യുവാവ് ചതുപ്പിൽ വീണു; ഫയർഫോഴ്സ് രക്ഷിച്ചു
1478526
Tuesday, November 12, 2024 7:25 AM IST
ചെങ്ങന്നുർ: റെയിൽവേയുടെ ഒന്നാമത്തെ പ്ലാറ്റ്ഫോമിനു സമീപമുള്ള ചതുപ്പിൽ അകപ്പെട്ട യുവാവിനെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് 5.30 നായിരുന്നു സംഭവം. പാലക്കാട് സ്വദേശിയായ യുവാവാണ് ചതുപ്പിൽ അകപ്പെട്ടത്.
തിരുവനന്തപുരം ഭാഗത്തുനിന്നു ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ മൂന്നു യുവാക്കൾ പാളത്തിലൂടെ തിരുവല്ലാ ഭാഗത്തേക്ക് നടന്നുപോകവേ മൂവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ അടിപിടിയുണ്ടായി. ഉന്തിലും തളളിലും പെട്ട് പാലക്കാട് മണ്ണടി കർപ്പൂരം വീട്ടിൽ സനൂപ് (28) ഇരുപതടിയിലധികം താഴ്ചയുള്ള ചതുപ്പിലേക്ക് വീണു.
ചതുപ്പിലാവട്ടെ നിറയെ കാടും മാലിന്യങ്ങളും വിഷ ജന്തുക്കളും അടങ്ങിയതായിരുന്നു. ചതുപ്പിൽനിന്നു പുറത്തുകയറാനാകാതെ വന്ന യുവാവ് അതിൽ അകപ്പെടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സ് അതിസാഹസികമായി പുറത്തെത്തിക്കുകയായിരുന്നു . തുടർന്ന് ഇയാളെ പോലീസിനു കൈമാറി. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അസി. ഫയർ ഓഫീസർ വി.വി. ഗോപൻ, ഫയർ ഓഫീസർമാരായ രതീഷ്, സുബീഷ്, അരുൺകുമാർ, രഞ്ജി, ഹോം ഗാർഡ് രാജൻ തോമസ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.