തുണ്ടത്തിൽക്കടവ്-പുല്ലേലിൽക്കടവ് ബണ്ടുറോഡ് നവീകരണം പൂർത്തിയായി
1478208
Monday, November 11, 2024 5:07 AM IST
ചാരുംമൂട്: ചുനക്കര-നൂറനാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചുനക്കര കിഴക്ക് തുണ്ടത്തില്‍ക്കടവ്- നൂറനാട്പുലിമേല് പുല്ലേലില്‍ക്കടവ് ബണ്ടുറോഡിന്റെ നവീകരണം പൂര്‍ത്തിയായി. ഇതോടെ ചുനക്കര നൂറനാട് പഞ്ചായത്ത് നിവാസികളുടെ ചിരകാല സ്വപ്നം യാഥാര്‍ഥ്യമായി. നൂറനാട് പുലിമേല്‍ നിവാസികള്‍ക്ക് മാവേലിക്കരയ്ക്കും ചുനക്കരയ്ക്കുമുള്ള എളുപ്പവഴികൂടിയാണിത്.
എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ യുടെ ശ്രമഫലമായാണു തുക അനുവദിച്ചത്. പെരുവേലിച്ചാല്‍ പുഞ്ചയ്ക്കു കുറുകെ 788 മീറ്റര്‍ നീളത്തിലാണു ബണ്ടുറോഡുള്ളത്. മഴക്കാലത്ത് ബണ്ടുറോഡ് വെള്ളത്തില്‍ മുങ്ങുന്നതിനാല്‍ റോഡ് ഒരു അടി ഉയര്‍ത്തിയ ശേഷം ടാറിംഗിനു പകരം കോണ്‍ക്രീറ്റു ചെയ്യുകയായിരുന്നു.
പെരുവേലിച്ചാല്‍ പുഞ്ചയ്ക്കു കുറുകെ 2019-ലാണ് 788 മീറ്റര്‍ നീളത്തില്‍ ബണ്ടുറോഡ് പണിതത്. 2,500 ഏക്കര്‍ വിസ്തൃതിയുള്ള പുഞ്ചയിലെ കാര്‍ഷികവികസനം കൂടി ലക്ഷ്യമിട്ടാണിത്.
പുഞ്ചയിലെ കൃഷിക്ക് ട്രാക്ടര്‍ ഇറക്കുന്നതിനുള്ള രണ്ടു റാംപുകള്കൂടി ഇനി പണിയും. പുഞ്ച യിലെ വെള്ളം വറ്റിയശേഷമേ ഇതിന്റെ പണി നടക്കു.
അപകടം ഒഴിവാക്കുന്നതിനായി റോഡിനിരുവശവും കോണ്‍ക്രീറ്റ് കുറ്റികളും സ്ഥാപിച്ചിട്ടുണ്ട്. ബണ്ടുറോഡില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ ചുനക്കര, നൂറനാട് പഞ്ചായത്തുകള്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.