ഫ്രഞ്ച് വാസ്തുവിദ്യാ പ്രൗഢിയില്‍ അതിമെത്രാസനമന്ദിരം
1465111
Wednesday, October 30, 2024 6:59 AM IST
ചങ്ങനാശേരി: 1887മേയ് 20ന് കോട്ടയം വികാരിയാത്തായാണ് ചങ്ങനാശേരി അതിരൂപതയുടെ ആരംഭം. ഫ്രഞ്ചുകാരനായ ഈശോസഭാംഗം ഡോ. ചാള്‍സ് ലവീഞ്ഞ് വികാരി അപ്പസ്തോലിക്കയായി നിയമിതനായി. ഫ്രഞ്ച് വാസ്തുവിദ്യയുടെ പ്രൗഢിയിലാണ് അതിമെത്രാസനമന്ദിരം നിര്‍മിച്ചിരിക്കുന്നത്. ഇരുമ്പനത്തുകുന്ന് എന്നാണ് ചങ്ങനാശേരി അരമന സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പഴയകാല പേര്.
കോട്ടയത്തും കുറവിലങ്ങാട്ടും മറ്റിടങ്ങളിലും ചാള്‍സ് ലവീഞ്ഞ് ആസ്ഥാനത്തിനു സ്ഥലം അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. ചങ്ങനാശേരി പള്ളി വികാരി ഫാ. സിറിയക് കണ്ടങ്കേരി ചാള്‍സ് ലവീഞ്ഞ് പിതാവിന്റെ അമ്പതാം ജന്മദിനാഘോഷം ചങ്ങനാശേരിയില്‍ സംഘടിപ്പിച്ചു. ചടങ്ങിനെത്തിയ ചാള്‍സ് ലവീഞ്ഞിനു ചങ്ങനാശേരി പള്ളിയും കത്തോലിക്കാ സാന്നിധ്യവും ഏറെ ഇഷ്ടപ്പെട്ടു.
ഫാ. സിറിയക് കണ്ടങ്കേരി പള്ളിയില്‍നിന്ന് ഏറെ അകലെയല്ലാത്ത ഇരുമ്പനത്തുകുന്ന് ചൂണ്ടിക്കാണിച്ചതനുസരിച്ച് അവിടെ ആസ്ഥാനം നിര്‍മിക്കുകയായിരുന്നു. മാർ ലവീഞ്ഞ് തുടക്കമിട്ട മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത് മാര്‍ തോമസ് കുര്യാളശേരിയാണ്.
പഴയ അരമന ചാപ്പലും ഊണുമുറിയും മാര്‍ ആന്റണി പടിയറയും തുടര്‍ന്നുള്ള ഭാഗം മാര്‍ ജോസഫ് പവ്വത്തിലും മാര്‍ ജോസഫ് പെരുന്തോട്ടവുമാണ് പൂര്‍ത്തികരിച്ചത്.
റിഡംപ്ഷന് ജൂബിലി മെമ്മോറിയല്‍ ആര്‍ച്ച്
ചങ്ങനാശേരി അതിരൂപതാഭവനത്തിന്റെ പ്രവേശനകവാടമായ റിഡംപ്ഷന് ജൂബിലി മെമ്മോറിയല്‍ ആര്‍ച്ച് മാര്‍ ജയിംസ് കാളാശേരിയാണ് നിര്‍മിച്ചത്. 1934 ജൂലൈ 25ന് തന്റെ നാമഹേതുകനായ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാള്‍ ദിനത്തിൽ വെഞ്ചരിപ്പ് നിര്‍വഹിച്ചു.
ഈശോയുടെ രക്ഷാകരരഹസ്യങ്ങളുടെ (കുരിശുമരണം, ഉത്ഥാനം, സ്വര്‍ഗാരോഹണം) പൂര്‍ത്തീകരണത്തിന്റെ പത്തൊമ്പതാമത് ശതാബ്ദി (1933) സ്മാരകമായാണ് കവാടം പണിതത്.