വാക്കുതർക്കം; ബസ് യാത്രയ്ക്കിടെ റോഡിലേക്ക് ചാടി പെൺകുട്ടി
ന്യൂഡൽഹി: ബസ് യാത്രയ്ക്കിടെ ഡ്രൈവറുമായും യാത്രക്കാരനുമായും വാക്കുതർക്കത്തിലേർപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബസിൽ നിന്നും പുറത്തേക്ക് ചാടി. ബുരാരിയിലെ നാഥ്പുര മേഖലയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇബ്രാഹിംപൂർ ചൗക്കിൽ നിന്ന് ബസിൽ കയറിയ പെൺകുട്ടി, ഡ്രൈവർ ദീപക്, യാത്രക്കാരനായ മനോജ് എന്നിവരുമായാണ് വാക്കുതർക്കത്തിലേർപ്പെട്ടത്. അൽപ്പ സമയത്തിനു ശേഷം പെൺകുട്ടി ബസിൽ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു.
സംഭവം കണ്ടുനിന്ന രണ്ട് പേർ ഷാലിമാർ പാലസ് ചൗക്കിന് സമീപം ബസ് തടഞ്ഞുനിർത്തി. പീഡനശ്രമത്തെ തുടർന്ന് പെൺകുട്ടി രക്ഷപെടാനാണ് ബസിൽ നിന്നും ചാടിയെന്ന വാർത്ത പരന്നതോടെ തടിച്ചുകൂടിയ ജനക്കൂട്ടം ഇരുവരെയും മർദിച്ചു.
വിവരമറിഞ്ഞെത്തിയ പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെയും രണ്ട് പുരുഷന്മാരെയും മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരുവരും തന്നെ പീഡിപ്പിക്കുകയോ തന്നോട് ലൈംഗീക ഉദ്ദേശത്തോടെ പെരുമാറുകയോ ചെയ്തില്ലെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡൽഹിയിലെ ചേരിയിൽ വൻ തീപിടിത്തം
ന്യൂഡൽഹി: ഷഹ്ദര റാണി ഗാർഡനിലെ ചേരി പ്രദേശത്തു വന് തീപിടിത്തം. ഇന്നു പുലര്ച്ചെയാണ് സംഭവം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധി കുടിലുകൾ പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞയുടൻ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയതായി പോലീസ് അറിയിച്ചു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രദേശത്ത് പത്തിലേറെ കുടിലുകളും ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഒരു ഗോഡൗണും ഉണ്ടായിരുന്നതായി മുതിർന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇവ പൂർണമായും കത്തിനശിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്വാസംമുട്ടി ഡൽഹി; മാസ്ക് ധരിച്ച് പുറത്തിറങ്ങാൻ നിർദേശം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണത്തോത് അപകടാവസ്ഥയിലെത്തിയതോടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഗ്രേഡഡ് റസ്പോണ്സ് ആക്ഷൻ പ്ലാൻ സ്റ്റേജ് 4 (ഗ്രേപ്പ് 4) തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
“സിവിയർ പ്ലസ്’’ വിഭാഗത്തിലാണ് ഡൽഹിയിലെ വായു ഗുണനിലവാരം തുടരുന്നത്. തിങ്കളാഴ്ച രാവിലെ നഗരപ്രദേശങ്ങളിൽ പലയിടത്തും എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 490ന് മുകളിലെത്തിയിരുന്നു.
ലോകാരോഗ്യ സംഘടന നിർദേശിച്ചിരിക്കുന്ന തോതിന്റെ 60 മടങ്ങാണിത്. ഈ സീസണിലെ ഏറ്റവും മോശമായ അവസ്ഥയാണിത്. അടുത്ത ആറു ദിവസത്തേക്ക് സ്ഥിതി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുറത്തിറങ്ങുന്പോൾ മാസ്ക് ധരിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ അനുഭവപ്പെട്ട മൂടൽമഞ്ഞ് കാരണം ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് വിമാനങ്ങൾ വഴിതിരിച്ചു വിടുകയും വൈകുകയും ചെയ്തു. ട്രെയിൻ സർവീസുകളും വൈകി.
നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ 10,12 ഒഴികെയുള്ള ക്ലാസുകളിൽ ഓണ്ലൈൻ ക്ലാസ് ഏർപ്പെടുത്തി. വിദ്യാർഥികൾക്ക് ഓഫ് ലൈൻ ക്ലാസുകൾ നൽകുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളുടെയും മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അവശ്യസേവനങ്ങൾക്കൊഴികെ ഡൽഹിയിലേക്കെത്തുന്ന ട്രക്കുകൾക്ക് പ്രവേശനമില്ല. ഹൈവേകൾ, റോഡുകൾ, മേൽപ്പാലങ്ങൾ, വൈദ്യുതി ലൈനുകൾ, പൈപ്പ് ലൈനുകൾ, മറ്റ് പൊതു പദ്ധതികൾ എന്നിവയുൾപ്പെടെ എല്ലാ നിർമാണ പ്രവർത്തനങ്ങളും താത്കാലികമായി നിർത്തിവച്ചു.
ഇവയ്ക്കുപുറമേ ജീവനക്കാർക്കായി വർക്ക് ഫ്രം ഹോം സാധ്യത നടപ്പാക്കാനും സർക്കാർ ശിപാർശ ചെയ്തു. പൊടി ഇല്ലാതാക്കാൻ കൂടുതൽ യന്ത്രവത്കൃത റോഡ് സ്വീപ്പിംഗ്, വെള്ളം തളിക്കൽ യന്ത്രങ്ങൾ വിന്യസിക്കാനും തീരുമാനമായി.
ന്യൂഡൽഹി: ഹരിനഗർ സെന്റ് ചാവറ കുര്യാക്കോസ് ദേവാലത്തിൽ തിരുനാളിന്റെ കൊടിയേറ്റ് ഫരിദാബാദ് രൂപത വികാരി ജനറൽ ഫാ.ജോൺ ചോഴിത്തറ നിർവഹിച്ചു.
ഇടവക വികാരി ഫാ. ജോയ് പുതുശേരി, ഫാ. തോമസ് കൊള്ളികൊളവിൽ, കൈക്കാരന്മാർ, ജനറൽ കൺവീനർ എന്നിവർ സന്നിഹിതരായി.
ദേശീയ പോലീസ് മീറ്റിൽ കേരളത്തിന് രണ്ടാം സ്ഥാനം
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ദേശീയ പോലീസ് അത്ലറ്റിക് മീറ്റിൽ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം സ്ഥാനം ഉത്തർപ്രദേശിനാണ്. കേരള ടീമിന് ആറ് സ്വർണവും ഏഴിന് വെള്ളിയും അഞ്ച് വെങ്കലവുമാണ് ലഭിച്ചത്.
73-ാമത് ഓൾ ഇന്ത്യ അത്ലറ്റിക് ആന്റ് സൈക്കിളിംഗ് ക്ലസ്റ്റർ മത്സരങ്ങളിൽ കേരള പോലീസ് വനിതാ വിഭാഗത്തിൽ ഓവറോൾ റണ്ണേഴ്സ് അപ്പ് ആയി. മാത്രമല്ല സൈക്കിളിംഗിൽ സംസ്ഥാന ചാമ്പ്യന്മാർ ആകുകയും ചെയ്തു.
പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ കെ. അർജുനും വനിതകളുടെ ഹൈജമ്പിൽ ആതിര സോമരാജുമാണ് റിക്കാർഡ് നേട്ടം കൈവരിച്ചത്.
വയനാട്ടിൽനിന്ന് ഡൽഹിയിലെത്തിയപ്പോൾ ഗ്യാസ് ചേംബറിൽ കയറിയതുപോലെ: പ്രിയങ്ക
ന്യൂഡൽഹി: വായു ഗുണനിലവാര സൂചിക (എക്യുഐ) 35 മാത്രമുള്ള, മനോഹരമായ അന്തരീക്ഷമടങ്ങിയ വയനാട്ടിൽനിന്ന് ഡൽഹിയിലേക്കു മടങ്ങിയെത്തുന്നത് ഗ്യാസ് ചേംബറിൽ പ്രവേശിക്കുന്നതുപോലെയാണെന്ന് എഐസിസി ജനറൽ സെക്രട്ടറിയും വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർഥിയുമായ പ്രിയങ്ക ഗാന്ധി.
