മന്ത്രിമാരുടെ പേരിൽ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ
1478202
Monday, November 11, 2024 4:56 AM IST
ചെങ്ങന്നൂര്‍: മന്ത്രിയുമായും പിഎമാരുമായും ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിവന്ന പ്രതി അറസ്റ്റില്‍. കരുനാഗപ്പള്ളി കല്ലേലി ഭാഗത്ത് ബിനീഷ് ഭവനില്‍ വി. ബിജു (ഉടായിപ്പ് ബിജു -40)വിനെയാണ് ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ്ചെയ്തത്. മുന്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമായും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുമായി ബന്ധമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിവന്നത്.
പുരാവസ്തു വകുപ്പില്‍ എല്‍ഡി ക്ലാര്‍ക്ക് തസ്തികയില്‍ ജോലി വാഗ്ദാനം നല്കി കൊഴുവല്ലൂര്‍ സ്വദേശി ഉല്ലാസില്നിന്ന് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ വാങ്ങി മുങ്ങുകയായിരുന്നു. സമാന രീതിയില്‍ മറ്റ് പലരുടെയും പക്കല്‍നിന്നും ഇയാള്‍ ലക്ഷങ്ങള്‍ വാങ്ങിയതായാണറിവ്. ഉല്ലാസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചെങ്ങന്നൂര്‍ പോലീസ് ഇയാളെ കരുനാഗപള്ളിയിലെ വീട്ടില്‍നിന്നു പിടികൂടിയത്.
കരുനാഗപ്പള്ളി സ്റ്റേഷന് പരിധിയില്‍ മറ്റ് രണ്ടു തട്ടിപ്പ് കേസുകളും ഇയാളുടെ പേരിൽ ഉള്ളതായി പോലീസ് പറഞ്ഞു. കൂടാതെ ഏതോ ചാനലിന്റെ വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കി അവിടുത്തെ സ്റ്റാഫ് ആണന്ന് പറഞ്ഞ് പലരെയും കബളിപ്പിച്ചിരുന്നു.
ഇപ്പോള്‍ ഇയാള്‍ കരുനാഗപ്പള്ളി കേന്ദ്രമാക്കി പുതിയ യുട്യൂബ് ചാനല്‍ തുടങ്ങിയിട്ടുണ്ട്.