മലയാളദിനം, ഭരണഭാഷാ വാരാഘോഷം : ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റില്‍ നാളെ
1465434
Thursday, October 31, 2024 7:22 AM IST
കോട്ടയം: മലയാളദിനം, ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ചു ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിവര-പൊതുജനസമ്പര്‍ക്ക വകുപ്പിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുക.
ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ ഒന്പതിനു കളക്ടറേറ്റിലെ വിപഞ്ചിക കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിക്കും.
അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, കവി കുരീപ്പുഴ ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, കളക്ടര്‍ ജോണ്‍ വി. സാമുവല്‍, നഗരസഭാംഗം റീബ വര്‍ക്കി,
ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍. രാജേഷ്, എഡിഎം ബീന പി. ആനന്ദ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ഡിഎംഒ ഡോ.എന്‍. പ്രിയ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്. ജയചന്ദ്രന്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന് പോള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
വാരാഘോഷത്തോടനുബന്ധിച്ചു നവംബര്‍ ഒന്നിന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഓഫീസ് തലവന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ഭരണഭാഷാ പ്രതിജ്ഞയെടുക്കും. സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ഥികളും അധ്യാപകരും മലയാളഭാഷാ പ്രതിജ്ഞയെടുക്കും.