ഡൽഹിയെ ആവരണം ചെയ്തിരിക്കുന്ന കനത്ത പുകമഞ്ഞ് ആകാശത്തുനിന്നു കാണുന്പോൾ കൂടുതൽ ഞെട്ടിക്കുന്നതാണെന്നും പ്രിയങ്ക സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഡൽഹിയിലെ എക്യുഐ തുടർച്ചയായി രണ്ടാം ദിവസവും "രൂക്ഷമായ' നിലയിൽ തുടരുന്നതിനിടെയാണു പ്രിയങ്കയുടെ പ്രതികരണം.
രാജ്യതലസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും കഴിഞ്ഞദിവസങ്ങളിൽ 400നു മുകളിലാണ് എക്യുഐ രേഖപ്പെടുത്തിയത്. ചുമയും ശ്വാസതടസങ്ങളുമായി ആശുപത്രികളിൽ അഭയം തേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ട്.
വായുമലിനീകരണം: ശ്വാസംമുട്ടി രാജ്യതലസ്ഥാനം
ന്യൂഡല്ഹി: വായുമലിനീകരണം പരിധി വിട്ടതോടെ രാജ്യതലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള് ഏർപ്പെടുത്തി. അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്ക്ക് പഠനം ഓണ്ലൈനാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി അതിഷി അറിയിച്ചു.
റോഡ് നിര്മാണം, കെട്ടിട നിര്മാണം, നടപ്പാത നിര്മാണം, നിലം കുഴിക്കല്, അഴുക്കുചാല് നിര്മാണം, നിര്മാണ സാധനങ്ങളുടെ കയറ്റിറക്കല് എന്നിവയുള്പ്പെടെ എല്ലാ പ്രവര്ത്തനം നിരോധിച്ചു.
വൈദ്യുതിയിലും സിഎന്ജിയിലും പ്രവര്ത്തിക്കുന്ന വാഹനങ്ങള്, ബിഎസ്-6 നിലവാരത്തിലുള്ള വാഹനങ്ങള് എന്നിവയൊഴികെ മറ്റെല്ലാ വാഹനങ്ങളും ഡല്ഹിയില് ഓടുന്നതിന് നിരോധനമുണ്ട്.
അന്തർ സംസ്ഥാന ബസുകളും ട്രക്കുകളും ഡല്ഹിയില് പ്രവേശിക്കുന്നതു തടയും. വായു ഗുണനിലവാര സൂചിക 424 എന്ന നിലയിലേക്ക് ഉയര്ന്നതോടെയാണ് കടുത്ത നിയന്ത്രണങ്ങള് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മണ്ഡല മകര വിളക്ക് മഹോത്സവം ശനിയാഴ്ച
ന്യൂ ഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡല മകര വിളക്ക് മഹോത്സവം ശനിയാഴ്ച(1200 വൃശ്ചികം 1) ശനിയാഴ്ച അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടുകൂടി ആരംഭിക്കും.
ക്ഷേത്ര മേൽശാന്തി രാജേഷ് കുമാറിന്റെ മുഖ്യകാർമികത്വത്തിലാവും പൂജാദികൾ അരങ്ങേറുക. 2025 ജനുവരി 14 (മകരം 1) ചൊവ്വാഴ്ച വൈകുന്നേരം മകര വിളക്ക് ദർശനത്തോടെ ചടങ്ങുകൾ സമാപിക്കും.
ഉത്സവത്തോടനുബന്ധിച്ച് എല്ലാ ശനിയാഴ്ചകളിൽ വൈകുന്നേരവും ഞായറാഴ്ചകളിൽ ഉച്ചയ്ക്കും അന്നദാനം ഉണ്ടായിരിക്കുന്നതാണ്.
ഭക്തജനങ്ങൾക്ക് അന്നദാനവും മറ്റു വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് 01244004479, 9311874983 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു
ന്യൂഡൽഹി: ദ്വാരകയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കാറിലുണ്ടായിരുന്ന രണ്ടു പേരും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ദ്വാരക സെക്ടർ ഒന്നിൽ വച്ചാണ് കാറിനു തീപിടിച്ചത്.
കാറിന്റെ മുൻവശത്തുനിന്നു പുക ഉയരുന്നതു കണ്ടതോടെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. കാർ പൂർണമായും കത്തിനശിച്ചു.
ന്യൂഡൽഹി - ശ്രീനഗർ റൂട്ടിൽ വന്ദേഭാരത് ജനുവരിയിൽ
കൊല്ലം: അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്ക് കൂടി സ്വാഗതമോതി ന്യൂഡൽഹി-ശ്രീനഗർ റൂട്ടിൽ വന്ദേ സ്ലീപ്പർ ട്രെയിൻ ഓടിക്കാൻ റെയിൽവേ.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ ആയിരിക്കും ഈ ട്രെയിൻ കടന്നുപോകുക.
2025 ജനുവരി മുതൽ സർവീസ് ആരംഭിക്കാനാണ് റെയിൽവേ മന്ത്രാലയം ലക്ഷ്യമിടുന്നത്. ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ നിർമിച്ചിരിക്കുന്നതാണ് ഉയരം കൂടിയ പാലം. ജമ്മു-ബരാമുള്ള റെയിൽവേ ലൈനിന്റെ ഭാഗമാണിത്.
1315 മീറ്ററാണ് പാലത്തിന്റെ ദൈർഘ്യം. നദിയുടെ നിരപ്പിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് ഇത് നിർമിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം എന്നതിലുപരി നദിയുടെ നിരപ്പിൽ നിന്നുള്ള ഉയരം കണക്കാക്കുമ്പോൾ ലോകത്തിലെ ഉയരം കൂടിയ പാലം കൂടിയാണിത്.
ഹിമാലയൻ മലനിരകളിലെ കാഴ്ചകളും ചെനാബ് നദിയിലെ കാഴ്ചകളും ഇതുവഴിയുള്ള ട്രെയിൻ യാത്രയിൽ വിദേശ വിനോദ സഞ്ചാരികളെയടക്കം ഏറെ ആകർഷിക്കുമെന്നാണ് റെയിൽവേ അധികൃതർ പ്രതീക്ഷിക്കുന്നത്. 11 ഏസി ത്രീ ടയർ, നാല് ഏസി ടൂടയർ, ഒരു ഏസി ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ 16 കോച്ചുകൾ ഉണ്ടാകും.
ന്യൂഡൽഹി-ശ്രീനഗർ റെയിൽപ്പാതയുടെ ദൂരം 800 കിലോമീറ്ററിൽ അധികമാണ്. 13 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ നിന്ന് ഈ ട്രെയിനിൽ ശ്രീനഗറിൽ എത്താം. അമ്പാല കാന്റ് ജംഗ്ഷൻ, ലുധിയാന ജംഗ്ഷൻ, കത്തുവ, ജമ്മുതാവി, ശ്രീ മാതാ വൈഷ്ണോ ദേവി കത്ര, സങ്കൽ ദാൻ, ബനിഹാൽ തുടങ്ങി പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും.
നിലവിൽ ന്യൂഡൽഹിയിൽനിന്ന് ശ്രീ മാതാ വൈഷ്ണോ ദേവി കത്ര വരെ ഒരു വന്ദേഭാരത് എക്സ്പ്രസ് (22439) സർവീസ് നടത്തുന്നുണ്ട്. 655 കിലോ മീറ്റർ ദൈർഘ്യമുള്ള പ്രസ്തുത റൂട്ടിൽ ട്രെയിൻ എട്ട് മണിക്കൂർ 50 മിനിറ്റ് സമയമെടുത്താണ് എത്തുന്നത്.
പുതിയ വന്ദേഭാരത് വരുന്നതോടെ രാജ്യ തലസ്ഥാനത്ത് നിന്ന് ജമ്മു കശ്മീരിലേക്കുള്ള യാത്ര ഏറെ കൂടുതൽ എളുപ്പമാകും. ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും ഈ ട്രെയിൻ ഏറെ പ്രയോജനം ചെയ്യും.
തേർഡ് ഏസി - 2,000, സെക്കൻഡ് ഏസി -2,500, ഫസ്റ്റ് ക്ലാസ് ഏസി -3,000 രൂപ എന്നിങ്ങനെ ആയിരിക്കും ഏകദേശ ടിക്കറ്റ് നിരക്ക്.
സംഗീത പ്രതിഭ സംഗമം മത്സരം 24ന്
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഡൽഹി ഭദ്രാസനത്തിന്റെ രണ്ടാമത്തെ മെത്രാപ്പോലീത്തയായിരുന്ന ജോബ് മാർ പീലക്സിനോസിന്റെ സ്മരണാർഥം നടത്തുന്ന സംഗീത പ്രതിഭ സംഗമം മത്സരം ഈ മാസം 24ന് സംഘടിപ്പിക്കും.
