സാന്തോം ബൈബിൾ കൺവൻഷൻ ഞായറാഴ്ച സമാപിക്കും
Saturday, November 9, 2019 6:07 PM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തിൽ ഐഎൻഎ ത്യാഗരാജ് സ്റ്റേഡിയത്തിൽ മൂന്നുദിവസമായി നടന്നുവരുന്ന സാന്തോം ബൈബിൾ കൺവൻഷന് ഞായറാഴ്ച വൈകുന്നേരം 5.30ന് സമാപനമാകും. പ്രശസ്ത വചനപ്രഘോഷകനായ ഫാ. ജോയ് ചെമ്പകശേരിയും ടീമും ആണ് കൺവൻഷന് നേതൃത്വം നൽകുന്നത്.

കൺവൻഷനിലെ പ്രധാന ദിനമായ നവംബർ 10ന് (ഞായർ) രാവിലെ ജപമാലയ്ക്കുശേഷം ദിവ്യകാരുണ്യ ആത്മാഭിഷേക ആരാധനയെത്തുടർന്നു ഭക്തിനിർഭരമായ ദിവ്യകാരുണ്യ പ്രദക്ഷിണം ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞു 2 ന് 2018-19 വർഷങ്ങളിൽ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളുടെ ഏയ്ഞ്ചൽസ് മീറ്റ്. 2.15 ന് രൂപതയുടെ സഹായമെത്രാനായി നിയമിതനായിരിക്കുന്ന മാർ ജോസ്‌ പുത്തൻവീട്ടിലിന്‍റെ പ്രധാന കാർമികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ ദിവ്യ ബലിയിൽ, എല്ലാ ഫൊറോനാ വികാരിമാരും ആലോചനസമിതി അംഗങ്ങളും വിവിധ സന്യാസ സമൂഹങ്ങളുടെ പ്രൊവിൻഷ്യൽമാരും രൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരാകും.

ശനി രാവിലെ നടന്ന ജപമാലയ്ക്കും ആരാധനയ്‌ക്കും ശേഷം നടന്ന ദിവ്യബലിക്ക് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകി. കുടുംബങ്ങളുടെ വിശുദ്ധീകരണമാണ് ദൈവജനത്തിന്‍റെ അനുഗ്രഹങ്ങൾക്ക് നിദാനമെന്നു ആർച്ച്ബിഷപ് പറഞ്ഞു.

ഉച്ചകഴിഞ്ഞു നടന്ന അനുമോദനയോഗത്തിൽ വിവിധ രംഗങ്ങളിൽ മികവു തെളിയിച്ചവരെ ആദരിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് നയിച്ച ക്ലാസ് ദൈവജനത്തിന് പുത്തൻ ഉണർവേകി.ആരാധനയോടെ ശുശ്രൂഷകൾക്ക് സമാപനമായി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്