ഒടുവിൽ തർക്കം പരിഹരിച്ചു; റവന്യു ജില്ലാ കലോത്സവം കായംകുളത്തുതന്നെ
1478644
Wednesday, November 13, 2024 4:46 AM IST
കായംകുളം: സ്വാഗതസംഘം ഭാരവാഹികളെ നിശ്ചയിക്കുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തെ ത്തുടര്‍ന്ന് വേദി സംബന്ധിച്ച് അനിശ്ചിതത്വത്തിലായ റവന്യു ജില്ലാ സ്കൂള്‍ കലോത്സവം ഒടുവില്‍ കായംകുളത്തുതന്നെ നടത്താന്‍ തീരുമാനമായി.
കായംകുളത്ത് വേദി വേണോ വേണ്ടയോ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാന്‍ ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് കെ.ജി. രാജേശ്വരിയുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തിലാണ് കലോത്സവം കായംകുളത്തുതന്നെ നടത്താന്‍ തീരുമാനിച്ചത്.
യോഗത്തില്‍ വിവിധ അധ്യാപക സംഘടന പ്രതിനിധികളും കായംകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ പി. ശശികല, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.എസ്. ശ്രീലത, കായംകുളം നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മായാ രാധാകൃഷ്ണന് എന്നിവരും പങ്കെടുത്തു.
ചര്‍ച്ചയില്‍ അധ്യാപക സംഘടനകള്‍ മുന്നോട്ടുവച്ച നിര്‍ദേശം നഗരസഭ ചെയര്‍പേഴ്സണ്‍ പി ശശികല അംഗീകരിച്ചു. സ്വാഗത സംഘം രൂപീകരിക്കുമ്പോള്‍ വിവിധ സബ് കമ്മിറ്റികളുടെ ചെയര്മാന് സ്ഥാനം അധ്യാപക സംഘടന നിര്ദേശിക്കുന്നവര്ക്കുനല്കാമെന്നും കഴിഞ്ഞദിവസം സ്വാഗതസംഘം യോഗം അലങ്കോലമായതിന്റെ പേരില്‍ വകുപ്പുതല നടപടി ശുപാര്‍ശ ചെയ്ത് അധ്യാപിക ബീന ഉള്‍പ്പെ ടെയുള്ളവര്ക്കെതിരേ നഗരസഭ പാസാക്കിയ പ്രമേയത്തിന്മേല് തുടര്‍ നടപടി ഉണ്ടാവില്ലന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ യോഗത്തില്‍ ഉറപ്പുനല്‍കി. ഇതേത്തുടര്‍ന്നാണ് അധ്യാപക സംഘടനകളും കലോത്സവം കായംകുളത്തുതന്നെ നടത്താന്‍ നിലപാട് അറിയിച്ചത്.
നവംബര്‍ 26 മുതല്‍ നടത്താന്‍ തീരുമാനിച്ച കലോത്സവം ഡിസംബര്‍ 2,3,4,5 തീയതികളിലായി മാറ്റി നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. നവംബര്‍ 20ന് സംഘടകസമിതി രൂപീകരണ യോഗം കായംകുളത്ത് നടക്കും. വിവിധ അധ്യാപക സംഘടനകളെ പ്രതിനിധീകരിച്ച് പി.ഡി. ജോഷി, വി.ആര്. ബീന, അനസ് എം. അഷ്റഫ്, ബി. ബിജു, പോരുവഴി ബാലചന്ദ്രന്, ഉണ്ണി ശിവരാജന്, എസ്. ശ്രീകുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.