കണ്ണൂർ: എൻജിഒ കോൺഫെഡറേഷൻ കണ്ണൂർ രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കയ്റോസ്, എ.പി.ജെ. അബ്ദുൾ കലാം ലൈബ്രറി, സുസ്ഥിര, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ എംപവർമെന്റ് കോട്ടൂർ ഏജൻസി എന്നിവയുടെ സഹകരണത്തോടെ വനിതകൾക്കു നൽകുന്ന സ്കൂട്ടറുകളുടെ വിതരണോദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. അന്പത് ശതമാനം സബ്സിഡിയോടു കൂടി 379 സ്കൂട്ടറുകളാണ് വനിതകൾക്ക് നൽകുന്നത്.
പള്ളിക്കുളം കേനന്നൂർ ഹോണ്ട ഷോറൂമിൽ നടന്ന വിതരണോദ്ഘാടന ചടങ്ങിൽ കയ്റോസ് ഡയറക്ടർ ഫാ. ജോർജ് മാത്യു ചെന്പകശേരി അധ്യക്ഷത വഹിച്ചു. ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി മുഖ്യാതിഥിയായിരുന്നു. നാഷണൽ എൻജിഒ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി പി.കെ. ബൈജു, ചിറക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അനിൽകുമാർ, കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. ബാലൻ, കാനന്നൂർ ഹോണ്ട എംഡി വിക്രം വത്സരാജ്, എ.പി.ജെ. അബ്ദുൾ കലാം ലൈബ്രറി വൈസ് പ്രസിഡന്റ് രാജീവൻ കാട്ടാന്പള്ളി എന്നിവർ പ്രസംഗിച്ചു.