വേലിയേറ്റം: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ക്രമീകരിക്കും
1478521
Tuesday, November 12, 2024 7:25 AM IST
ആലപ്പുഴ: വൃശ്ചിക വേലിയേറ്റവുമായി ബന്ധപ്പെട്ട് കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഉപ്പുവെള്ളം കയറുന്നത് ഒഴിവാക്കുന്നതിനായി തണ്ണീര്‍മുക്കം ബണ്ടിന്റെ 28 ഷട്ടറുകള്‍ വേലിയേറ്റത്തിന്റെ തോതനുസരിച്ച് 12 മുതല്‍ ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
തോമസ് കെ. തോമസ് എംഎല്‍എ പങ്കെടുത്തു. നടപടി സ്വീകരിക്കുന്നതിന് എക്സി. എന്‍ജിനിയര്‍, ഇറിഗേഷന്‍ (മെക്കാനിക്കല്‍) ആലപ്പുഴയെ ചുമതലപ്പെടുത്തി.
ഷട്ടറുകള്‍ ക്രമീകരിക്കുമ്പോള്‍ ഇരുവശങ്ങളിലുമുളള മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളെ (വള്ളം, വല മറ്റുള്ളവ) ബാധിക്കുന്നില്ലായെന്ന് കോട്ടയം/ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണെന്നും ആയതിലേക്കായി മത്സ്യത്തൊഴിലാളികള്‍ക്ക് മുന്‍കൂര്‍ നിര്‍ദേശം നല്‍കേണ്ടതാണെന്നും നിര്‍ദേശം നല്കി. യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സി. പ്രേംജി, ആലപ്പുഴ എക്സി. എന്‍ജിനിയര്‍ (മെക്കാനിക്കല്‍) ആര്. പ്രദീപ്കുമാര്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.