അമ്മ മറിയാമ്മയ്ക്ക് ആത്മനിര്‍വൃതിയുടെ നിമിഷം
1465367
Thursday, October 31, 2024 5:46 AM IST
ചങ്ങനാശേരി: “മുടങ്ങാതെ ദിവസവും പള്ളിയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തിരുന്നു. ഒപ്പം അൾത്താര ശുശ്രൂഷിയുമായിരുന്നു. ഏത് ഉറക്കത്തില്‍ വിളിച്ചാലും സന്തോഷത്തോടെ എഴുന്നേറ്റ് കുര്‍ബാനയ്ക്ക് പോകും. മകന് അതില്‍ വലിയ സന്തോഷവും കണ്ടെത്തിയിരുന്നു.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൊച്ചുകുട്ടികളെ വിളിച്ചുകൂട്ടി കുര്‍ബാനയ്ക്ക് കൂടാന്‍ പരിശീലിപ്പിക്കുമായിരുന്നു. സ്കൂള്‍ വിട്ടുവന്നാല്‍ വൈകുന്നേരവും പള്ളിയില്‍ പോകും.” ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പായി അഭിഷിക്തനാകുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ച് അമ്മ മറിയാമ്മയുടെ വാക്കുകള്‍.
കുട്ടിക്കാലം മുതല്‍ വീടിന് തൊട്ടടുത്തുള്ള സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലായിരുന്നു കൂടുതല്‍ സമയം ചെലവഴിച്ചിരുന്നത്. ഇളയ മകനായിരുന്നതുകൊണ്ടും ചെറിയ പ്രായത്തില്‍ തന്നെ പിതാവിനെ നഷ്ടപ്പെട്ടതിനാലും വീട്ടില്‍ പ്രത്യേക കരുതലുണ്ടായിരുന്നു. മാര്‍ തോമസ് തറയില്‍ ഏഴു മക്കളില്‍ ഇളയമകനാണ്. ചെറിയ പ്രായത്തില്‍തന്നെ അച്ചനാകാന്‍ പോകാന്‍ ആഗ്രഹിക്കുന്നതായി പറയുമായിരുന്നു. അന്നത്തെ എല്ലാ വൈദികരുമായി നല്ല അടുപ്പവുമായിരുന്നു.
പത്താം ക്ലാസ് കഴിഞ്ഞ് സെമിനാരിയില്‍ ചേരാന്‍ ആഗ്രഹിച്ചെങ്കിലും എസ്ബി കോളജില്‍ പ്രീഡിഗ്രി പഠനം കഴിഞ്ഞാണ് പോയത്. മാര്‍ തോമസ് തറയിലിന്റെ പിതാവ് ടി.ജെ. ജോസഫ് സ്കൂള്‍ അധ്യാപകനായിരുന്നു. വല്യപ്പനായ ടി.ജെ. ജോസഫ് (തറയില്‍ സാര്‍) അധ്യാപകനായിരുന്നു. വാഴപ്പള്ളി ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായിരുന്ന അദ്ദേഹം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഗുരുനാഥന്കൂടിയാണ്.
മകന് മെത്രാപ്പോലീത്തയാകുന്നതില് മറിയാമ്മയ്ക്ക് മനസു നിറയെ സന്തോഷം. ചങ്ങനാശേരി വലിയകുളത്തിനു സമീപം മകന് ജിജി തറയിലിനൊപ്പമാണ് മറിയാമ്മയുടെ താമസം.