സംസ്ഥാന സ്കൂള്‍ കായികമേള: കബഡിയില്‍ ആലപ്പുഴയ്ക്ക് കിരീടം
1478680
Wednesday, November 13, 2024 4:55 AM IST
ചേര്‍ത്തല: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കബഡി സീനിയര്‍ പെണ്‍കുട്ടികളുടെ സ്വര്‍ണത്തിലൂടെ ആലപ്പുഴ നേടിയ സുവര്‍ണനേട്ടത്തില്‍ ചേര്‍ത്തല ഗവ. ഗേള്‍സ് സ്കൂളിന് അഭിമാന നിമിഷം. സ്കൂള്‍ മേളയുടെ ചരിത്രത്തിലാദ്യമായാണ് കബഡിയില്‍ ആലപ്പുഴ പെണ്കിരീടം ചൂടുന്നത്.
ഈ ടീമില്‍ ചേര്‍ത്തല ഗവ. ഗേള്‍സ് സ്കൂളിലെ ഏഴു താരങ്ങളുടെ പങ്കാളിത്തം സ്കൂളിനും അഭിമാനമായി മാറി. 12 അംഗ സംഘത്തില്‍ ചേര്‍ത്തല ഗേള്‍സ് സ്കൂളിലെ ഗൗരിശങ്കരി, എസ്. അനശ്വര, ദേവനന്ദന, സ്വീറ്റി സണ്ണി, ബി. ഋതു, അനുലക്ഷ്മി, ഗൗരിപാര്‍വതി എന്നിവരാണ് ആലപ്പുഴയുടെ സ്വര്‍ണനേട്ടത്തിന് ചുക്കാന്‍ പിടിച്ചത്. 2001ല്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിജയത്തിനുശേഷം 23 വര്‍ഷം പിന്നിടുമ്പോഴാണ് കബഡിയില്‍ ആലപ്പുഴയ്ക്ക് കിരീടമെത്തുന്നത്.
മികച്ച പ്രകടനത്തിലൂടെ ചേര്‍ത്തല ഗേള്‍സ് സ്കൂളിലെ ഗൗരിശങ്കരി, എസ്. അനശ്വര, ദേവനന്ദന എന്നിവര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമില്‍ ഇടംപിടിച്ചു. ആദ്യ റിസര്‍വായി സ്വീറ്റി സണ്ണിയെയും തെരഞ്ഞെടുത്തു. സിനിയര്‍ മത്സരത്തില്‍ പ്രൊമിസിംഗ് താരമായി തിരഞ്ഞെടുത്ത ഗൗരിശങ്കരിയായിരുന്നു ടീമിനെ നയിച്ചത്.
ഇവരെ കൂടാതെ പൂച്ചാക്കല്‍ ശ്രീകണ്ഠേശ്വരം സ്കൂളിലെ ഭാഗ്യശ്രീ, എന്‍എസ്എസ് എച്ച്എസ്എസ് തൃച്ചാറ്റുകുളം സ്കൂളിലെ ആര്യനന്ദ എസ്. നായര്‍, കായംകുളം കട്ടച്ചിറ ജോണ്‍ കെന്നഡി മെമ്മോറിയല്‍ സ്കൂളിലെ ആര്‍ദ്ര ബി. വിജയന്, ബുധനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ്. ആര്യ, റോമാ പോള്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
ചേര്‍ത്തല സെവന് ഹീറോസിന്റെ താരങ്ങളാണ് ചേര്‍ത്തല ഗവൺമെന്റ് ഗേള്‍സ് സ്കൂളിലെ ഏഴു പേരും. കായികാധ്യാപകന് പി. പ്രസാദിന്റെ നേതൃത്വത്തില്‍ 2001ല്‍ ചാമ്പ്യന്മാരായ ജില്ലാ ടീമംഗങ്ങളായ എസ്. മുകേഷ്, സുജീഷ് എന്നിവരും കൃഷ്ണദാസ് റോയിയുമാണ് ടീമിനെ പരിശീലിപ്പിച്ചത്. സബിതാ രതീഷായിരുന്നു ടീം മാനേജര്‍.