കോട്ടയം റെയില്‍വേ സ്റ്റേഷന് രണ്ടാം പ്രവേശന കവാടം അടുത്തയാഴ്ച തുറന്നുകൊടുക്കും
1465371
Thursday, October 31, 2024 5:46 AM IST
കോട്ടയം: ട്രെയിന്‍ യാത്രക്കാര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ കോട്ടയം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടം അടുത്തയാഴ്ച തുറന്നുകൊടുക്കുമെന്ന് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി.
കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളുടെ വികസനം സംബന്ധിച്ചും യാത്രാക്ലേശം പരിഹരിക്കുന്നതിനെക്കുറിച്ചും ശബരിമല തീര്‍ഥാടകർക്കും സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി കോട്ടയത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷമാണ് എംപി ഇക്കാര്യം അറിയിച്ചത്.
റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ഡോ. മനീഷ് തപല്‍യാല്‍, എംഎല്‍എമാരായ മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, റെയില്‍വേ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ വൈ. സെല്‍വിന്‍, ഡിവിഷണല്‍ എന്‍ജിനിയര്‍ എം. മാരിയപ്പന്, പിആര്‍ഒ ഷെബി, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സിന്‍സി പാറയില്‍, മോളിക്കുട്ടി സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
യോഗത്തെ തുടര്‍ന്ന് എംപിയും ഡിആര്‍എം റെയില്‍വേ ഉദ്യോഗസ്ഥരും സ്റ്റേഷനും പരിസരവും നടന്ന് പരിശോധിച്ചു.യാത്രക്കാരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും ലഭിച്ച നിരവധി പരാതികള്‍ എംപിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥന്മാരുടെ ശ്രദ്ധയില്‍പെടുത്തി. വിഷയങ്ങളില്‍ അനുഭാവപൂർവമായ നിലപാട് റെയില്‍വേ സ്വീകരിക്കുമെന്നു റെയില്‍വേ ഡിവിഷണൽ മാനേജര്‍ പറഞ്ഞു.
യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍
ഷെല്‍ട്ടര്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് നീട്ടുകയും ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കുകയും ചെയ്യും.
ഒഴത്തില്‍ ലൈന്‍ റോഡിന് സമീപം താമസിക്കുന്നവര്‍ക്ക് സ്വതന്ത്രമായി റോഡ് ഉപയോഗിക്കാന്‍ കഴിയുന്നത് സംബന്ധിച്ച നിര്‍ദ്ദേശം ഡിആര്‍എം അംഗീകരിച്ചു.എല്ലാ പ്ലാറ്റ് ഫോമുകളിലും കുടിവെള്ളം.
പുതിയ മേല്‍പ്പാലം ഏതാനും ദിവസങ്ങള്‍ക്കകം തുറന്നു കൊടുക്കും.രണ്ടാം കവാടത്തിലെ ലിഫ്റ്റ് എസ്കലേറ്റര്‍ രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും.പടിഞ്ഞാറുവശത്തെ നടപ്പാലം മുന്‍ വശത്തെ റോഡിലേക്ക് നീട്ടുന്നത് പരിഗണിക്കും.പുതിയ പ്രവേശന കവാടവും സൈന്‍ ബോര്‍ഡുകളും മുലയൂട്ടുന്ന അമ്മമാര്‍ക്കുവേണ്ടി പ്രത്യേക മുറി.
റെയില്‍വേ ബോര്‍ഡിനു മുന്നില്‍ എംപി വച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍
എറണാകുളം - ബംഗളൂരു ഇന്റര്‍സിറ്റി, എറണാകുളം-കാരക്കല്‍, എറണാകുളം മഡ്ഗാവ്, എറണാകുളം- പൂനെ, എറണാകുളം - ലോക്മാന്യ തിലക്, എറണാകുളം -പാലക്കാട് മെമു എന്നീ ട്രെയിനുകള്‍ കോട്ടയത്തേക്ക് നീട്ടുന്നതും കോട്ടയത്തുനിന്നും പാലക്കാട്, കോയമ്പത്തൂര്‍ വഴി ഈറോഡിലേക്ക് പുതിയ ട്രെയിന്‍ തുടങ്ങുന്നതും റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കും.
ശബരിമല തീര്‍ഥാടനം
തീര്‍ഥാടകര്‍ക്കായി ഈ വര്‍ഷവും റെയില്‍വേ സ്റ്റേഷനില്‍ നിന്നും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.
കൂടുതല്‍ പോലീസ് എയ്ഡ് പോസ്റ്റ്.
ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കായി പ്രത്യേക മുറി.