ശബരിമല സ്പെഷല്‍ ട്രെയിനുകള്‍ക്ക് വൈക്കം റോഡില്‍ സ്റ്റോപ്പ് അനുവദിക്കണം: പൗരസമിതി
1465124
Wednesday, October 30, 2024 7:12 AM IST
കടുത്തുരുത്തി: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള സ്പെഷല്‍ ട്രെയിനുകള്‍ക്ക് വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആപ്പാഞ്ചിറ പൗരസമിതി ആവശ്യപ്പെട്ടു.
ശബരിമല തീര്‍ഥാടകരുടെ ഇടത്താവളങ്ങളായ വൈക്കം മഹാദേവക്ഷേത്രം, കടുത്തുരുത്തി തളിയില്‍ മഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തുന്നതിന് വൈക്കം റോഡിലെ സ്റ്റോപ്പ് തീര്‍ഥാടകര്‍ക്ക് സൗകര്യമാകും. നിലവില്‍ കേരള എക്സ്പ്രസ്, പാലരുവി, ഗുരുവായൂര്‍ എക്സ്പ്രസ് ട്രെയിനുകള്‍ക്കാണ് ഇവിടെ സ്റ്റോപ്പുള്ളത്.
റിസര്‍വേഷന്‍ സൗകര്യം വൈക്കം റോഡില്‍ ഏര്‍പ്പെടുത്തണമെന്നും വേളാങ്കണ്ണി എക്സ്പ്രസ്, മലബാര്‍, വഞ്ചിനാട്, വേണാട്, രാജ്യറാണി, അമൃത എക്സ്പ്രസ് ട്രെയിനുകള്‍ക്കും വൈക്കം റോഡില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും പൗരസമിതി ആവശ്യപ്പെട്ടു.
എംപിയുടെ നേതൃത്വത്തില്‍ ആപ്പാഞ്ചിറ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ജനസദസില്‍ ഈ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനായി ഫ്രാന്‍സിസ് ജോര്‍ജ് എംപി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.
ഇന്ന് കോട്ടയത്ത് നടക്കുന്ന റെയില്‍വേ വികസന യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പൗരസമിതി പ്രസിഡന്റ് പി.ജെ. തോമസ്, സെക്രട്ടറി അബ്ബാസ് നടയ്ക്കമ്യാലില്‍ എന്നിവര്‍ ആവശ്യപ്പെട്ടു