അടിച്ചിറയിൽ വീട്ടിൽ മോഷണം
1465116
Wednesday, October 30, 2024 6:59 AM IST
ഏറ്റുമാനൂര്‍: അടിച്ചിറയില്‍ ഗൃഹനാഥനും ഭാര്യയും മാത്രമുണ്ടാ യിരുന്ന വീട്ടില്‍ മോഷണം, നാലു പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പുല്ലത്തില്‍ രാജു പി. ജോര്‍ജിന്റെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ മോഷണം നടന്നത്. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്. തിങ്കളാഴ്ച രാത്രി 11.30നു ശേഷമാണു രാജുവും ഭാര്യ ഷേര്‍ളിയും ഉറങ്ങാന്‍കിടന്നത്. ഇന്നലെ രാവിലെ ആറോടെ ഷേര്‍ളി ഉണര്‍ന്നപ്പോള്‍ മുറിയില്‍ തുണികള്‍ അലങ്കോലമായി കിടക്കുന്നതു കണ്ടു നടത്തിയ പരിശോധനയിലാണു മോഷണവിവരം അറിയുന്നത്.
മുറിയിലുണ്ടായിരുന്ന രണ്ട് അലമാരയും കുത്തിത്തുറന്നു വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. മറ്റു മുറികളിലെ അലമാരയും മേശയും തുറന്ന അവസ്ഥയിലായിരുന്നു. ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന പാത്രങ്ങള്‍ അടുക്കളയില്‍ തുറന്നുകിടന്നിരുന്നു. പ്രധാനമുറിയിലെ ഈശോയുടെ രൂപത്തിനു മുന്നിലുണ്ടായിരുന്ന ബള്‍ബ് ഊരിമാറ്റി അടുക്കളയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
വീട്ടുകാര്‍ വിവരമറിയിച്ചതുനസരിച്ചു ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. പരിശോധനയ്ക്കെത്തിയ പോലീസ് നായ വീട്ടില്‍നിന്നു പിന്‍വാതില്‍ വഴി ഇറങ്ങി ഓടി എംസി റോഡിനു സമീപം വന്നുനിന്നു. അന്വേഷണം ഊര്‍ജിതമാക്കിയതായി ഗാന്ധിനഗര്‍ പോലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിതന്നെ സംക്രാന്തി ഭാഗത്ത് രണ്ടു വീടുകളിൽ മോഷണശ്രമവും നടന്നിരുന്നു.
ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍, അടിച്ചിറ പ്രദേശങ്ങളില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചിരിക്കുകയാണെന്നു നാട്ടുകാര്‍ക്കു പരാതിയുണ്ട്. അപരിചിതരായ നിരവധിപേരുടെ സാന്നിധ്യം രാപകല്‍ ഭേദമെന്യേ പ്രദേശത്തുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.