യുദ്ധം, പ്രളയം, ഭൂകന്പം തീരാദുരിതത്തിൽ മ്യാൻമർ ജനത
Saturday, March 29, 2025 12:09 AM IST
നായ്പിഡോ: നാലു വർഷമായി തുടരുന്ന ആഭ്യന്തരയുദ്ധം, ഏഴു മാസം മുന്‍പത്തെ പ്രളയം, സാന്പത്തികതകർച്ച, ഭക്ഷ്യ പ്രതിസന്ധി എന്നിവ നേരിടുന്ന മ്യാൻമറിൽ ഭൂകന്പം സൃഷ്ടിച്ച നാശം വിലയിരുത്താവുന്നതിലും അപ്പുറമാണ്.
ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രമായ സാഗൈംഗ്, രണ്ടാമത്തെ വലിയ നഗരമായ മാണ്ഡലേ, തലസ്ഥാനമായ നായ്പിഡോ എന്നിവിടങ്ങളിൽ വലിയ നാശനഷ്ടങ്ങളുണ്ടായെന്നാണു റിപ്പോർട്ട്.
നാശനഷ്ടങ്ങളുടെ വ്യാപ്തി പുറത്തുവരുന്നതേയുള്ളൂ. മൊബൈൽ ടവറുകൾ തകർന്നതിനാൽ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. പട്ടാളം ഭരിക്കുന്ന രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നതും കൃത്യമായ റിപ്പോർട്ടുകൾ ലഭിക്കാൻ തടസമാകുന്നു.
വളരെക്കുറച്ചുകാലം മാത്രം ജനാധിപത്യം നിലനിന്നിട്ടുള്ള മ്യാൻമർ നിലവിൽ ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലാണ്. 2021ൽ പട്ടാളം ജനാധിപത്യനേതാവ് ഓംഗ് സാൻ സൂചി അടക്കമുള്ളവരെ തടവിലാക്കി അധികാരം പിടിക്കുകയായിരുന്നു.
എന്നാൽ, ജനറൽ മിൻ ഓംഗ് ലെയിംഗിന്റെ പട്ടാള ഭരണകൂടത്തിനോട് ജനങ്ങൾക്കു മമതയില്ലായിരുന്നു. അട്ടിമറിയെത്തുടർന്ന് വൻതോതിലുള്ള ജനകീയ പ്രതിഷേധങ്ങളുണ്ടായി. പട്ടാളം ഉരുക്കുമുഷ്ടി പ്രയോഗിച്ചു നേരിട്ടപ്പോൾ നൂറുകണക്കിനു പേർ കൊല്ലപ്പെടുകയും ആയിരങ്ങൾ തടവിലാവുകയും ചെയ്തു.
പട്ടാളത്തിനോടുള്ള ജനങ്ങളുടെ നിസഹകരണം രാജ്യം മുഴുവൻ പടർന്ന കലാപവും പിന്നീട് ആഭ്യന്തരയുദ്ധവുമായി പരിണമിക്കുകയായിരുന്നു. വംശീയ വിഭാഗങ്ങളുടെ വിമതസേനകളും പട്ടാളവും തമ്മിൽ മ്യാൻമറിന്റെ നിയന്ത്രണത്തിനായി പോരടിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ആഭ്യന്തരയുദ്ധത്തിൽ രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളിൽ പട്ടാളത്തിനു നിയന്ത്രണം നഷ്ടമായി.

ഇതിനിടെയാണ് സെപ്റ്റംബറിൽ യാഗി എന്ന ചുഴലിക്കൊടുങ്കാറ്റ് മ്യാൻമറിൽ നാശം വിതച്ചത്. ഇരുനൂറിലധികം പേരാണ് കൊടുങ്കാറ്റ് ദുരന്തത്തിൽ മരിച്ചത്. ലക്ഷക്കണക്കിന് ഏക്കർ കൃഷിഭൂമിയും നശിച്ചു.
യുദ്ധവും കൊടുങ്കാറ്റ് ദുരന്തവും മൂലം ഭക്ഷണവും വൈദ്യസഹായവുമില്ലാതെ നരകിക്കുന്ന മ്യാൻമർ ജനതയുടെ ദുരിതം ഭൂകന്പത്തിൽ വർധിക്കുമെന്നു വിലയിരുത്തപ്പെടുന്നു. ഭൂകന്പമുണ്ടായ സാഗൈംഗ് നഗരം വിമത പോരാളികളുടെ ശക്തികേന്ദ്രമാണ്. ഏതാനും മാസം മുമ്പ് ഇവിടെ വിമതരും സൈന്യവും തമ്മില്‍ കനത്ത പോരാട്ടം നടന്നിരുന്നു. ഭൂകന്പം ബാധിച്ച മാണ്ഡലേ നഗരവും പോരാട്ടവേദിയായിരുന്നു.
തകർന്ന റോഡുകളുടെയും നിലംപറ്റിയ ബഹുനിലക്കെട്ടിടങ്ങളുടെയും ചിത്രങ്ങൾ മ്യാൻമറിൽനിന്നു പുറത്തു വരുന്നുണ്ട്. പട്ടാള ഭരണകൂടം ഒട്ടേറെ പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞു. പരിക്കേറ്റവരെ ചികിക്കാൻ വേണ്ടത്ര ആശുപത്രി സംവിധാനങ്ങൾ മ്യാൻമറിലില്ലെന്നാണ് റിപ്പോർട്ടുകൾ. ഭൂകന്പത്തിൽ നായ്പിഡോയിലെ ഒരാശുപത്രിയിൽ വൻ നാശമുണ്ടായതായും റിപ്പോർട്ടുണ്ട്.

തായ്ലൻഡും വിറച്ചു
മ്യാൻമറിന്റെ മധ്യഭാഗത്തുള്ള സാഗൈംഗ് നഗരത്തിനടുത്ത് ഇന്നലെ ഉച്ചയ്ക്കാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പമുണ്ടായത്. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് 10 കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവകേന്ദ്രം. 12 മിനിട്ടുകൾക്കുശേഷം 6.4 തീവ്രതയുള്ള തുടർചലനമുണ്ടായി. അയൽരാജ്യങ്ങളായ തായ്ലൻഡ്, ചൈന എന്നിവിടങ്ങളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു.
മ്യാൻമർ തലസ്ഥാനമായ നായ്പിഡോയിൽ റോഡുകൾ വ്യാപകമായി തകർന്നു. രാജ്യത്തുടനീളം കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി. തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കില്‍ നിർമാണത്തിലിരുന്ന 30 നില കെട്ടിടം തകര്‍ന്നതിനെത്തുടര്‍ന്ന് ഒട്ടേറെ തൊഴിലാളികളെ കാണാതായി.
വിവരങ്ങൾ പുറത്തു വരുന്നില്ല
മ്യാൻമറിലെ റേഡിയോ, ടെലിവിഷന്‍, അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളെല്ലാം പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ്. ഇന്റർനെറ്റിനും നിയന്ത്രണങ്ങളുണ്ട്. വിദേശ മാധ്യമപ്രവർത്തകരെ മ്യാൻമറിൽ പ്രവേശിപ്പിക്കുന്നത് വിരളവുമാണ്. ഭൂകമ്പബാധിത പ്രദേശങ്ങളിലെ മൊബൈല്‍ ലൈനുകള്‍ വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഇതെല്ലാം കാരണം ഭൂകന്പം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ലഭ്യമല്ല.