മോഷണത്തിനൊപ്പം അക്രമവും
1478638
Wednesday, November 13, 2024 4:46 AM IST
മുഹമ്മ: കോമളപുരം, ആര്യാട്, മുഹമ്മ, തണ്ണീർമുക്കം മേഖലകളിൽ ജനം ഭീതിയുടെ മുൾമുനയിലാണ്. ദിവസേനയാണ് മോഷണ വാർത്തകൾ പുറത്തുവരുന്നത്. തണ്ണീർമുക്കത്ത് വീട് കുത്തിത്തുറന്ന് 50 പവനുമേൽ കവർന്ന സംഭവത്തിനുശേഷമാണ് തുടർക്കഥ പോലെ മോഷണ വാർത്തകൾ പുറത്തുവരുന്നത്.
ഇതിനു പിന്നാലെയാണ് മണ്ണഞ്ചേരിയിൽ രണ്ടിടത്ത് കുറവാസംഘം സിസിടിവിയിൽ പതിഞ്ഞത്. മോഷണത്തിനൊപ്പം അക്രമവും നടത്തുന്ന മോഷണസംഘത്തെ വലയിലാക്കാൻ നാട്ടുകാരുടെ സഹകരണത്തോടെ പോലീസ് പലയിടത്തും വല വിരിച്ചിരിന്നുവെങ്കിലും കുറുവസംഘത്തെ പിടികൂടാനായില്ല.
നാട്ടുകാരെ ഞെട്ടിച്ച് കോമളപുരത്ത് രണ്ടു വീടുകളിൽ മോഷണം നടത്തുകയായിരുന്നു. മറ്റ് വീടുകളിലും മോഷണശ്രമം ഉണ്ടായി. കോമളപുരം നായ്ക്കാംവെളിയിൽ അജയകുമാറിന്റെ വീട്ടിലാണ് ആദ്യം മോഷണം നടന്നത്.
മഴയത്താണ് മോഷ്ടാക്കൾ എത്തിയത്. രണ്ടു പേർ ഓടിപ്പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. അടുക്കള വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്. മാല പൊട്ടിച്ച് മോഷ്ടാക്കൾ പുറത്തു കടന്നശേഷമാണ് വീട്ടുകാർ അറിയുന്നത്. ഉപ്പൂറ്റി നിലത്ത് മുട്ടാത്ത രീതിയിലാണ് മോഷ്ടാക്കൾ അകത്തു കയറിയതെന്നാണ് അജയകുമാർ പറയുന്നത്.
മുഹമ്മയിൽ നടന്ന മോഷണങ്ങളും നാടിനെ ഭീതിയിലാഴ്ത്തി. ഭാരതീയ വിചാര കേന്ദ്രം മുൻ ഡയറക്ടർ പരമേശ്വർജിയുടെ കുടുംബവീട്ടിൽ ആയിരുന്നു ആദ്യ മോഷണം. വാതിൽ പൊളിച്ച് അകത്തു കയറിയാണ് മോഷണം നടത്തിയത്. പൂജാമുറിയിലെ കാണിക്ക പാത്രത്തിലെ പണം ഉൾപ്പെടെ ഇവിടെനിന്ന് കവർന്നു. ഇതിനു പിന്നാലെ കായിപ്പുറത്തും കൊച്ചനാകുളങ്ങരയിലുമായി രണ്ടു കടകളിൽ മോഷണം നടന്നു.
കായിപ്പുറം മാളിക വെളിയിൽ രാജേന്ദ്രന്റെ സ്റ്റേഷനറി കടയിലും കായിക്കര നന്ദു പുറത്ത് ചിറയിൽ സുരേഷിന്റെ സ്റ്റേഷനറിക്കടയിലുമാണ് മോഷണം നടന്നത്. സുരേഷിന്റെ മൂന്നു മുറിയുള്ള കടയിൽ എല്ലാ മുറികളിലും കള്ളൻ കയറി.
പലചരക്കു കടയുടെ കതക് പൊളിച്ച് അകത്തുകയറി മേശവലിപ്പ് തുറന്നാണ് പണം അപഹരിച്ചത്. ചേർന്നുള്ള മുറിയുടെ പിന്നിലെ വാതിൽ പൊളിച്ചും അകത്ത് കയറി. പണം മാത്രമാണ് കവർന്നത്.രാജേന്ദ്രന്റെ കടയുടെ പിൻവശത്തെ വാതിൽ പൊളിച്ചാണ് അകത്തുകയറിയത്.ഇവിടെനിന്നും പണം മാത്രമാണ് കവർന്നത്.