വിത്തു നൽകുന്നതിൽനിന്നു കൃഷിഭവനുകൾ പിന്മാറുന്നു: കർഷക കോൺഗ്രസ്
1478519
Tuesday, November 12, 2024 7:25 AM IST
ആലപ്പുഴ: പുഞ്ചകൃഷിക്ക് തയാറെടുപ്പ് നടത്തുന്ന കർഷകർക്കാവശ്യമായ വിത്ത് ലഭിക്കുന്നതിന് രേഖാമൂലം അപേക്ഷിച്ച കർഷകരോട് കൃഷിഭവനുകൾ സാങ്കേതിക തടസങ്ങൾ പറഞ്ഞതായി ആരോപ ണം. പുന്നപ്ര വടക്ക് കൃഷിഭവനുകളിലെ 502 ഏക്കർ വിസ്തൃതിയുള്ള വെട്ടിക്കരി പാടശേഖരത്തിലെ കർഷകരോടും നെടുമുടി കൃഷിഭവനു കീഴിലെ 198 ഏക്കർ വിസ്തൃതിയുള്ള മുട്ടനാകരി പാടശേഖരത്തിലെ കർഷക സമിതിയിലെ ഭാരവാഹികളോടും വിത്തു നൽകാൻ സാങ്കേതിക തടസങ്ങൾ പറഞ്ഞതായാണ് പരാതി.
കൃഷിഭവനുകളിൽനിന്ന് കർഷകർക്ക് ലഭ്യമാക്കുന്ന മണിരത്നം നെൽവിത്ത് സ്വകാര്യവ്യക്തികൾ വിതരണത്തിനായി ശേഖരിച്ച് കഴിഞ്ഞാണ് വിതരണത്തിനുള്ള സാങ്കേതിക തടസം കൃഷിഭവനകളിൽനിന്നും കർഷകർക്ക് ലഭിച്ചത്. കഴിഞ്ഞകാലങ്ങളിലെ വിത്തുവാങ്ങി വിതച്ച കർഷകർക്ക് സബ്സിഡി തുക ഇന്നും ലഭിക്കാനുണ്ട്. വിത്ത് ലഭിക്കാൻ സാധ്യതയില്ല എന്ന അറിയിപ്പ് കർഷകരെ വലിയ ആശങ്കയിലാക്കി.
പകരം സംവിധാനം ഏർപ്പെടുത്തി കർഷകരെ വിത്തു നൽകി സഹായിക്കാൻ ആവശ്യമായ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകാൻ കർഷക കോൺഗ്രസ് അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. യോഗം ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി മുട്ടശേരി അധ്യക്ഷത വഹിച്ചു. സിബി മൂലംകുന്നം, സാബു വെള്ളാപ്പള്ളി, ബേബിച്ചൻ ആഞ്ഞിലിപ്പറമ്പിൽ, ഷാജി നാല്പതിൽ, ഔസേപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.