വിശുദ്ധ കുർബാനയ്ക്കുശേഷം രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് പരിപാടി നടക്കുന്നത്. സംഗീത പ്രതിഭ സംഗമത്തിന്റെ മുഖ്യപ്രഭാഷകൻ മലങ്കര മൽപാൻ ഡോ. ജോൺസ് കോനാട്ട് റീഷ് കോറെപ്പിസ്കോപ്പ ആണ്.
മെമ്മോറിയൽ സന്ദേശം നൽകുന്നത് റവ. ചെറിയാൻ ജോസഫ് ( അസിസ്റ്റന്റ് വികാരി സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക ഗാസിയാബാദ്) ആണ്.
ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, പ്രോഗ്രാം കൺവീനേഴ്സ്ന്മാരായ ജയ്മോൻ ചാക്കോ, ജോബിൻ ടി. മാത്യു, സി.ഐ. ഐപ്പ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണം നടക്കും.
മലങ്കര സഭയുടെ ഡൽഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള ഗായക സംഘങ്ങൾ പങ്കെടുക്കും. വിജയികൾക്ക് ജോബ് മാർ പീലക്സിനോസ് എവറോളിംഗ് ട്രോഫിയും കാഷ് പ്രൈസും മൊമന്റോയും യഥാക്രമം നൽകും.
ഭക്തസഹസ്രങ്ങൾക്ക് പുണ്യം പകർന്ന് ചക്കുളത്തമ്മ പൊങ്കാല
ന്യൂഡൽഹി: ഭക്തസഹസ്രങ്ങൾക്ക് പുണ്യം പകർന്ന് ചക്കുളത്തമ്മ പൊങ്കാല. മഞ്ഞുകണങ്ങളാൽ ഈറനണിഞ്ഞ മയൂർ വിഹാറിലെ പൊങ്കാല പാർക്കിൽ പ്രത്യേകം തയാറാക്കിയ താത്കാലിക ക്ഷേത്രങ്കണമായിരുന്നു പൊങ്കാലവേദി.
ചടങ്ങുകൾക്ക് ചക്കുളത്തു കാവ് ക്ഷേത്രത്തിലെ ജയസൂര്യ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ആദ്യ ദിവസമായ ശനിയാഴ്ച ദീപാരാധന, ശനിദോഷ നിവാരണ പൂജ, ഡോ. രമേശ് ഇളമൺ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ലഘുഭക്ഷണം എന്നിവയായിരുന്നു ആദ്യ ദിവസത്തെ ചടങ്ങുകൾ.
രണ്ടാം ദിവസം മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾക്കു ശേഷം ഭദ്രദീപം കൊളുത്തി.
ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി പ്രസിഡന്റ് സി. കേശവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ജയസൂര്യ നമ്പൂതിരി, ഡോ. രമേശ് ഇളമൺ നമ്പൂതിരി, സ്ഥലം എംഎൽഎ കുൽദീപ് സിംഗ്, ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, നജഫ് ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്ര ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, എൻഎസ്എസ് ജനറൽ സെക്രട്ടറി എം.ഡി. ജയപ്രകാശ്, ട്രസ്റ്റ് സെക്രട്ടറി ഡി. ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ 2023-24 അധ്യയന വർഷത്തിൽ 12-ാം ക്ലാസിൽ ഉന്നത വിജയം നേടിയ ഇ.വി. അനന്തു, ബി. വൈഷ്ണവ്, രോഹിത് രാജ് എന്നിവരെ ചക്കുളത്തമ്മ അക്കാഡമിക് എക്സലൻസ് അവാർഡുകളും കാഷ് പ്രൈസും നൽകി ആദരിച്ചു.
തുടർന്ന് ചക്കുളത്തുകാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർഥനയ്ക്കു ശേഷം ക്ഷേത്ര ശ്രീകോവിലിൽനിന്നും കൊളുത്തിയ ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് പകർന്നപ്പോൾ ഭക്തജനങ്ങൾ വായ്ക്കുരവായാൽ ചക്കുളത്തമ്മയെ സ്തുതിച്ചു.
തുടർന്ന് ഭക്തർ തങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്കു അഗ്നി പകർന്നതോടെ പൊങ്കാലക്ക് ആരംഭമായി. ശ്രീധർമ്മ ശാസ്താ സേവാ സമിതി, മയൂർ വിഹാർ ഫേസ്-2 അവതരിപ്പിച്ച ഭജനാമൃതം ക്ഷേത്രാങ്കണം ഭക്തി സാന്ദ്രമാക്കി.
പല്ലശന ഉണ്ണി മാരാരും സംഘവും ഉത്സവ ദിവസങ്ങളിൽ താള മേളങ്ങളുടെ പെരുമഴയുതിർത്തു. വിദ്യാകലശം, മഹാകലശം, പറയിടൽ എന്നിവയും ഉണ്ടായിരുന്നു. അന്നദാനത്തോടെ ചടങ്ങുകൾ സമാപിച്ചു.
ഡൽഹിയിൽ കൗമാരക്കാരനെ കുത്തിക്കൊന്നു
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ കൗമാരക്കാരനെ കുത്തിക്കൊന്നു. മുസ്തഫാബാദ് പ്രദേശവാസിയായ 16 വയസുകാരനെ മറ്റു ചില ആൺകുട്ടികൾ ചേർന്ന് വയറിൽ ഒന്നിലധികം തവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
കുട്ടിയെ ജഗ് പ്രവേശൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ ദയാൽപുർ പോലീസ് അന്വേഷണം ആരംഭിച്ചു.
ഒവിബിഎസ് സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഈ വര്ഷത്തെ (2024 - 2025) ഒവിബിഎസ്(ഓർത്തഡോക്സ് വെക്കേഷൻ ബൈബിള് സ്കൂള്) ഒക്ടോബർ 31 മുതൽ നവംബർ രണ്ട് വരെ നടന്നു.
ഹെഡ് മാസ്റ്റർ ഷാജി ഫിലിപ്പ് കടവിൽ, റവ. ഫാ. ജോൺ കെ സാമൂവൽ, ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, ബ്രദർ ഗീവർഗീസ് ചാക്കോ എന്നിവർ പങ്കെടുത്തു.
ഡൽഹി മലയാളി അസോസിയേഷൻ കേരളപ്പിറവി മാതൃഭാഷാ ദിനാഘോഷങ്ങൾ അരങ്ങേറി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ കേരളപ്പിറവി മാതൃഭാഷാ ദിനാഘോഷങ്ങൾ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറി.
ഡിഎംഎ വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ സിഎജി ഓഫ് ഇന്ത്യ പ്രിൻസിപ്പൽ ഡയറക്ടർ സുബു ആർ (ഐഎഎഎസ്) മുഖ്യാതിഥിയും വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നാഷണൽ പ്രഫഷണൽ ഓഫീസർ ഡോ. മുഹമ്മദ് അഷീൽ, ഇന്റർനാഷണൽ സെന്റർ ഫോർ കഥകളി പ്രസിഡന്റ് ബാബു പണിക്കർ എന്നിവർ വിശിഷ്ടാതിഥികളുമായിരുന്നു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ കെ ജി രഘുനാഥൻ നായർ, ചീഫ് ട്രഷറർ മാത്യു ജോസ്, ചീഫ് ഇന്റെർണൽ ഓഡിറ്റർ കെ വി ബാബു, അഡീഷണൽ ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ ഡിഎംഎയുടെ മുൻകാല പ്രവർത്തകരായ കെ എൻ കുമാരൻ, കെ വി മുരളീധരൻ, കെ ജി രാജേന്ദ്രൻ നായർ, അജികുമാർ മേടയിൽ, ജോൺ ഫിലിപ്പോസ് തുടങ്ങിയവരെ ആദരിച്ചു.
തുടർന്ന് വിവിധ ഏരിയകളിൽ നിന്നുള്ള മലയാള ഭാഷാദ്ധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിച്ച കലാപരിപാടികൾ ആഘോഷരാവിന് ചാരുതയേകി. തത്സമയം സംപ്രേക്ഷണം ചെയ്ത പരിപാടികൾ ഡിഎംഎയുടെ യുട്യൂബ് ചാനലിൽ ലഭ്യമാണ്.
ഡൽഹി മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും 24ന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) വാർഷിക പൊതുയോഗവും കേന്ദ്ര നിർവാഹക സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പും നവംബർ 24 ഞായറാഴ്ച രാവിലെ 10 മുതൽ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടക്കും. റിട്ടേണിംഗ് ഓഫീസറായി അഡ്വ സൗരഭ് ഭാർഗവനെ നിയമിച്ചു.
