മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ
1465433
Thursday, October 31, 2024 7:22 AM IST
കറുകച്ചാൽ: ഓൺലൈൻ തട്ടിപ്പ് വഴി മധ്യവയസ്കനിൽനിന്നു 31 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി കുന്നത്ത്പാലകുഴി വീട്ടിൽ ഷിബിലി ജവഹര്‍(25) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.
കറുകച്ചാൽ സ്വദേശിയായ മധ്യവയസ്കനെ വാട്സാപ്പിലൂടെ ഷെയർ ട്രേഡിംഗ് ബിസിനസ് ചെയ്ത് ലാഭം സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് മധ്യവയസ്കനിൽനിന്നും പലതവണകളായി 31,24,000 രൂപ തട്ടിപ്പു സംഘം തട്ടിയെടുക്കുകയായിരുന്നു. പണം തിരികെ ലഭിക്കാതിരുന്നതിനെത്തുടർന്ന് മധ്യവയസ്കൻ കറുകച്ചാൽ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് കേസെടുത്ത് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ പണം ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. മറ്റു പ്രതികൾക്കുവേണ്ടി തെരച്ചിൽ ശക്തമാക്കി.