സംസ്ഥാന കളക്ടറേറ്റുകളിലെ ആദ്യ വനിതാ ഡഫേദാറായി സിജി
1478640
Wednesday, November 13, 2024 4:46 AM IST
ആലപ്പുഴ: സംസ്ഥാനത്തെ കളക്ടറേറ്റുകളിലെ ആദ്യ വനിതാ ഡഫേദാര്‍ എന്ന നേട്ടം സ്വന്തം പേരില്‍ ചേര്‍ത്ത് അറയ്ക്കല്‍ കെ. സിജി. വെള്ള ചുരിദാറും ഷൂവും ചുവന്ന ക്രോസ്ബെല്‍റ്റും സര്‍ക്കാര്‍ മുദ്രയും ധരിച്ച് ആലപ്പുഴ കളക്ടറുടെ മുറിക്കുമുന്നില്‍ സിജി നില്ക്കുമ്പോള് അതു ചരിത്രമാകുകയാണ്-സംസ്ഥാനത്തെ കളക്ടറേറ്റില്‍ ആദ്യമായി ഒരു വനിതാ ഡഫേദാര്‍. ചെത്തിയെന്ന തീരഗ്രാമത്തില്നിന്ന് 2000ല്‍ ജി.വി രാജയുടെ മികച്ച കായികതാരത്തിനുള്ള അവാര്‍ഡ് നേടിയ സിജി 24 വര്‍ഷത്തിനിപ്പുറം വീണ്ടും ചരിത്രത്തിന്റെ ഭാഗമാകുന്നു.
ഇനി കളക്ടര്‍ അലക്സ് വര്‍ഗീസിന്റെ ഡഫേദാറായി (അകമ്പടി ജീവനക്കാരി) സദാസമയവും സിജിയുണ്ടാകും. തിങ്കളാഴ്ച ജോലിയില്‍ പ്രവേശിച്ചു. ജോലിസമയത്തില്‍ കൃത്യതയില്ലാത്തതിനാല്‍ പൊതുവേ ആളുകള്‍ മടിക്കുന്ന ഈ ജോലി ചേര്‍ത്തല ചെത്തി അറയ്ക്കല്‍ വീട്ടില്‍ കെ. സിജിയാണ് ഏറ്റെടുത്തത്. മുന്‍ ഡഫേദാറിന്റെ ഒഴിവിലാണ് സിജിയുടെ നിയമനം.
ഭാരോദ്വഹനത്തില്‍ 1996, 1997, 1998 വര്‍ഷങ്ങളില്‍ ദേശീയ, സംസ്ഥാന മത്സരങ്ങളിലും 1995ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ഏഷ്യന്‍ മത്സരത്തിലും സ്വര്‍ണമെഡല്‍ നേടി. 2005ൽ സ്പോര്‍ട്സ് ക്വാട്ടയില്‍ കളക്ടറേറ്റില്‍ അറ്റന്‍ഡറായി ജോലിയില്‍ പ്രവേശിച്ചു. 2019ല്‍ കളക്ടറുടെ ചേംബറിലെത്തി. വിരമിക്കാന്‍ ഇനി ആറുമാസം കൂടിയേയുള്ളൂ.
നന്നായി പ്രവര്‍ത്തിക്കാനാകുമെന്ന് വിശ്വസിക്കുന്നു. ജോലി ഏറ്റെടുത്തപ്പോള്‍ ഏറ്റവുമധികം പിന്തുണ തന്നത് കുടുംബമാണ്. അടുത്ത ഡഫേദാര്‍ ആരെന്ന ചോദ്യമുയര്ന്നപ്പോഴേ സമ്മതമറിയിച്ചു. കളക്ടറടക്കമുള്ളവര്‍ പിന്തുണച്ചു-സിജി പറഞ്ഞു. ജില്ലയിലെ ഏറ്റവും സീനിയറായ ഓഫീസ് അറ്റന്‍ഡറെയാണ് കളക്ടറുടെ ഡഫേദാറായി നിയമിക്കുക.
അഫ്സല് ഇനി റവന്യു ഡിപ്പാര്‍ട്ട്മെന്റില്‍ ക്ലര്‍ക്ക്
ഡഫേദാറിന്റെ കോട്ട് അഴിച്ച അഫ്സല് ഇനി ക്ലര്‍ക്കിന്റെ കസേരയില്‍. എട്ടു വര്‍ഷത്തിനിടെ 14 കളക്ടര്‍മാരുടെ ഡഫേദാര്‍ ആയിരുന്ന ലജ്നത്തുല്‍ വാര്‍ഡ് നവറോജ് പുരയിടം നെച്ചു നെസ്റ്റില്‍ എ. അഫ്സലാണ് ഡഫേദാറിന്റെ ജോലി മതിയാക്കി ക്ല ര്ക്കായത്. അഫ്സല് ജോലിക്കു കയറിയത് സെക്രട്ടേറിയറ്റില്‍.
പിന്നീട് ആലപ്പുഴ കളക്ടറേറ്റിലെത്തിയ അഫ്സല് കളക്ടറുടെ ഓഫീസില്‍ ഓഫീസ് അസിസ്റ്റന്റ് ആവുന്നത് 2009 ലാണ്. ആദ്യമായി ഡഫേദാറിന്റെ യൂണിഫോമിട്ടപ്പോള്‍ പി. വേണുഗോപാലായിരുന്നു കളക്ടര്‍. എല്ലാ കളക്ടര്‍മാരുടെയും ഇഷ്ടതോഴനായിരുന്നു അഫ്സല്. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഷീന ബീഗം ആണ് ഭാര്യ. മക്കള്‍: നസ്റിന് (ബിഡിഎസ് വിദ്യാര്‍ഥിനി), നൗറിന് (9-ാം ക്ലാസ് വിദ്യാര്‍ഥിനി).