2024 -27 വർഷക്കാലത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, അഡീഷണൽ ജനറൽ സെക്രട്ടറി, ചീഫ് ട്രഷറർ, അഡീഷണൽ ട്രഷറർ, ചീഫ് ഇന്റേണൽ ഓഡിറ്റർ, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ, സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങൾ16 (ജനറൽ, സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടത്, യുവജന വിഭാഗങ്ങൾക്കായി സംവരണം ചെയ്യപ്പെട്ടത് സ്ത്രീപുരുഷൻ ഓരോന്ന് വീതം) എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.
എല്ലാ ആജീവനാന്ത അംഗങ്ങൾക്കും, കൂടാതെ തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ ഇറങ്ങിയ തീയതി മുതൽ തുടർച്ചയായി മൂന്നു വർഷം പൂർത്തിയാക്കിയ സാധാരണ അംഗങ്ങൾക്കും തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിക്കാം. നാമനിർദ്ദേശ പത്രികയിൽ വോട്ടവകാശമുള്ള എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളുടെ നിർദ്ദേശവും പിന്താങ്ങലും അത്യാവശ്യമാണ്.
റിട്ടേണിംഗ് ഓഫീസറിൽ നിന്നും നവംബർ നാലു മുതൽ ആറു വരെ വൈകുന്നേരം നാലു മുതൽ രാത്രി എട്ടു വരെ നാമനിർദ്ദേശ പത്രിക ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലെ റിട്ടേണിംഗ് ഓഫിസറിൽ നിന്നും കൈപ്പറ്റാവുന്നതാണ്. നവംബർ അഞ്ച് മുതൽ ഏഴ് വരെ വൈകുന്നേരം അഞ്ച് മുതൽ രാത്രി എട്ടു വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.
നവംബർ എട്ടിന് വൈകുന്നേരം ഏഴിന് ലഭിച്ച പത്രികകളുടെ ലിസ്റ്റ് ഡിഎംഎ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും. നവംബർ 9, 10 തീയതികളിൽ വൈകുന്നേരം അഞ്ചു മുതൽ എട്ടു വരെ പത്രിക പിൻവലിക്കാവുന്നതാണ്. നവംബർ 10 രാത്രി ഒന്പതിന് സൂക്ഷ്മ പരിശോധനയ്ക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അർഹരായവരുടെ ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും.
വോട്ടിംഗ് ആവശ്യമായി വന്നാൽ നവംബർ 24ന് രാവിലെ 11.30 മുതൽ വൈകുന്നേരം 5.30 വരെ ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടത്തും. വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ തിരിച്ചറിയൽ രേഖയോ ഡിഎംഎയുടെ ഐഡന്റിറ്റി കാർഡോ കൈവശം കരുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസറെ 9873566019 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
ജപമാല പ്രദക്ഷിണം സമാപിച്ചു
ന്യൂഡൽഹി: മുൻ വർഷങ്ങളിലേതു പോലെ ഈ വർഷവും ജപമാല മാസമായ ഒക്ടോബറിൽ രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ പരി. അമ്മയുടെ തിരുസ്വരൂപം എല്ലാ ഇടവകകളിലും സ്വീകരിച്ചു കൊണ്ടു നടത്തിയ ജപമാല പ്രദക്ഷിണം സമാപിച്ചു.
സെപ്റ്റംബർ 30ന് കുര്യാക്കോസ് ഭരണിക്കുളങ്ങര പിതാവ് വെഞ്ചിരിച്ച് രൂപതാ മാതൃവേദി ഭാരവാഹികൾക്കു കൈമാറിയ മാതാവിന്റെ രൂപം ഒക്ടോബർ ഒന്നിന് കരോൾബാഗ് സെന്റ് അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ നിന്ന് ആരംഭിച്ച് ഒക്ടോബർ 31ന് ജനക്പുരി സെന്റ് തോമസ് ദേവാലയത്തിൽ ഇടവക വികാരി റവ ഫാ.ഡേവിസ് കള്ളിയത്ത് പറമ്പിലും മാതൃവേദി രൂപത ഡയറക്ടർ, റവ. ഫാ. നോബി കാലച്ചിറയും ചേർന്ന് അർപ്പിച്ച ആഘോഷമായ ദിവ്യബലിയോടുകൂടി സമാപിച്ചു.
റോഷ്ന ഷൈന ഷാജന് ഒന്നാം റാങ്ക്
മുംബൈ: എംഎസ്സി ന്യൂക്ലീയർ മെഡിസിൻ ടെക്നോളജി & ഹോസ്പിറ്റൽ റേഡിയോ ഫർമസിയിൽ റോഷ്ന ഷൈന ഷാജൻ ഒന്നാം റാങ്ക് കരസ്ഥമാക്കി.
ബാബ അറ്റോമിക് റിസർച്ച് സെന്ററിലെ ഹോമി ബാബ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ്.
കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയിൽ ഷാജൻ കട്ടച്ചിറയുടെയും ഷൈനി ഷാജന്റെയും മകളാണ്.
ദീപാവലിക്കിടെ പടക്കം പൊട്ടി ഡൽഹിയിൽ 280 പേർക്ക് പൊള്ളൽ
ന്യൂഡൽഹി: ദീപാവലി ദിനത്തിൽ പടക്കം പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ഡൽഹിയിലെ ആശുപത്രികളിൽ എത്തിയത് 280ലധികം പേർ. ഇവരിൽ 15 പേരുടെ നില ഗുരുതരമാണ്. കൈക്ക് സാരമായ പരിക്കേറ്റ അഞ്ച് പേർക്ക് ശസ്ത്രക്രിയ വേണ്ടിവന്നു.
രാജ്യത്തെ ഏറ്റവും വലിയ ബേൺ യൂണിറ്റുള്ള സഫ്ദർജംഗ് ഹോസ്പിറ്റലിൽ വ്യാഴാഴ്ച മാത്രം 117 കേസുകൾ റിപ്പോർട്ട് ചെയ്തു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) 48 കേസുകളും എൽഎൻജെപി ഹോസ്പിറ്റലിൽ 19 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പൊള്ളലേറ്റ 20 പേർ 12 വയസിന് താഴെയുള്ള കുട്ടികളാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പടക്കവുമായി ബന്ധപ്പെട്ട പരിക്കുകൾക്ക് പുറമേ മറ്റ് തരത്തിലുള്ള പൊള്ളലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഇടവകയിൽ ഒവിബിഎസിന് തുടക്കം
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഒവിബിഎസ് (ഓർത്തഡോക്സ് വെക്കേഷൻ ബൈബിള് സ്കൂള്) ആരംഭിച്ചുകൊണ്ട് ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ് കൊടി ഉയർത്തി.
ബിബിൻ സണ്ണി, സി.ഐ. ഐപ്പ്, കോശി പ്രസാദ്, ബ്രദർ ഗീവർഗീസ് ചാക്കോ, ഷാജി ഫിലിപ്പ് കടവിൽ, എബി മാത്യു, അനീഷ് പി. ജോയ് എന്നിവർ സന്നിഹിതരായി.
നിർമ്മലരായി നടക്കാം (സങ്കീർത്തനം 119.9) എന്നതാണ് മുഖ്യ ചിന്താവിഷയം.
ഡൽഹിയിൽ വായു ഗുണനിലവാരം അതീവ ഗുരുതര നിലയിൽ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം വീണ്ടും അതീവ ഗുരുതരനിലയിൽ. ഇന്നലെ രാവിലെ ഡൽഹിയിലെ വായുഗുണനിലവാര സൂചിക(എക്യുഐ) 507 ലെത്തി.
ലോകാരോഗ്യ സംഘടന നിർദേശിച്ചിരിക്കുന്ന പരമാവധി മലിനീകരണ തോതിനേക്കാൾ 65 മടങ്ങ് അധികം മലിനീകരണമാണ് നിലവിലുള്ളതെന്നാണു റിപ്പോർട്ട്. 12 മണിക്കൂറിനിടയിലാണ് 327 എന്നതിൽനിന്ന് 507 ലേക്ക് എക്യുഐ എത്തിയത്.
മലിനീകരണം ഗുരുതരമായതോടെ വായുമലിനീകരണ പ്രതിരോധത്തിനായി ഗ്രേഡഡ് റസ്പോണ്സ് ആക്ഷൻ പ്ലാൻ രാജ്യതലസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്.
