കായംകുളത്ത് വേദി വേണോ വേണ്ടയോ? കലോത്സവം അനിശ്ചിതത്വത്തിൽ
1478207
Monday, November 11, 2024 5:07 AM IST
വേദി മാറ്റണമെന്ന നിലപാടിൽ ഭൂരിപക്ഷം അധ്യാപക സംഘടനകളും ഉറച്ചുതന്നെ
കായംകുളം: സ്വാഗതസംഘം ഭാരവാഹികളെ നിശ്ചയിക്കുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനു പരിഹാരം കാണാത്തതിനെ ത്തുടർന്ന് റവന്യു ജില്ല കലോത്സവം നടത്തിപ്പ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു.കായംകുളത്ത് വേദി വേണോ വേണ്ടയോ എന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം ഭൂരിപക്ഷം അധ്യാപക സംഘടനകളും കായംകുളത്തുനിന്നു കലോത്സവം മാറ്റണമെന്ന നിലപാടാണ് സ്വീകരിച്ചത്.എന്നാൽ കായംകുളത്തുതന്നെ കലോത്സവം നടത്തണമെന്നും വേണ്ട തിരുത്തലുകൾക്ക് തയാറാണെന്നുമാണ് നഗരസഭയുടെ നിലപാട്.സ്വാഗതസംഘം രൂപീകരണ യോഗത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് എകെഎസ്ടിയുവിലെ ബീന ഉൾപ്പെടെയുള്ള അധ്യാപകർക്കെതിരേ വകുപ്പുതല നടപടി വേണമെന്ന ആവശ്യവുമായി നഗരസഭ പ്രമേയം പാസാക്കിയിരുന്നു.
എന്നാൽ ഇപ്പോൾ വേണ്ടിവന്നാൽ പ്രമേയത്തിലെ കടുംപിടിത്തം ഒഴിവാക്കി പ്രമേയത്തിൽ നഗരസഭ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ്. പ്രമേയത്തിൽ ഒപ്പു വച്ചിട്ടില്ലന്നും മിനിട്സിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും മാറ്റങ്ങൾ വരുത്താമെന്നും നഗരസഭാ ചെയർപേഴ്സൺ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ അറിയിച്ചതായി അറിയുന്നു. നഗരസഭ നിലപാടിൽനിന്ന് പിന്നാക്കം പോകുമ്പോൾ അധ്യാപക സംഘടനകൾ വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.
സിപിഐ അനുകൂല അധ്യാപക സം ഘടനയായ എകെഎസ്ടിയു ഭാരവാഹിയടക്കമുള്ള അധ്യാപ കർക്കെതിരേ നടപടി വേണമെന്ന നഗരസഭാ പ്രമേയമാണ് പ്രശ്നം രൂക്ഷമാക്കിയത്. സിപിഎം അനുകൂല അധ്യാപക സംഘടന കെഎസ്ടിഎ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നഗരസഭാ ചെയർപേഴ്സന്റെ ഉറപ്പ് കണക്കിലെടുത്ത് കായംകുളത്ത് കലോത്സവം നടത്തണമെന്ന നിലപാടാണ് എൻടിയു അധ്യാപക സംഘടന സ്വീകരിച്ചിട്ടുള്ളത്.
വിഷയത്തിൽ വിട്ടുവീഴ്ചയാകാമെന്നും ചർച്ചയ്ക്ക് തയാറാണെന്നും നഗരസഭാ നേതൃത്വം അറി യിച്ചെങ്കിലും കലോത്സവവേദി മാറ്റണമെന്ന നിലപാടിൽ ഭൂരിപക്ഷം അധ്യാപക സംഘടനകളും ഉറച്ചുനിൽക്കുകയാണ്.