ഭൂമി തരംമാറ്റം അദാലത്തിന് തുടക്കം
1465376
Thursday, October 31, 2024 6:00 AM IST
കാഞ്ഞിരപ്പള്ളി: ഭൂമി തരംമാറ്റം അദാലത്തിന് ജില്ലയിൽ തുടക്കമായി. ജില്ലയിൽ ആദ്യമായി കാഞ്ഞിരപ്പള്ളി താലൂക്കിലാണ് തരംമാറ്റം അദാലത്ത് നടന്നത്. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം 25 സെന്റിൽ താഴെ വിസ്തീർണം വരുന്ന ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷകൾ പരിഗണിക്കുന്നതിനായാണ് താലൂക്കുതല അദാലത്ത് സംഘടിപ്പിച്ചത്. ജില്ലയിലെ ആദ്യത്തെ തരംമാറ്റ അദാലത്തായിരുന്നു കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ നടന്നത്. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അദാലത്ത് ഉദ്ഘാടനം ചെയ്തു.
എൽആർ ഡെപ്യൂട്ടി കളക്ടർ ഉഷാ ബിന്ദുമോൾ അധ്യക്ഷത വഹിച്ചു. തഹസിൽദാർ കെ.എം. ജോസുകുട്ടി, ഭൂരേഖ തഹസിൽദാർ പി.എസ്. സുനിൽകുമാർ, ഡെപ്യൂട്ടി തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ, കൃഷി ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
12 അപേക്ഷകളാണ് അദാലത്തിൽ പരിഗണനയ്ക്കായി എത്തിയത്. ഇതിൽ ഒന്പത് അപേക്ഷകൾ തീർപ്പാക്കി. മൂന്ന് അപേക്ഷകൾ പുനഃപരിശോധിക്കാനും തീരുമാനമെടുത്തു. നവംബർ 15 വരെയാണ് താലൂക്കുതല അദാലത്തുകൾ സംഘടിപ്പിച്ചിരിക്കുന്നത്.