ജപമാലപ്രദക്ഷിണം സമാപിച്ചു
ന്യൂഡൽഹി: ജപമാല മാസമായ ഒക്ടോബറിൽ രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ പരി. അമ്മയുടെ തിരുസ്വരൂപം എല്ലാ ഇടവകകളിലും സ്വീകരിച്ച് കൊണ്ടു നടത്തിയ ജപമാലപ്രദക്ഷിണം സമാപിച്ചു.
സെപ്റ്റംബർ 30ന് കുര്യാക്കോസ് ഭരണിക്കുളങ്ങര പിതാവ് വെഞ്ചിരിച്ച് രൂപതാ മാതൃവേദി ഭാരവാഹികൾക്കു കൈമാറിയ മാതാവിന്റെ രൂപം ഒക്ടോബർ ഒന്നിന് കരോൾബാഗ് സെന്റ് അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ നിന്നാണ് ആരംഭിച്ചത്.
ഒക്ടോബർ 31ന് ജനക്പുരി സെന്റ് തോമസ് ദേവാലയത്തിൽ ഇടവക വികാരി റവ. ഫാ.ഡേവിസ് കള്ളിയത്ത് പറമ്പിലും മാതൃവേദി രൂപത ഡയറക്ടർ, റവ.ഫാ. നോബി കാലച്ചിറയും ചേർന്ന് അർപ്പിച്ച ആഘോഷമായ ദിവ്യബലിയോടുകൂടി സമാപിച്ചു.
ഡൽഹിയിൽ ദീപാവലി ബോണസ് വാങ്ങി മടങ്ങിയ തൊഴിലാളികളെ കുത്തിക്കൊന്നു
ന്യൂഡൽഹി: മോഷണത്തിനിടെ തൊഴിലാളികളെ കുത്തിക്കൊന്ന സംഭവത്തിൽ നാലു കൗമാരക്കാർ പിടിയിൽ. ഡൽഹിയിലെ നരേല ഇൻഡസ്ട്രിയൽ മേഖലയിലാണു സംഭവം.
ജോലി കഴിഞ്ഞ് ശമ്പളവും ദീപാവലി ബോണസും വാങ്ങി വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു മോഷണശ്രമം. 13നും 16നും ഇടയിൽ പ്രായമുള്ള നാലുപേരാണ് അറസ്റ്റിലായത്.
ബവാനയിലെ ജെജെ കോളനിയിലെ താമസക്കാരാണു തൊഴിലാളികൾ. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
കാൽക്കാജി സെന്റ് ജോസഫ് സീറോമലബാർ ദേവാലയത്തിൽ യൗസേപ്പിന്റെ തിരുനാൾ
ന്യൂഡൽഹി: കാൽക്കാജി സെന്റ് ജോസഫ് സീറോമലബാർ ദേവാലയത്തിൽ യൗസേപ്പിന്റെ തിരുനാൾ ആഘോഷത്തിന് ഫാ. ബാബു ആനിത്താനം(ജസോല ഫൊറാന വികാരി) കൊടി ഉയർത്തിക്കൊണ്ട് ആരംഭം കുറിച്ചു.
ഒക്ടോബർ 29നു നൊവെന ആരംഭിച്ച് നവംബർ പത്തിന് ആഘോഷമായ തിരുനാൾ തിരുകർമങ്ങളോടുകൂടി തിരുനാൾ പര്യവസാനിക്കും. നവംബർ രണ്ടിന് വെെകുന്നേരം അഞ്ചിന് ഇടവകയിലെ സകല മരിച്ചവരുടെയും ഓർമയ്ക്കായുള്ള ആഘോഷമായ പ്രാർഥന ശുശ്രൂഷ തുക്ലക്കാബാദ് സെന്റ് തോമസ് സെമിത്തേരിയിൽ ഉണ്ടായിരിക്കും.
തുടർന്ന് മരിച്ചവർക്കു വേണ്ടിയുള്ള വിശുദ്ധ കുർബാന ഏഴിന് ഇടവക ദേവാലയത്തിൽ അർപ്പിക്കപ്പെടും. നവംബർ മൂന്നിന് ഇടവക ദിനമായി ആഘോഷിക്കും.
അന്നേ ദിവസം, മുഴുവൻ ഇടവക ജനങ്ങളുമായി ഫരിദാബാദ് രൂപതയുടെ കീഴിലുള്ള സാഞ്ചോപുരം ചിൽഡ്രൻസ് വില്ലേജിലേക്കു യാത്രയും അവിടെ വച്ച് കുർബാനയും ഇടവക ദിനാഘോഷ പരിപാടികളും ഉണ്ടായിരിക്കുന്നതുമാണ്.
തിരുനാൾ ദിനമായ നവംബർ 10നു വിപുലമായ തിരുനാൾ തിരുകർമങ്ങൾ രാവിലെ ഒന്പതിനു ആരംഭിക്കും. രാവിലെ പത്തിനു ഫരിദാബാദ് കത്തീഡ്രൽ പള്ളി വികാരി ഫാ. റോണി തോപ്പിലാൻ മുഖ്യകാർമികനായി ആഘോഷമായ ദിവ്യ ബലി ഇടവക ദേവാലയത്തിൽ നടക്കും.
ഗുഡ്ഗാവ് സീറോമലങ്കര രൂപത മുഖ്യ വികാരി ജനറൽ ഡോ. വർഗീസ് വള്ളിക്കാട്ട് ആണ് തിരുനാളിനോടനുബന്ധിച്ചു വചന പ്രഘോഷണം നടത്തുന്നത്. നവംബർ എട്ടിനു ലത്തീൻ റീത്തിലും ഒന്പതിനു സീറോമലങ്കര റീത്തിലുമാണ് വി. കുർബാന അർപ്പിക്കപ്പെടുന്നത്.
നവംബർ അഞ്ചിനു ഫരിദാബാദ് രൂപതയിലെ നവ വൈദീകർക്കു സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 29 മുതൽ നവംബർ ഒന്പത് വരെയുള്ള എല്ലാ ദിവസവും നൊവേനയും ആഘോഷമായ വി. കുർബാനയും ഉണ്ടായിരിക്കുന്നതാണ് എന്ന് ഇടവകയ്ക്ക് വേണ്ടി തിരുനാൾ കൺവീനർമാർ തോമസ് ജോബ്, വില്ലിംഗ്ടൺ ജോർജ്, പോളി എബ്രഹാം, ആൻസി രാജു എന്നിവർ അറിയിച്ചു.
ഇന്ദിരാപുരം വൈശാലി പള്ളിയിൽ തിരുനാൾ
ന്യൂഡൽഹി: ഇന്ദിരാപുരം വൈശാലി പള്ളിയിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും പരിശുദ്ധ കന്യമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യനോസിന്റെയും തിരുനാളിനോട് അനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയ്ക്ക് റവ. ഫാ. തോമസ് തോപ്പറത്തു മുഖ്യകാർമികത്വം വഹിച്ചു.
റവ. ഫാ. അജീഷ് പാലമറ്റം വചന പ്രഘോഷ്ണം നടത്തി. വികാരി ഫാ. ജിതിൻ മുട്ടത്തു നേതൃത്വം നൽകി. തിരുനാളിനോട് അനുബന്ധിച്ച് ചെണ്ടമേളവും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
സിബി ജോസഫ്, ജോൺസൻ ജോർജ്, ജോസഫ് ഇമ്മാനുവേൽ, ടോമി എബ്രഹാം എന്നിവർ പ്രദക്ഷിണത്തിനു നേതൃത്വം നൽകി.
ഒവിബിഎസ് ക്ലാസ് വ്യാഴാഴ്ച മുതൽ
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഒവിബിഎസ് (ഓർത്തഡോക്സ് വെക്കേഷൻ ബൈബിള് സ്കൂള്) ക്ലാസുകൾ വ്യാഴാഴ്ച ആരംഭിച്ച് ശനിയാഴ്ച സമാപിക്കും.
നിർമ്മലരായി നടക്കാം(സങ്കീർത്തനം 119.9) എന്നതാണ് മുഖ്യ തീം. ബൈബിൾ ക്ലാസിന് നേതൃത്വം നൽകുന്നത് ബ്രദർ ഗീവർഗീസ് ചാക്കോ (നാഗ്പുരിലെ വൈദിക സെമിനാരി വിദ്യാർഥി) ആണ്.
ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, സൺഡേസ്കൂൾ ടീച്ചേഴ്സ്, എംജിഒസിഎസ്എം സീനിയേഴ്സ് അംഗങ്ങൾ എന്നിവർ വിവിധ സെക്ഷനിൽ ക്ലാസ് നയിക്കും.
