സർവകലാശാലകളിൽ നാളെ വഞ്ചനാദിനം
1465435
Thursday, October 31, 2024 7:22 AM IST
അതിരമ്പുഴ: സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരേ കേരളപ്പിറവി ദിനത്തിൽ ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസിന്റെ ആഭിമുഖ്യത്തിൽ സർവകലാശാലകളിൽ വഞ്ചനാദിനം ആചരിക്കും.
കഴിഞ്ഞദിവസം അനുവദിച്ച മൂന്നു ശതമാനം ക്ഷാമബത്തയുടെ പ്രാബല്യതീയതി പ്രഖ്യാപിക്കാതെ അതു വരെയുള്ള കുടിശിക കവർന്നെടുക്കുവാനുള്ള ഹീനമായ ശ്രമമാണ് സർക്കാർ നടത്തുന്നത്. കഴിഞ്ഞതവണ അനുവദിച്ച രണ്ടു ശതമാനം ഡിഎയിലും മുൻകാല പ്രാബല്യം നൽകിയിരുന്നില്ല.
ഇതോടെ ഈ സർക്കാരിന്റെ കാലത്ത് ആകെ പ്രഖ്യാപിച്ച രണ്ടു ഗഡു ക്ഷാമബത്തയിലുമായി ജീവനക്കാരന്റെ 78 മാസത്തെ ഡിഎയാണ് സർക്കാർ കവർന്നെടുത്തത്. ഇനിയും 19 ശതമാനം ക്ഷാമബത്ത അനുവദിക്കാതെ ബാക്കി നിൽക്കുകയും ചെയ്യുന്നു. സംസ്ഥാന സിവിൽ സർവീസിന്റെ ചരിത്രത്തിൽ ആദ്യമായാണിത്.
ജീവനക്കാർക്ക് അർഹമായ ഡിഎ കുടിശിക ഉടൻ നൽകണമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ്, ജനറൽ സെക്രട്ടറി ജയൻ ചാലിൽ, ട്രഷറർ ജയകുമാർ കെ.എസ്. എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക, കുടിശികയായ 19 ശതമാനം ഡിഎ പ്രഖ്യാപിക്കുക, പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശിക ഉടൻ വിതരണം ചെയ്യുക, സർവകലാശാലകൾക്ക് മതിയായ ഗ്രാന്റ് അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന ആവശ്യങ്ങൾ.
ഫെഡറേഷൻ ആഹ്വാനം ചെയ്തിരിക്കുന്ന വഞ്ചനാ ദിനാചരണത്തിന്റെ ഭാഗമായി നാളെ എംജി സർവകലാശാലയിലും എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് മേബിൾ എൻ.എസും ജനറൽ സെക്രട്ടറി ജോസ് മാത്യുവും അറിയിച്ചു.