ഫ്രാൻസിസ് മാർപാപ്പയുടേത് അദ്ഭുത സൗഖ്യമെന്നു ഡോക്ടർ
Wednesday, March 26, 2025 11:59 PM IST
റോം: അതീവ ഗുരുതരാവസ്ഥയിൽ ചികിത്സപോലും ഉപേക്ഷിച്ചാലോ എന്ന ചിന്ത ഉടലെടുത്ത അത്യന്തം ഗുരുതരാവസ്ഥയിൽനിന്നാണു ഫ്രാൻസിസ് മാർപാപ്പ അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്ന് ഡോക്ടർ.
മാർപാപ്പയെ ചികിത്സിച്ച മെഡിക്കൽ സംഘത്തിന്റെ തലവൻ ഡോ. സെർജിയോ ആൽഫിയേരിയാണ് ഇറ്റാലിയൻ പത്രമായ ‘കൊറിയെരെ ഡെല്ല സെറ’ യ്ക്കു നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 28നാണ് മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ മാർപാപ്പ ഛർദിച്ചു.
ഛർദിയുടെ അവശിഷ്ടങ്ങൾ അദ്ദേഹത്തിന്റെ ശ്വാസകോശത്തിൽ പ്രവേശിച്ചു. തെറാപ്പി തുടരണോ അതോ മരിക്കാൻ അനുവദിക്കണോ എന്നു തെരഞ്ഞെടുക്കേണ്ടിവന്ന നിർണായക സമയമായിരുന്നു അത്.
മാർപാപ്പയുടെ സമീപത്തുണ്ടായിരുന്നവർ കണ്ണീർ വാർക്കുന്നുണ്ടായിരുന്നു. എന്താണു ചെയ്യേണ്ടതെന്ന് ശരിക്കും പ്രതിസന്ധിയിലായി. ചികിത്സ തുടർന്നാൽ മറ്റ് അവയവങ്ങളും പ്രവർത്തനരഹിതമാകാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ മാർപാപ്പയെ മരിക്കാൻ അനുവദിക്കണോ അതോ സാധ്യമായ എല്ലാ മരുന്നുകളും തെറാപ്പിയും പരീക്ഷിക്കണോ എന്നു തെരഞ്ഞെടുക്കുക ഞങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഇതോടെ മാർപാപ്പയുടെ സ്വകാര്യ നഴ്സ് മാസിമില്യാനോ സ്ട്രാപ്പെറ്റിയുടെ അഭിപ്രായം തേടി. തീർച്ചയായും ചികിത്സ തുടരാനായിരുന്നു തികഞ്ഞ ആത്മവിശ്വാസത്തോടെയുള്ള അദ്ദേഹത്തിന്റെ നിർദേശം. ഇതോടെ ഞങ്ങൾ ചികിത്സ തുടർന്നു.
ഒടുവിൽ, മാർപാപ്പ ചികിത്സയോട് പ്രതികരിച്ചു. ഗൗരവമേറിയ സാഹചര്യങ്ങൾ ഉണ്ടായപ്പോഴും മാർപാപ്പയ്ക്ക് പൂർണമായ ബോധമുണ്ടായിരുന്നു. ആ രാത്രി താൻ അതിജീവിച്ചേക്കില്ലെന്ന് മാർപാപ്പയ്ക്ക് പൂർണമായ ബോധ്യമുണ്ടായിരുന്നു. ആദ്യ ദിവസം മുതൽ മാർപാപ്പ തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് ലോകത്തോട് സത്യം പറയണമെന്ന് ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു- ഡോ. ആൽഫിയേരി പറഞ്ഞു.
ശാരീരിക ശക്തിക്കു പുറമെ, ലോകമെമ്പാടുമുള്ള വിശ്വാസികൾ നടത്തിയ പ്രാർഥനകളും അദ്ദേഹത്തിന്റെ രോഗശാന്തിക്കു കാരണമായതായി ഡോക്ടർ വ്യക്തമാക്കി.
“പ്രാർഥന രോഗികൾക്ക് ശക്തി നൽകും. എല്ലാവരും ഈ സാഹചര്യത്തിൽ മാർപാപ്പയ്ക്കുവേണ്ടി പ്രാർഥിച്ചു. രണ്ടുതവണ വളരെ ഗുരുതരമായ സാഹചര്യമുണ്ടായി. എന്നാൽ, ഒരു അദ്ഭുതംപോലെ അദ്ദേഹം തിരിച്ചുവന്നു.
തീർച്ചയായും, മാർപാപ്പ വളരെ സഹകരണമുള്ള ഒരു രോഗിയായിരുന്നു. ഒരിക്കലും പരാതിപ്പെടാതെ എല്ലാ ചികിത്സകളോടും അദ്ദേഹം സഹകരിച്ചു” – ഡോ. ആൽഫിയേരി പറഞ്ഞു.