സൺഡേസ്കൂൾ ഹെഡ് മാസ്റ്റർ ഷാജി ഫിലിപ്പ് കടവിൽ, സെക്രട്ടറി എബി മാത്യു എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണം നടക്കും. ഒവിബിഎസ് എല്ലാദിവസവും രാവിലെ 7.30ന് ആരംഭിക്കും.
മെഡിറ്റേഷൻ, സോംഗ് സെക്ഷൻസ്, ഗ്രൂപ്പ് ഡിസ്കഷൻസ്, ക്വിസ്, ഗെയിംസ്, ടാലന്റ് ഷോ എന്നിവ ഒവിബിഎസ് ക്ലാസുകളിലെ പ്രത്യേകതയാണ്.
ശനിയാഴ്ച സൺഡേസ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും ഒവിബിഎസ് റാലിയും സ്നേഹവിരുന്നും തുടർന്ന് ഉച്ചയ്ക്ക് 1.45ന് സമാപന സമ്മേളനവും നടക്കും.
ന്യൂഡൽഹി: അശോകവിഹാർ സെന്റ് ജൂഡ് ഇടവകയിലെ തിരുനാൾ സമാപിച്ചു. ഫരീദാബാദ് രൂപത മെത്രാൻ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര തിരുനാളിന് കൊടിയേറ്റി.
തിരുനാൾ സമാപനത്തോട് അനുബന്ധിച്ചു നടത്തിയ ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജെറിൻ മങ്കരത്തിൽ മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. മാർട്ടിൻ പാലമറ്റം സഹകാർമികനായിരുന്നു.
വാദ്യമേളങ്ങളോട് കൂടിയ പ്രദക്ഷിണത്തിന് ഫാ. ജെറിൻ മങ്കരത്തിൽ നേതൃത്വം നൽകി. സ്നേഹവിരുന്നോടുകൂടി ചടങ്ങുകൾ സമാപിച്ചു.
ഡൽഹിയിലെ വായു മലിനീകരണം നേരിയ തോതില് കുറഞ്ഞു
ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണ നിലവാരത്തിൽ നേരിയ പുരോഗതി. കാറ്റിന്റെ വേഗം വർധിച്ചതാണ് വായു മലിനീകരണം കുറയ്ക്കാൻ സഹായിച്ചത്.
എന്നാൽ മലിനീകരണ തോത് ഇപ്പോഴും വളരെ മോശം എന്ന വിഭാഗത്തിൽതന്നെയാണ് തുടരുന്നത്. ഡൽഹിയിലെ ഗതാഗത മേഖലയാണ് മലിനീകരണം വർധിപ്പിക്കുന്നത്.
വായു മലിനീകരണത്തിന്റെ 16.3 ശതമാനവും വാഹനങ്ങൾ മൂലമാണ്.
പ്രഫ. ജി.എൻ. സായിബാബ അനുസ്മരണം സംഘടിപ്പിച്ചു
തിരുവനന്തപുരം: ഡൽഹി സർവകലാശാല മുൻ പ്രഫസർ ജി.എൻ. സായിബാബ അനുസ്മരണം സംഘടിപ്പിച്ചു. യുക്തിവാദിസംഘത്തിന്റെയും ജനാധിപത്യവേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ തിരുവനന്തപുരം സ്റ്റാച്യുവിലെ തായ്നാട് ഹാളിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്.
യുക്തിവാദി സംഘം പ്രസിഡന്റ് ടി.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു. മുതിർന്ന സിപിഐ നേതാവ് പന്ന്യന് രവീന്ദ്രന്, മാധ്യമപ്രവർത്തകൻ ആർ.രാജഗോപാൽ, വെള്ളനാട് രാമചന്ദ്രൻ, ബോബി തോമസ്, പി.സുശീലൻ, ഗോപി ആചാരി, പ്രസാദ് സോമരാജൻ, ഡോ.ജയകുമാർ, പി.കെ.വേണുഗോപാൽ, സത്യദാസ് എന്നിവർ സംസാരിച്ചു.
കാലുകള് തളര്ന്ന് 90 ശതമാനം അംഗവൈകല്യവുമായി വീല്ചെയറില് മാത്രം സഞ്ചരിക്കാന് കഴിഞ്ഞിരുന്ന ജി.എന്.സായിബാബയെ വ്യാജ കേസില് കുടുക്കി തടവറയ്ക്കുള്ളിലിട്ട് പത്തു വര്ഷത്തോളം പീഡിപ്പിക്കുകയും മരണത്തിലേക്ക് തള്ളിവിടുകയും ചെയ്തതിന് കേന്ദ്ര, മഹാരാഷ്ട്ര സര്ക്കാരുകൾ നഷ്ടപരിഹാരം നൽകണമെന്ന് പന്ന്യന് രവീന്ദ്രന് ആവശ്യപ്പെട്ടു.
മനുഷ്യാവകാശത്തിനും നീതിക്കും വേണ്ടി ശബ്ദമുയർത്തുന്ന സായി ബാബയെ തടവറയിൽ നരകിച്ചു മരിക്കാനയക്കുന്നത് കേന്ദ്ര സർക്കാർ സുപ്രീം കോടതി നിർദേശങ്ങൾ ലംഘിച്ചത് കൊണ്ടാണെന്ന് മാധ്യമ പ്രവര്ത്തകൻ ആർ. രാജഗോപാൽ പറഞ്ഞു.
ലയം പുരസ്കാരം രാജ്മോഹനന്
ന്യൂഡൽഹി : ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെയും കേരള സംഗീത നാടക സമിതിയുടെയും അംഗീകാരത്തോടെ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലയം ഓർക്കസ്ട്ര കൾച്ചറൽ ഗ്രൂപ്പിന്റെ ഈ വർഷത്തെ മികച്ച നടനുള്ള പുരസ്കാരത്തിന് തിരുവനന്തപുരം സ്വദേശിയായ സീരിയൽ ആർട്ടിസ്റ്റ് രാജ്മോഹനൻ അർഹനായി.
ലയത്തിന്റെ നാൽപതാം വാർഷികത്തോടനുബന്ധിച്ചു ഡൽഹി മയൂർ വിഹാറിലെ കാർത്യായനി ഓഡിറ്റോറിയത്തിൽ 26ന് പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിൽ ഫലകവും പ്രശസ്തി പത്രവും സമ്മാനിക്കും.
തിരുനാൾ ആഘോഷങ്ങൾക്കു തുടക്കം
ന്യൂഡൽഹി: ലുധിയാന മേരിമാതാ സീറോമലബാർ ഇടവകയിൽ പരി. കന്യാകാമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾക്കു തുടക്കമായി.
ഒന്പത് ദിവസത്തെ നൊവേനയ്ക്കു ശേഷം വെള്ളിയാഴ്ച വികാരി ഫാ. ആൽബിൻ താന്നിക്കാട്ടിൽ തിരുനാൾ കൊടി ഉയർത്തി.
ബിഷപ് മാർ ജോസ് പുത്തൻവീട്ടിലും ഫാ.സോജിൻ എംഎസ്ടിയും തിരുക്കർമങ്ങൾക്കു നേതൃത്വം നൽകി.
ബൈബിൾ കൺവൻഷൻ: ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ ബൈബിള് കൺവൻഷൻ മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് സന്ധ്യാപ്രാർഥനയെ തുടർന്ന് ഉദ്ഘാടനം ചെയ്തു.
റവ. ഫാ. വർഗീസ് മാത്യു (സുനിൽ അച്ചൻ, സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി ചെമ്മണ്ണൂർ) ധ്യാന പ്രസംഗം നയിച്ചു. ഇടവക വികാരി റവ.ഫാ. ജോയ്സൺ തോമസ്, റവ.ഫാ. ബിജു ഡാനിയേൽ, റവ.ഫാ. ചെറിയാൻ ജോസഫ്, റവ.ഫാ. ജോൺ കെ. സാമുവേൽ എന്നിവർ പങ്കെടുത്തു.
കുട്ടികൾക്കായി ക്യാമ്പ് സംഘടിപ്പിച്ചു
ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൺഡേ സ്കൂൾ പ്രസ്ഥാനം നടത്തിയ ഒവിബിഎസിന്റെ ഭാഗമായി മുതിർന്ന കുട്ടികൾക്കായി ക്യാമ്പ് സംഘടിപ്പിച്ചു. " KNOW YOUR CHILD(KYC)' എന്ന പേരിൽ നടത്തിയ ക്യാമ്പ് വേറിട്ട അനുഭവമായി.
