വിനോദയാത്രയ്ക്കു പോയ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ
1478204
Monday, November 11, 2024 4:56 AM IST
അമ്പലപ്പുഴ: സ്കൂളില്‍നിന്നു വിനോദയാത്രയ്ക്കു പോയ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പുന്നപ്രയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്നു പോയ കുട്ടികളില്‍ ചിലര്‍ക്ക് വയറുവേദനയും ഛര്‍ദിയും വയറിളക്കവും ഉണ്ടായതായാണ് രക്ഷാകര്‍ത്താക്കളുടെ ആരോപണം. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയാണ് കുട്ടികളുമായി വിനോദസഞ്ചാരത്തിനു പോയത്.
ടൂര്‍ കരാര്‍ എടുത്തവര്‍ തയാറാക്കിയ ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്നായിരുന്നു പറഞ്ഞിരുന്നത്. ഭക്ഷ്യവിഷബാധയേറ്റ കുട്ടികളില്‍ ചിലര്‍ ആശുപത്രിയില്‍ ചികിത്സ തേടി. മടക്കയാത്രയില്‍ പെട്രോള്‍ പമ്പുകളിലെ ശുചിമുറികളാണ് ഉപയോഗിച്ചതെന്ന് കുട്ടികള്‍ രക്ഷാകര്‍ത്താക്കളോടു പറഞ്ഞു.
ഭക്ഷ്യവിഷബാധ ഉണ്ടായതോടെ മൈസൂരിലെ ചില വിനോദ സഞ്ചാരമേഖലകള്‍ ഒഴിവാക്കി കുട്ടികള്‍ക്ക് മടങ്ങേണ്ടിവന്നു. ടൂര്‍ പാക്കേജ് ഏജന്‍സിയുടെ വീഴ്ചയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് രക്ഷിതാക്കളും കുട്ടികളും ആരോപിച്ചു. ഇവര്‍ക്കെതിരേ പരാതി നല്‍കുമെന്നും രക്ഷിതാക്കള്‍ അറിയിച്ചു.