കുമ്പളം ഹാർഡ്വെയേഴ്സിന് ജങ്കാർ ലഭിച്ചില്ല; നഗരസഭ ബദൽ മാർഗം തേടുന്നു
1465444
Thursday, October 31, 2024 7:38 AM IST
വൈക്കം: വൈക്കം -തവണക്കടവ് ജങ്കാർ സർവീസിനായി കരാറുറപ്പിച്ച കുമ്പളം ഹാർഡ് വെയേഴ്സ് സർവീസ് ആരംഭിക്കാൻ 15 ദിവസം കൂടി സാവകാശം ചോദിച്ചതിനാൽ നഗരസഭ അധികൃതർ ബദൽ മാർഗങ്ങൾ തേടുന്നു.13,92999 രൂപയ്ക്ക് കരാർ ഏറ്റെടുത്ത കുമ്പളം ഹാർഡ്വെയേഴ്സിന് ജങ്കാർ ലഭിക്കാത്തതാണ് സർവീസ് നടത്തുന്നതിന് തടസമാകുന്നത്.
ഇതിനു മുമ്പ് സർവീസ് നടത്തിയിരുന്ന വേമ്പനാട് സർവീസ് 13 ലക്ഷം രൂപവരെ സർവീസ് പുനരാരംഭിക്കാൻ നൽകാൻ തയാറായെങ്കിലും കൂടുതൽ തുകയ്ക്ക് സർവീസ് ആരംഭിക്കാൻ തയാറായ സ്ഥാപനത്തിന് കരാർ ഉറപ്പിക്കുകയായിരുന്നു.
കുമ്പളം ഹാർഡ് വെയേഴ്സിനു ജങ്കാർ സർവീസ് തുടങ്ങാനാവാത്ത സാഹചര്യത്തിൽ നഗരസഭ വിശദമായ ചർച്ചയ്ക്ക് ശേഷം ജങ്കാർ കൈവശമുള്ളവരുമായി വിലപേശി നഗരസഭയ്ക്കു കൂടി സ്വീകാര്യമായ രീതിയിൽ കരാർ നൽകാൻ ശ്രമിക്കുമെന്ന് വൈസ് ചെയർമാൻ പി.ടി. സുഭാഷ് പറഞ്ഞു. വൈക്കത്തഷ്ടമി ഉത്സവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കുന്നതിനാൽ 28 ന് സർവീസ് ആരംഭിക്കണമെന്നായിരുന്നു നഗരസഭ അധികൃതർ ബന്ധപ്പെട്ടവരോട് നിർദേശിച്ചിരുന്നത്.
ഇന്ന് നഗരസഭ അധികൃതർ ഇതു സംബന്ധിച്ചു ചർച്ച നടത്തി തീരുമാനത്തിലെത്തിയേക്കും. കരാർ കാലാവധി കഴിഞ്ഞതിനെ തുടർന്ന് മൂന്നു മാസമായി ജങ്കാർ സർവീസ് നിലച്ചിരിക്കുകയായിരുന്നു.
നഗരസഭ മൂന്നുതവണ ടെണ്ടർ നടത്തിയെങ്കിലും തുക വർധിക്കാതിരുന്നതിനാൽ സർവീസ് ആരംഭിക്കാനായില്ല. പിന്നീട് മൂന്നു പ്രാവശ്യം ഓഫർ വച്ചപ്പോൾ എട്ട്, പത്ത് ലക്ഷം രൂപയ്ക്ക് വരെ കരാർ ഏറ്റെടുക്കാൻ ചില സ്ഥാപനങ്ങൾ തയാറായെങ്കിലും കഴിഞ്ഞ തവണത്തെ തുകയേക്കാൾ കാര്യമായ അന്തരമുള്ളതിനാൽ കരാർ നൽകിയില്ല. പിന്നീട് കുമ്പളം റോൾ ഹാർഡ് വെയേഴ്സ് 13,92,999 രൂപയ്ക്ക് കരാർ ഏറ്റെടുത്തു.
കഴിഞ്ഞ തവണത്തെ കരാർ തുക 13,23,441 യായിരുന്നു. വൈക്കം നഗരസഭയം ചേന്നംപള്ളിപ്പുറം പഞ്ചായത്തും ചേർന്നാണ് ജങ്കാർ സർവീസ് നടത്തിവരുന്നത്. ജങ്കാർ സർവീസ് നിലച്ചതോടെ വൈക്കത്തു നിന്ന് ചേർത്തലയിലെത്താൻ 22 കിലോമീറ്റർ വാഹന യാത്രികർക്ക് ചുറ്റിസഞ്ചരിക്കേണ്ടി വന്നിരുന്നു.