മ്യാൻമറിലും തായ്ലൻഡിലും ഭൂകന്പം; മരണം 200 കവിഞ്ഞു
Saturday, March 29, 2025 2:06 AM IST
ബാങ്കോക്ക്: മ്യാൻമറിലും അയൽരാജ്യമായ തായ്ലൻഡിലുമുണ്ടായ വൻ ഭൂകന്പത്തിൽ ഇരുനൂറിലേറെ മരണം. മ്യാൻമറിൽ 144 പേർ മരിച്ചെന്നും 730 പേർക്കു പരിക്കേറ്റെന്നും സൈന്യം അറിയിച്ചു. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാണ്ഡലേ പൂർണമായും തകർന്നടിഞ്ഞു.
പട്ടാളഭരണമുള്ള മ്യാൻമറിൽ അപകടത്തിന്റെ വ്യാപ്തി സംബന്ധിച്ച പൂർണവിവരങ്ങൾ പുറത്തുവന്നിട്ടില്ല. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് സൈനികഭരണകൂടം അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് പ്രാദേശികസമയം 12.50നാണ് റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂകന്പമുണ്ടായത്. പിന്നാലെ 6.4 രേഖപ്പെടുത്തിയ ഭൂകന്പം അനുഭവപ്പെട്ടു. പരിഭ്രാന്തരായ ജനം വീടുകൾ വിട്ടോടി. മാണ്ഡലേയിൽനിന്ന് 17.2 കിലോമീറ്റർ അകലെയാണു ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം.
മ്യാൻമറിലാണു ഭൂകന്പം കൂടുതൽ നാശം വിതച്ചത്. തായ്ലൻഡിന്റെ എല്ലാ ഭാഗത്തും ഭൂകന്പത്തിന്റെ പ്രകന്പനമുണ്ടായി. തലസ്ഥാനമായ ബാങ്കോക്കിൽ നിർമാണത്തിലിരുന്ന 33 നില കെട്ടിടം തകർന്നുവീണ് പത്തു പേർ മരിച്ചു. ഭൂകന്പത്തിൽ തകർന്ന കെട്ടിടങ്ങളുടെയും റോഡുകളുടെയും ഭയാനകദൃശ്യങ്ങളുടെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.
മ്യാൻമറിലെ ഏറ്റവും വലിയ നഗരമായ യാംഗോണിനെയും മാണ്ഡലേയെയും ബന്ധിപ്പിക്കുന്ന ഹൈവേ പലയിടത്തും തകർന്നു. മാണ്ഡലേയിൽ ആളുകൾ പ്രാർഥന നടത്തവേ മോസ്ക് തകർന്നുവീണു. മ്യാൻമറിൽ നിരവധി പാലങ്ങളും ഡാമുകളും തകർന്നു. തലസ്ഥാനമായ നായ്പിഡോയിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു.
ഇന്ത്യയിലും ഭൂകന്പത്തിന്റെ പ്രകന്പനം അനുഭവപ്പെട്ടു. ഇന്ത്യയിൽ കോൽക്കത്തയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണു ഭൂകന്പത്തിന്റെ പ്രകന്പനമുണ്ടായത്. മ്യാൻമറിലെ ഭൂകന്പത്തിനു പിന്നാലെ കോൽക്കത്തയിലും മണിപ്പുരിലെ ഉഖ്റുൾ ജില്ലയിലും മേഘാലയയിലെ ഈസ്റ്റ് ഗാരോ ജില്ലയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഒരിടത്തും ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായില്ല. തായ്ലൻഡിലെ ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
ചൈനയിലെ യുനാൻ, സിചുവാൻ പ്രവിശ്യകളിൽ ഭൂകന്പം നാശംവിതച്ചു. നിരവധി വീടുകൾ തകർന്നു. ആളുകൾക്കു പരിക്കേറ്റു. ബംഗ്ലാദേശിലെ ധാക്ക, ഛത്തോഗ്രാം എന്നിവിടങ്ങളിലും പ്രകന്പനമുണ്ടായി. എന്നാൽ, നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
മ്യാൻമറിന്റെ തലസ്ഥാനമായ നായ്പിഡോ ഉൾപ്പെടെ ആറു പ്രവിശ്യകളിൽ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തകർന്നുവീണ വൈദ്യുതിലൈനുകൾ രക്ഷാപ്രവർത്തനത്തിനു വെല്ലുവിളിയാണെന്ന് റെഡ് ക്രോസ് അറിയിച്ചു.
കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊർജിതമായി നടന്നുവരികയാണ്. ജനനിബിഡമായ പ്രദേശത്താണു ഭൂകന്പമുണ്ടായത്. മുന്പും ഈ മേഖലയിൽ പല തവണ ഭൂകന്പമുണ്ടായിട്ടുണ്ട്. തായ്ലൻഡിൽ മൂന്നു നിർമാണകേന്ദ്രങ്ങളിൽനിന്നായി 101 പേരെ കാണാതായി. ബാങ്കോക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.