നാഗപുർ ഓർത്തോഡോക്സ് വൈദിക വിദ്യാർഥികളായ ഡീക്കൻ ഫെബിൻ മാത്യു, ബ്രദർ ജസ്റ്റിൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ക്രമീകരണങ്ങൾക്ക് വികാരി ഫാ. ഷാജി മാത്യൂസ്, അസി. വികാരി ഫാ. അൻസൽ ജോൺ, ട്രസ്റ്റി രാജീവ് പാപ്പച്ചൻ, ഹെഡ്മാസ്റ്റർ പി. എം. സാമൂവേൽ, വോളന്റീയർ, ഫുഡ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ഡൽഹി മെഗാഫെസ്റ്റ് ഞായാറാഴ്ച
ന്യൂഡൽഹി: ഹോളി ഫാമിലി ചർച്ച് നെബ് സാറായിയുടെ നേതൃത്വത്തിൽ ഗാനമേളയും കോമഡിയും ഇൻസ്ട്രുമെന്റൽ മ്യൂസിക്കും കൂട്ടിചേർത്ത് ഡൽഹി മെഗാഫെസ്റ്റ് ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ഐഎൻഎ ത്യാഗരാജ സ്റ്റേഡിയത്തിൽ വച്ച് നടത്തും.
അഫ്സൽ, ജോസ്ന, അൽഫോൻസ് & ടീം, ഹരീഷ് കണാരൻ & ടീം, മഹേഷ് കുഞ്ഞുമോൻ & ടീം, ഫ്രാൻസിസ് സേവ്യർ, നിർമൽ പാലേരി, നിർമൽ പാലഴി തുടങ്ങിയ കലാകാരൻമാർ പങ്കെടുക്കും.
പ്രവേശന പാസുകൾക്കായി ഭാരവാഹികളുമായി ബന്ധപ്പെടുക: 93121 75254, 99719 19579 ,88005 29918, 96504 15309.
ജപമാല പ്രയാണം സംഘടിപ്പിച്ചു
ന്യൂഡൽഹി: ഫരീദാബാദ് രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ ഇടവകകളിലൂടെ നടത്തുന്ന മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുള്ള ജപമാല പ്രയാണം ഫരീദാബാദ് കത്തീഡ്രൽ - ക്രിസ്തു രാജ പള്ളിയിൽ നിന്നും ജസോള അവർ ലേഡി ഓഫ് ഫാത്തിമ ഫൊറോന പള്ളിയിലേക്ക് നടന്നു.
ഡിഎംഎ ആശ്രം - ശ്രീനിവാസ്പുരി ഏരിയ കളരി ക്ലാസ് ആരംഭിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആശ്രം - ശ്രീനിവാസ്പുരി ഏരിയയും നിത്യ ചൈതന്യ കളരി സംഘവും സംയുക്തമായി കളരി ക്ലാസ് ആരംഭിച്ചു.
ഏരിയ ചെയർമാൻ എം. ഷാജിയുടെ അധ്യക്ഷതയിൽ ഏരിയ ഓഫീസിൽ ചേർന്ന യോഗത്തിൽ ഡിഎംഎ കേന്ദ്രക്കമ്മിറ്റി അഡീഷണൽ ട്രെഷറർ പി. എൻ. ഷാജി, നിത്യ ചൈതന്യ കളരി സംഘം പ്രതിനിധി സുധാ മുരുകൻ, ഏരിയ സെക്രട്ടറി എം. എസ്. ജെയിൻ, ട്രഷറർ റോയി ഡാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഡിഎംഎ ഓഫീസിൽ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ആറു മുതൽ ഏഴു വരെയാണ് ക്ലാസുകൾ. ആശ്രം, ശ്രീനിവാസ്പുരി, കാലേഖാൻ, ജുലെന തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളും അവരുടെ മാതാപിതാക്കളും ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു.
വിജയദശമി ദിനത്തിൽ ആരംഭിച്ച ആദ്യ ക്ലാസിൽ 15 കുട്ടികൾ പേര് രജിസ്റ്റർ ചെയ്ത് പഠനം ആരംഭിച്ചു.
ജപമാല പ്രയാണത്തിന് ഇന്ന് തുടക്കം
ന്യൂഡൽഹി: ഫരിദാബാദ് രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ ഇടവകകളിലൂടെ നടത്തുന്ന മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുള്ള ജപമാല പ്രയാണത്തിന് ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവക ബെർസാറായിൽ ശനിയാഴ്ച വൈകുന്നേരം 5.30ന് മാതൃവേദിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.
തുടർന്ന് ജപമാല, വിശുദ്ധ കുർബാന ആരാധന, നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും.
ബൈബിൾ കൺവൻഷൻ ഇന്ന് മുതൽ
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ബൈബിള് കൺവൻഷൻ ഇന്ന് മുതല് ഞായറാഴ്ച വരെ നടത്തപ്പെടുന്നു.
മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് സന്ധ്യാപ്രാർഥനയ്ക്ക് നേതൃത്വം നൽകുകയും കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
എല്ലാ ദിവസവും വൈകുന്നേരം സന്ധ്യപ്രാർഥനയെ തുടർന്ന് ധ്യാനപ്രസംഗത്തിന് നേതൃത്വം നല്കുന്നത് റവ. ഫാ. വർഗീസ് മാത്യു ആണ്(സുനിൽ അച്ചൻ, സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി ചെമ്മണ്ണൂർ).
ഇന്ന് വൈകുന്നേരം 6.30 ന് സന്ധ്യ പ്രാർഥന, ഏഴിന് ഭക്തിഗാനങ്ങൾ (ഇടവക ഗായകസംഗം), 7.15ന് ധ്യാന പ്രസംഗം, 8.30ന് പ്രാർഥനയും, ആശിർവാദവും.
ശനിയാഴ്ച വൈകുന്നേരം 6.30ന് സന്ധ്യ പ്രാർഥന, ഏഴിന് ഭക്തിഗാനങ്ങൾ (ഇടവക ഗായകസംഘം) 7.15ന് ധ്യാന പ്രസംഗവും 8.30 ന് പ്രാർഥനയും ആശിർവാദവും.
ഞായറാഴ്ച രാവിലെ ഏഴിന് പ്രഭാത പ്രാർഥന, എട്ടിന് വിശുദ്ധ കുർബാനയെ തുടർന്നു ബൈബിള് കൺവൻഷൻ സമാപനവും ആശിർവാദവും.
ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ബൈബിള് കൺവൻഷൻ ക്രമീകരണത്തിന് നേതൃത്വം നൽകും.
യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അക്ഷരജ്യോതി സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്ററീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അക്ഷരജ്യോതി (ആദ്യാക്ഷരം കുറിക്കൽ) സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ. ജോയ്സൺ തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ യുവജനപ്രസ്ഥാന അംഗങ്ങളും സജീവമായി പങ്കെടുത്തു.
കിഷൻഗഡിൽ മലിനജലം റോഡിലേക്ക് ഒഴുകുന്നു
ന്യൂഡൽഹി: മലയാളികൾ ഉൾപ്പെടെ നിരവധി ആളുകൾ താമസിക്കുന്ന കിഷൻഗഡ് പഞ്ചാബി ധാബ ഗോശാല റോഡിൽ അൽന റസ്റ്റോറന്റിന് മുൻവശത്തായി ദിവസങ്ങളായി മലിനജലം റോഡിലേക്ക് ഒഴുകുന്നു.
നാളിതുവരെ അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. കാൽനട - സ്കൂട്ടർ യാത്രക്കാർക്ക് യാത്ര വളരെയധികം ദുഷ്ക്കരമായിരിക്കുകയാണ്. കൂടാതെ പലവിധ പകർച്ചവ്യാധികൾക്കും മലിനജല വെള്ളക്കെട്ട് കാരണമായേക്കുമെന്ന് സ്ഥിരനിവാസികൾ അഭിപ്രായപ്പെടുന്നു.
കാലങ്ങളായി അറ്റകുറ്റപ്പണി നടക്കാത്തതും ഡൽഹി ജലബോർഡിനു വേണ്ടി റോഡുകൾ വെട്ടിപ്പൊളിച്ചതും മലിനജലം പുറത്തേക്കൊഴുകുന്നതിനു കാരണമായെന്ന് നിവാസികൾ പറയുന്നു.
