കായംകുളം കായലോരത്ത് ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ നിർമാണം ആരംഭി്ചു
1478520
Tuesday, November 12, 2024 7:25 AM IST
കായംകുളം: കായലോരത്തെ ടൂറിസം പദ്ധതി പ്രദേശത്ത് പുതിയ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ നിര്‍മാണം ആരംഭിച്ചു. നിലവിലുള്ള സ്റ്റേജിന് അനുബന്ധമായിട്ടാണ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മിക്കുന്നത്.
യു. പ്രതിഭ എംഎല്‍എയുടെ മണ്ഡല ആസ്തി വികസന ഫണ്ടില്‍നിന്ന് 65 ലക്ഷം രൂപ വിനിയോഗിച്ച് 30 മീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലുമാണ് ഓഡിറ്റോറിയം നിര്‍മിക്കുന്നത്. പൊതുമരാമത്തുവകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിര്‍മാണ ചുമതല.
കൂടാതെ പദ്ധതി പ്രദേശത്ത് സംരക്ഷണവേലി സ്ഥാപിക്കുന്നതിന് വിനോദസഞ്ചാരവകുപ്പില്‍ നിന്നും 43.71 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. എന്നാല്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ച കായലോര ടൂറിസം പദ്ധതി അനന്തമായി നീളുകയാണ്. വിനോദ സഞ്ചാരികള്‍ക്ക് ബോധവത്കരണ കേന്ദ്രം, ഭക്ഷണശാല, ലൈഫ് ഗാര്ഡിനുവേണ്ടിയുള്ള മുറി, പോലീസ് ബൂത്ത്, കായല്‍ സൗന്ദര്യം ആസ്വദിക്കുന്നതിന് ബോട്ട് വാക് വ്യൂ, കുട്ടികള്‍ക്കായി പാര്‍ക്ക്, മത്സ്യ കന്യകയുടെ ശില്‍പ്പം തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതില്‍ മത്സ്യകന്യകയും കുട്ടികളുടെ പാര്‍ക്കും പോലീസ് ബൂത്തും നിര്‍മിച്ചു.
ദേശീയപാതയില്‍നിന്ന് ഡിടിപിസി അമിനിറ്റി സെന്റര്‍ വരെയുള്ള ഉപജലപാത ചെളിയും മണ്ണും നീക്കി ആഴവും വീതിയും കൂട്ടുന്നത് പ്രഖ്യാപനത്തില്‍ ഒതുങ്ങി. ചെളിയും മണ്ണും നീക്കി കായലിന്റെ ആഴം കൂട്ടിയെങ്കില്‍ മാത്രമേ ഹൗസ്ബോട്ടുകള്‍ക്ക് ടെര്‍മിനലിലേക്ക് കടന്നുവരാന്‍ കഴിയൂ.
കായല്‍ ആഴം കൂട്ടാനുള്ള ഡ്രജ്ജിംഗ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുമുണ്ട്. മെഗാ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വിനോദ സഞ്ചാര ഭൂപടത്തില്‍ കായംകുളം ഇടംനേടുമെന്ന പ്രതീക്ഷയാണുള്ളത്. പക്ഷേ, ടൂറിസം പദ്ധതി നിര്‍മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാത്തത് മൂലം ആ പ്രതീക്ഷക്ക് മങ്ങലേല്‍ക്കുകയാണ്.