ഇരുട്ടിൽത്തപ്പി പോലീസ് : കവർച്ചയുടെ ഒരു രാത്രികൂടി: കുരിശടി തകർത്ത് വീണ്ടും മോഷണം
1478637
Wednesday, November 13, 2024 4:46 AM IST
ചെങ്ങന്നൂര്‍: പേരിശേരി ഈസ്റ്റ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയുടെ പേരിശേരിയിലെ സെന്റ് മേരീസ് കുരിശടിയില്‍ വീണ്ടും മോഷണം നടന്നു. ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്. ഇത്തവണയും ഗ്രില്ലിന്റെയും വഞ്ചികളുടെയും താഴുകള്‍ തകര്‍ത്താണ് പണം മോഷ്ടിച്ചത്. ചെങ്ങന്നൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 27ന് രാത്രിയും സമാനരീതിയിൽ മോഷണം നടന്നിരുന്നു. സമീപത്ത് സിസിടിവികള്‍ ഇല്ലാത്തതിനാല്‍ ദൃശ്യങ്ങള്‍ ലഭ്യമാകില്ല എന്നതിനാല്‍ പോലീസ് മോഷ്ടാക്കള്‍ക്കായി ഇരുട്ടില്‍ത്തപ്പുകയാണ്.
താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കുരിശടികളിലും ക്ഷേത്രകാണിക്ക വഞ്ചികളിലും മോഷണം തുടർക്കഥയാകുമ്പോഴും മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിയുന്നില്ല. പോലീസിനെ വട്ടംകറക്കി മോഷ്ടാക്കള്‍ വിലസുകയാണെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.