എസി റോഡിൽ പാലത്തിൽ വിള്ളൽ : അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിക്കു പരാതി
1478643
Wednesday, November 13, 2024 4:46 AM IST
മങ്കൊമ്പ്: കോടികൾ മുടക്കിയുള്ള എസി റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമാണം പൂർത്തിയായി വരുന്ന കിടങ്ങറ സമാന്തര പാലത്തിന്റെ നിർമാണജോലികളിൽ അപാകതകളേറെയെന്നു ആക്ഷേപം. കോടികൾ മുടക്കി കിടങ്ങറയാറിനു കുറുകെ നിർമിക്കുന്ന പാലത്തിന്റെ സ്പാനുകളിൽ പലതിലും വിള്ളലുകൾ രൂപപ്പെടുന്നതായാണ് നാട്ടുകാരുടെ പരാതി.
നിർമാണജോലികളിൽ സംഭവിച്ചിട്ടുള്ള അപാകതകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ടു ഇതിനകംതന്നെ വകുപ്പുമന്ത്രിക്കു പരാതിയും നൽകിക്കഴിഞ്ഞു. ദിവസേന നൂറുകണക്കിനു വാഹനങ്ങൾ ഗതാഗതം നടത്തുന്ന റൂട്ടിലെ പ്രധാന പാലങ്ങളിലൊന്നാണിത്. വാഹനപ്പെരുപ്പം കണക്കിലെടുത്താണ് നിലവിലുണ്ടായിരുന്ന പാലത്തിനു സമാന്തരമായി പുതിയ പാലം നിർമിക്കുന്നത്.
എന്നാൽ, നിർമാണജോലികൾ പൂർത്തിയാകും മുൻപു തന്നെ പാലത്തിൽ ബലക്ഷയം പ്രകടമാകുന്നത് നാട്ടുകാരെ അസ്വസ്ഥരാക്കുന്നു. പാലത്തിന്റെ ഇരുകരകളിലുമുള്ള സ്പാനുകളിൽ അഞ്ചിടത്താണ് വിള്ളലുകൾ കാണപ്പെടുന്നതെന്നു നാട്ടുകാർ പറയുന്നു. മഴയുള്ള സമയങ്ങളിൽ വിള്ളലുകളിൽക്കൂടി വെള്ളം താഴേക്കൊഴുകുന്നതായാണ് പരാതി.
പാലത്തിന്റെ ചോർച്ച ഭാവിയിൽ വാർക്കാനുപയോഗിക്കുന്ന കമ്പികൾക്കുവരെ കേടുപാടുകളുണ്ടാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. അതേസമയം 1982ൽ നിർമിച്ച പഴയ പാലത്തിനു ഇപ്പോഴും യാതൊരു തകരാറുകളും സംഭവിച്ചിട്ടില്ല.
പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുന്നതോടെ വിള്ളൽ കൂടുതൽ സങ്കീർണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. എസി റോഡ് നവീകരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ നേരത്തെ തന്നെ പരാതികളുയർന്നിരുന്നു. നിർമാണം പൂർത്തീകരിച്ച മേൽപ്പാലങ്ങളിലെ ടാറിംഗ് നിലവാരമില്ലെന്നു കണ്ടതോടെ നീക്കംചെയ്തിരുന്നു.
വേണ്ടത്ര പഠനങ്ങളില്ലാതെയാണ് മാസ്റ്റർ പ്ലാൻ തയാറാക്കിയതെന്നുപോലും പരാതികളുണ്ട്. ഇരവശവും ഓടകളടക്കം അനാവശ്യനിർമാണങ്ങളുടെ പേരിൽ കോടികൾ പാഴാക്കിയതായും ആക്ഷേപങ്ങളുയർന്നിരുന്നു. പാലത്തിന്റെ ബലക്ഷയം സംബന്ധിച്ചു അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്തെ ബ്ലോക്കുപഞ്ചായത്തംഗം സി.വി. രാജീവ് പൊതുമരാമത്തു മന്ത്രിക്കു പാരതി നൽകി.
നിർമാണക്കരാർ ഏറ്റെടുത്തിട്ടുള്ള കമ്പനിയുടെ അലംഭാവത്തിന്റെ തെളിവാണ് ഇപ്പോൾ പ്രകടമാകുന്നതെന്നു പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ കമ്പനിക്കെതിരേ വിജിലൻസ് അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.