പോള നിറഞ്ഞ് കുത്തിയതോട് തോട്; ജനം ദുരിതത്തിൽ
1478522
Tuesday, November 12, 2024 7:25 AM IST
തുറവൂര്‍: പോള തിങ്ങിനിറഞ്ഞ നിലയില്‍ കുത്തിയതോട് തോട് മാറിയതിനെത്തുടര്‍ന്ന് ജനജീവിതം ദുസഹമായി. തോട്ടില്‍ പോ ള നിറഞ്ഞതോടെ ജലഗതാഗതം പൂര്‍ണമായും നിലച്ചു. വേമ്പനാട് കായല്‍ മുതല്‍ തഴുപ്പു കായല്‍ വരെയുള്ള തോടാണ് പൂര്‍ണമായും പോളകൊണ്ട് നിറഞ്ഞത്. കരയും തോടും തമ്മില്‍ തിരിച്ചറിയാന്‍ സാധിക്കാത്തവിധം പോള നിറഞ്ഞു.
ഇതുമൂലം കുത്തിയതോട് ചന്തയില്‍ വള്ളത്തില്വന്ന് സാധനങ്ങള്‍ വാങ്ങി പോകുന്നവരെയും ചന്തയിലേക്ക് വള്ളത്തില്‍ സാധനങ്ങളുമായി വരുന്നവരെയും ബുദ്ധിമുട്ടിലാക്കിയാണ്. മത്സ്യബന്ധനത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്.
ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലയായ കുത്തിയതോടിനു ചുറ്റുമുള്ള വിവിധ പ്രദേശങ്ങളിൽനിന്ന് കച്ചവടത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി നിരവധി ജനങ്ങളാണ് എത്തുന്നത്. ജലഗതാഗതത്തിന് മാർഗമുള്ളതിനാൽ കുത്തിയതോട് മാർക്കറ്റ് മുമ്പേ പ്രശസ്തമാണ്. കോടന്തുരുത്ത് പഞ്ചായത്തിന്റെയും കുത്തിയതോട് പഞ്ചായത്തിന്റെയും അതിര് നിശ്ചയിക്കുന്നതും കുത്തിയതോട് തോടാണ്. പഴയപാലം, പുതിയ ദേശീയപാത പാലം തുടങ്ങിയ രണ്ടു പാലങ്ങൾക്ക് ചുറ്റിലുമായാണ് പ്രധാന വ്യാപാര സ്ഥാപനങ്ങളും വിപണി കേന്ദ്രങ്ങളും. അവിടത്തെ എല്ലാവിധത്തിലുള്ള ക്രയവിക്രയങ്ങൾക്കും തടസമാകുന്നുണ്ട്. രണ്ടു പഞ്ചായത്തുകൾ അതിര് പങ്കിടുന്നതുകൊണ്ടുതന്നെ പോള നീക്കുന്നതിൽ പരസ്പരം പഴിചാരാനുള്ള സാധ്യതയും അധികാരികളുടെ ഭാഗത്തുണ്ടാകുന്നുണ്ട്. എന്നാൽ, ഇതിന്റെ ദുരിതമനുഭവിക്കേണ്ടിവരുന്നത് നാട്ടുകാരാണ്.
ദുര്‍ഗന്ധവും രൂക്ഷമായ കൊതുക് ശല്യവും മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയിലധികമായി പോള നീങ്ങാതെ കുത്തിയതോട് തോട്ടില്‍ നിശ്ചലമായി കിടക്കുകയാണ്. ഇത് ചീഞ്ഞുതുടങ്ങിയതോടെയാണ് ദുര്‍ഗന്ധവും കൊതുകുശല്യവും ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായിരിക്കുന്നത്. അടിയന്തരമായി കുത്തിയതോട് തോട്ടിലെ പായല്‍ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.