അന്ത്യാളത്ത് സിനര്‍ജി ഹോംസ് ഉദ്ഘാടനം നാളെ
1465614
Friday, November 1, 2024 5:44 AM IST
പാലാ: ജീവിതസായാഹ്നത്തില്‍ ഒറ്റപ്പെടുത്തിലിന് അവസരം നല്‍കാതെ പതിനഞ്ച് മുതിര്‍ന്ന കുടുംബങ്ങള്‍ അന്ത്യാളത്ത് സിനര്‍ജി ഹോംസ് എന്ന പേരില്‍ സഹവാസം ആരംഭിക്കുന്നു.
നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം നിര്‍വഹിക്കും. മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിക്കും. ഫ്രാന്‍സിസ് ജോര്‍ജ് എംപി സിനര്‍ജി ഹോംസിന്റെ മാതൃക നാടിന് സമര്‍പ്പിക്കും. ജോസ് കെ. മാണി എംപി കോമണ്‍ ഫസിലിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്യും. എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദാക്ഷന്, കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്, മെംബര്‍ ലിന്റണ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും.
പൊതു അടുക്കളയും ഡൈനിംഗ് ഹാളും വീടുകളുടെ പ്രത്യേകതയാണ്. വീടുകള്‍ക്ക് ചുറ്റുമതിലില്ല. പകരം ജൈവവേലിയാണുള്ളത്. 2015ല്‍ കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച സിനര്‍ജി ടിസിഐ ഫോറം ഫോര്‍ സീനിയര്‍ സിറ്റിസണ്‍സ് എന്ന മുതിര്‍ന്നവരുടെ സംഘടനയുടെ നേതൃത്വത്തിലാണ് അന്ത്യാളത്ത് ളാലം തോടിന്റെ തീരത്ത് 700 ചതുരശ്രയടി വീതം വിസ്തീര്‍ണമുള്ള 15 വീടുകള്‍ പണിത് സഹവാസം ആരംഭിക്കുന്നത്. സഹവാസികളുടെ വിശ്വാസത്തിനും ഭക്ഷണം ഉള്‍പ്പെടെയുള്ള രീതികള്‍ക്കും സ്വാതന്ത്ര്യമുണ്ട്. സാമൂഹ്യപ്രവര്‍ത്തനവും ലക്ഷ്യമാക്കിയിട്ടുണ്ട്.
ഒന്‍പതു വര്‍ഷമായി അടുത്തറിഞ്ഞവരാണ് ഇവിടെ സഹവസിക്കുന്നതെന്ന് ഭാരവാഹികളായ കേണല്‍ പി.സി. ഫിലിപ്പ്, കേണല്‍ മാത്യു മുരിക്കന്‍, ഏബ്രഹാം തോമസ്, ജോസ് ഏബ്രഹാം, പ്രഫ. ജോബി ജോസഫ്, ജോയി കൈതകരി, നാസര്‍ മേത്തര്‍, ഡോ. സി. തോമസ് ഏബ്രഹാം, സി.സി. തോമസ് എബ്രഹാം എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.