനം പിൻവലിച്ച് ദേശീയ ടീമിലേക്കു തിരിച്ചെത്തുന്നതായി ഈ മാസം ആദ്യം പ്രഖ്യാപിച്ചത്.
ഛേത്രിക്കുശേഷം
2024 ജൂണ്‍ ആറിനു കുവൈറ്റിനെതിരേ നടന്ന ലോകകപ്പ് യോഗ്യതാ രണ്ടാം റൗണ്ട് പോരാട്ടത്തിനുശേഷമായിരുന്നു സുനിൽ ഛേത്രി രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. അതിനുശേഷം ഇന്ത്യ കളിച്ചത് മൂന്നു മത്സരങ്ങൾ.
മൂന്നു മത്സരങ്ങളിൽ ഇന്ത്യ നേടിയത് ഒരു ഗോൾ മാത്രം. ഛേത്രിയുടെ വിരമിക്കലിനുശേഷം ഒരു മത്സരത്തിൽ പോലും ജയിക്കാനും ഇന്ത്യൻ ടീമിനു സാധിച്ചില്ല. ഖത്തറിനോടും (2-1) സിറിയയോടും (3-0) പരാജയപ്പെട്ടപ്പോൾ മൗറീഷ്യസിനെതിരേ (0-0) സമനിലയിൽ പിരിഞ്ഞു.
നാൽപ്പതുകാരനായ ഛേത്രി സ്റ്റാർട്ടിംഗ് ഇലവനിൽ കളിക്കുമോ എന്നു വ്യക്തമാക്കാത്ത മാനോലൊ മാർക്വെസ്, സൂപ്പർ താരം കളത്തിൽ ഇറങ്ങുമെന്നു തീർത്തു പറഞ്ഞിട്ടുണ്ട്. ഫിഫ റാങ്കിംഗിൽ 126-ാം സ്ഥാനക്കാരാണ് ടീം ഇന്ത്യ. മാലദ്വീപ് 162-ാമതും.