അന്ത്യാളം ആശുപത്രി വളര്‍ച്ചയുടെ പാതയില്‍; ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തുന്നു
1465380
Thursday, October 31, 2024 6:00 AM IST
അന്ത്യാളം: കരൂര്‍ പഞ്ചായത്തിലെ അന്ത്യാളം പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തുന്നു. 54 വര്‍ഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ അസൗകര്യങ്ങള്‍ പരിഗണിച്ചു കരൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ 8,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള പുതിയ കെട്ടിടമാണ് രണ്ടു നിലകളിലായി നിര്‍മാണം പൂര്‍ത്തിയായി വരുന്നത്. 1.30 കോടി രൂപ മുടക്കിയാണ് നിര്‍മാണം.
നാഷണല്‍ ഹെല്‍ത്ത് മിഷന്റെ 15 ലക്ഷം രൂപയും ബാക്കി ത്രിതല പഞ്ചായത്ത് ഫണ്ടുമാണ് ഉപയോഗിച്ചിരിക്കുന്നത്. പ്ലാസ്റ്ററിംഗ് ജോലികളും വൈദ്യുതീകരണവും പൂര്‍ത്തിയായാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കെട്ടിടം കൈമാറും.
ഫാമിലി ഹെല്‍ത്ത് സെന്ററാവുന്നതോടെ ഇവിടെ മൂന്നു ഡോക്ടര്‍മാരുടെ സേവനം ഒപിയില്‍ രാവിലെമുതല്‍ വൈകുന്നേരംവരെ ലഭ്യമാകും. ലാബ് ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും. കുട്ടികളെ കുത്തിവയ്ക്കുന്നതിനുള്ള പ്രത്യേക കെട്ടിടത്തിന്റെ പണി പുരോഗമിക്കുകയാണ്. 54 ലക്ഷം രൂപ മുടക്കിയാണ് ഇതിന്റെ നിര്‍മാണം.
കരൂര്‍ പഞ്ചായത്തിലുള്ള അഞ്ചു സബ് സെന്ററുകള്‍ക്കും ഈ ആശുപത്രിയുടെ പുരോഗതിമൂലം പ്രയോജനം ലഭിക്കും. ഫാമിലി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാര്‍ ആഴ്ചയിലൊരിക്കല്‍ ഈ സബ് സെന്ററുകളില്‍ സേവനത്തിനെത്തും.
ആശുപത്രിയും ചുറ്റുപാടും നവീകരിക്കുമെന്നും ജോസ് കെ. മാണി എംപി അനുവദിച്ച ആറു ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മാണം നടക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമനും വാര്‍ഡ് മെംബര്‍ ലിന്റണ് ജോസഫും പറഞ്ഞു.