എരുമേലി പഞ്ചായത്ത്: ഭരണം നഷ്ടപ്പെട്ടതിനു പിന്നാലെ കോൺഗ്രസിൽ പുറത്താക്കൽ
1465620
Friday, November 1, 2024 5:51 AM IST
എരുമേലി: കോൺഗ്രസ് അംഗത്തെ കൂട്ടുപിടിച്ച് പഞ്ചായത്ത് ഭരണം ഇടതുപക്ഷം പിടിച്ചെടുത്തതിന് പിന്നാലെ കോൺഗ്രസ് പ്രാദേശിക നേതൃത്വം അച്ചടക്ക നടപടിയിലേക്ക്. ഇന്നലെ കെപിസിസി, ഡിസിസി നേതൃത്വം എരുമേലിയിലെ പ്രാദേശിക നേതാക്കളുമായി ഓൺലൈൻ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പാർട്ടിയെ വഞ്ചിച്ചു കൂറുമാറിയവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ നേതൃത്വം നിർദേശം നൽകി.
ഇടതുപക്ഷത്തേക്കു മാറിയ കോൺഗ്രസ് അംഗം സുബി സണ്ണിയെ പ്രാഥമികാംഗത്വത്തിൽനിന്ന് നീക്കിയതിനു പിന്നാലെ സുബി പ്രതിനിധീകരിക്കുന്ന പമ്പാവാലി വാർഡിലെ വാർഡ് പ്രസിഡന്റ് ഉൾപ്പെടെ രണ്ടു പേരെ ഇന്നലെ പാർട്ടിയിൽനിന്നു പുറത്താക്കിയെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു മറ്റക്കര അറിയിച്ചു. ബിജു കായപ്ലാക്കൽ, ബോബൻ പള്ളിക്കൽ എന്നിവരെയാണ് പുറത്താക്കിയത്. സുബി ഇടതുപക്ഷത്തേക്ക് മാറിയതിനെ പിന്തുണച്ചതിനാണ് വാർഡിലെ രണ്ട് കോൺഗ്രസ് നേതാക്കളെ പുറത്താക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പിന്തുണയോടെ സുബി സണ്ണി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് കോൺഗ്രസ് നേതൃത്വത്തിന് ഏറ്റ കനത്ത ആഘാതമായിരുന്നു. പാർട്ടി വിപ്പ് അനുസരിക്കാതെ വോട്ട് ചെയ്തത് ഉന്നയിച്ച് സുബി സണ്ണിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഹർജി നൽകാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
പ്രസിഡന്റുസ്ഥാനം ഊഴമിട്ട് നൽകുന്ന ധാരണയാണ് ഭരണം നഷ്ടപ്പെടാൻ ഇടയാക്കിയതെന്നും നേതൃത്വം വിലയിരുത്തി. വൈസ് പ്രസിഡന്റിനെതിരേ ഇടതുപക്ഷത്തുനിന്ന് അവിശ്വാസപ്രമേയം കൊണ്ടുവരാൻ നീക്കം തുടങ്ങിയതും നേതൃത്വം വിലയിരുത്തി.
കോൺഗ്രസിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര അംഗം ഇ.ജെ. ബിനോയിയാണ് വൈസ് പ്രസിഡന്റ്. അവിശ്വാസപ്രമേയത്തെ നേരിടാനുള്ള നീക്കങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ നേതൃത്വം നിർദേശിച്ചു.