നാലുതോട് - കോയിത്തറ പാലം നാടിനു സമർപ്പിച്ചു
1465121
Wednesday, October 30, 2024 7:12 AM IST
വെച്ചൂർ: വൈക്കം വെച്ചൂർ ഔട്ട് പോസ്റ്റിനു സമീപം വിക്രമൻ തോടിനു കുറുകെ വെച്ചൂർ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച നാലുതോട് -കോയിത്തറ പാലം നാടിനു സമർപ്പിച്ചു. വെച്ചൂർ പഞ്ചായത്തിൽ തോടുകൾക്ക് സമീപം താമസിക്കുന്ന കുടുംബങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടുന്നതിന് ഓട്ടോറിക്ഷ പോകുന്ന വിധത്തിൽ 18 ലക്ഷം രൂപ വിനിയോഗിച്ചു മൂന്ന് താൽക്കാലിക പാലം നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നാലുതോട് - കോയിത്തറ പാലം നിർമ്മിച്ചത്. വിക്രമൻ തോടിനു കുറുകെയുള്ള ഉയരമുള്ള കോൺക്രീറ്റ് നടപ്പാലത്തിന്റെ പടവുകൾ കയറി പോകാൻ വിദ്യാർഥികൾക്കും വയോധികർക്കും ഏറെപ്രയാസമായിരുന്നു.
അസുഖ ബാധിതരെ തോടിനു മറുകരയിലുള്ള റോഡിലെത്തിച്ച് വാഹനത്തിലേറ്റാൻ കസേരയിലിരുത്തി ഉയരമുള്ള പാലത്തിലൂടെ ചുമന്ന് കൊണ്ടുപോകണമായിരുന്നു. പാലം യാഥാർഥ്യമായതോടെ ഇനി വീടുകളിലേയ്ക്ക് ചെറുവാഹനങ്ങളിൽ നിർമ്മാണ സാമഗ്രികളടക്കം പ്രദേശവാസികൾക്ക് കൊണ്ടുപോകാനാകും. പ്രദേശവാസികളുടെ നിരന്തരാവശ്യത്തെ തുടർന്നാണ് പഞ്ചായത്ത് വിക്രമൻ തോടിനു കുറുകെ പാലം തീർത്തത്.
ഇതിനു പുറമെ സമാന രീതിയിൽ ജനങ്ങൾ ദുരിതമനുഭവിക്കുന്ന 11-ാം വാർഡിലെ മറ്റം - മട്ടിസ്ഥലം ഭാഗങ്ങളെ ബന്ധിപ്പിച്ചും അഞ്ച്, ആറ് വാർഡുകളെ ബന്ധിപ്പിച്ച് വലിയപുതുക്കരി, ഇട്ടിയേക്കാടൻകരി പാടശേഖരങ്ങളുടെ സമീപം അഞ്ചേരിച്ചിറയിലും പാലം നിർമ്മിക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈല കുമാർ പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നാലുതോട് - കോയിത്തറ പാലത്തിന്റെ ഉദ്ഘാടനം വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈല കുമാർ, ശാരദാമ്മ എന്നിവർ ചേർന്ന് നിർവഹിച്ചു.
പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സോജി ജോർജ്, പഞ്ചായത്ത് അംഗങ്ങളായ ആൻസി തങ്കച്ചൻ, ബിന്ദു രാജു,സ്വപ്നമനോജ്, കോൺഗ്രസ് വെച്ചൂർ മണ്ഡലം പ്രസിഡൻ്റ് വി.ടി.സണ്ണി, പി.വി. ജയന്തൻ, രാമചന്ദ്രൻ കോയിത്തറ , ഷാജിമുഹമ്മദ്, പി.ഒ.വിനയചന്ദ്രൻ, യു.ബാബു, ടി.ഒ. വർഗീസ്, പി.ജി.ഷാജി, പി.തങ്കച്ചൻ തുടങ്ങിയവർ സംബന്ധിച്ചു.