ഡൽഹിയിൽ ചക്കുളത്തമ്മ പൊങ്കാല നവംബർ രണ്ട്, മൂന്ന് തീയതികളിൽ
ന്യൂഡൽഹി: ഭക്തമനസുകൾക്ക് പുണ്യം പകരാൻ 22-ാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവം നവംബർ രണ്ട്, മൂന്ന് മയൂർ വിഹാർ ഫേസ് 3-ലെ എ-1 പാർക്കിൽ അരങ്ങേറും. ചടങ്ങുകൾക്ക് ചക്കുളത്തു കാവ് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.
ആദ്യ ദിവസമായ ശനിയാഴ്ച രാവിലെ അഞ്ചിന് സ്ഥല ശുദ്ധി, 5.15ന് ഗണപതി ഹോമം, വൈകുന്നേരം 6.25ന് ദീപാരാധന, 6.30 മുതൽ ജയസൂര്യാ നമ്പൂതിരിയുടെ കാർമികത്വത്തിൽ ശനിദോഷ നിവാരണ പൂജ, തുടർന്ന് രമേശ് ഇളമൺ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ലഘുഭക്ഷണം എന്നിയാണ് ആദ്യ ദിവസത്തെ ചടങ്ങുകൾ.
രണ്ടാം ദിവസം രാവിലെ 5.15ന് മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൊങ്കാലയോട് അനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ അരങ്ങേറും. 8.45ന് ചക്കുളത്തുകാവിലെ രമേശ് ഇളമൺ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിക്കും.
ഒന്പതിന് ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി പ്രസിഡന്റ് സി. കേശവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
തുടർന്ന് മണിക്കുട്ടൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം, ചക്കുളത്തുകാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർഥന, ശ്രീകോവിലിൽ നിന്നും പണ്ടാര അടുപ്പിലേക്ക് ദിവ്യാഗ്നി ജ്വലിപ്പിക്കുന്നതോടെ പൊങ്കാലയ്ക്ക് ആരംഭമാവും.
ചടങ്ങിൽ 2023-24 അധ്യയന വർഷത്തിൽ സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ശ്രേണികളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 12-ാം ക്ലാസിലെ ഓരോ വിദ്യാർഥികൾക്ക് ചക്കുളത്തമ്മ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡുകളും വിതരണം ചെയ്യും.
അവാർഡുകളുടെ പരിഗണനയ്ക്കായി ഒക്ടോബർ 20 വരെ നിർദ്ധിഷ്ട അപേക്ഷ ഫാറം, ഫോട്ടോ എന്നിവയോടൊപ്പം മാർക്ക് ഷീറ്റുകൾ ഭാരവാഹികൾക്ക് നൽകേണ്ടതാണ്.
9.45ന് ക്ഷേത്ര ശ്രീകോവിലിൽനിന്നും കൊളുത്തുന്ന ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാലക്ക് ആരംഭമാവും. 10 മണിക്ക് ശ്രീധർമ്മ ശാസ്താ സേവാ സമിതി, മയൂർ വിഹാർ ഫേസ്-2 അവതരിപ്പിക്കുന്ന ഭജനാമൃതം.
വിദ്യകലാശം, മഹാകലാശം, പറയിടൽ എന്നിവയും ഉണ്ടാവും. തുടർന്ന് അന്നദാനത്തോടെ ചടങ്ങുകൾക്ക് സമാപനമാകും.
കൂടുതൽ വിവരങ്ങൾക്കും പൊങ്കാലയും മറ്റു വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുമായി സെക്രട്ടറി ഡി ജയകുമാർ, ജോയിന്റ് സെക്രട്ടറിമാരായ രഘുനാഥൻ വി. മാലിമേൽ, ലേഖാ സോമൻ, ട്രെഷറർ എസ്. മുരളി എന്നിവരുമായി 8130595922, 9899861567, 8750138768, 9871011229 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഓണാഘോഷം സംഘടിപ്പിച്ച് ഡിഎംഎ കരോൾ ബാഗ് - കൊണാട്ട് പ്ലേസ് ഏരിയ
ന്യൂഡൽഹി: ഡൽഹി മലയാളി അസ്സോസിയേഷൻ കരോൾ ബാഗ് - കൊണാട്ട് പ്ലേസ് ഏരിയയുടെ ഓണാഘോഷം രജീന്ദർ നഗറിലെ ഡൽഹി സിന്ധു സമാജം ഓഡിറ്റോറിയത്തിൽ അരങ്ങേറി. ഏരിയ ചെയർമാൻ എ.കെ. സുബ്രഹ്മണ്യന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥി ഡിഎംഎ ഉപദേശക സമിതി അംഗം ബാബു പണിക്കർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ. രഘുനാഥ്, വൈസ് പ്രസിഡന്റ് കെ. ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, ചീഫ് ട്രഷറർ മാത്യു ജോസ്, അഡീഷണൽ ട്രഷറർ പി. എൻ. ഷാജി, ഏരിയ സെക്രട്ടറി സജിത്ത് കൊമ്പൻ, പ്രോഗ്രാം കണ്വീനറും ട്രഷററുമായ വിജയകുമാരൻ നായർ, വനിതാ വിഭാഗം കൺവീനർ നിർമ്മല നന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ വിശിഷ്ട വൃക്തികളെ ആദരിച്ചു. തുടർന്ന് ഏരിയയിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും ഓണപ്പാട്ടുകളും അരങ്ങേറി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധന സമാഹരണത്തിനായി ഓണാഘോഷത്തോടനുബന്ധിച്ച് ലക്കി ഡ്രോ കൂപ്പണുകളുടെ നറുക്കെടുപ്പും നടത്തി.
കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
ഡിഎംഎ ജനക്പുരി ഏരിയയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഏരിയ ചെയർമാൻ സി.ഡി. ജോസ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി മലബാർ മാനുവൽ ജൂവല്ലേഴ്സ് സിഎംഡി മാനുവൽ മെഴുക്കനാൽ, ജനക്പുരി സെന്റ് തോമസ് പള്ളി വികാരി റവ.ഫാ. ഡേവിസ് കളിയത്തുപറമ്പിൽ, ഡിഎംഎ വൈസ് പ്രസിഡന്റ് കെ. ജി. രഘുനാഥൻ നായർ,
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, അഡീഷണൽ ട്രഷറർ പി എൻ ഷാജി, നിർവാഹക സമിതി അംഗം ആർ.എം.എസ്. നായർ, ഡിഎംഎ പശ്ചിമ വിഹാർ ഏരിയ സെക്രട്ടറി ജെ. സോമനാഥൻ, മുൻ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, മുൻ പ്രസിഡന്റ് ജി. ശിവശങ്കരൻ,
പത്തിയൂർ രവി, ഏരിയ വൈസ് ചെയർമാൻ ബാബു നാരായണൻ, സെക്രട്ടറി കെ.സി. സുശീൽ, ട്രഷറർ വി. ആർ. കൃഷ്ണദാസ്, ജിനു എബ്രഹാം, സിന്ധു സതീഷ്, ഷീന രാജേഷ്, മുൻകാല പ്രവർത്തകരായ ജി. ഗോപാൽ, കെ.എൻ. കുമാരൻ, എം.പി. രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ഏരിയയിലെ കുട്ടികളായ അനുഷ്ക നായർ, ഐശ്വര്യ സുനിൽ, ദീപിക എന്നിവർ ആലപിച്ച പ്രാർഥനാ ഗീതാലാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മധുര പലഹാര വിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.
ഡിഎംഎ പട്ടേൽ നഗർ ഏരിയ ഓണാഘോഷം നടത്തി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ പട്ടേൽ നഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. ന്യൂ രഞ്ജിത്ത് നഗർ ബാബാ ഭൂമിക ശിവമന്ദിർ ഹാളിൽ ചെയർമാൻ കല്ലറ മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം മുഖ്യാതിഥി മാനുവൽ മലബാർ ജൂവല്ലറി മാനേജിംഗ് ഡയറക്ടർ മാനുവൽ മെഴുക്കനാൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഡിഎംഎ വൈസ് പ്രസിഡന്റുമാരായ കെ.വി. മണികണ്ഠൻ, കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീന രമണൻ, സർവ്വോദയ കന്യാ വിദ്യാലയം പ്രിൻസിപ്പൾ അനുപമ തനേജ, യശ്വന്ത് സിംഗ്, സെബാസ്റ്റ്യൻ ജോസഫ്, സജിത ജയപ്രകാശ്, ഏരിയ സെക്രട്ടറി പി.പി. പ്രിൻസ്, ട്രഷറർ അഖിൽ കൃഷ്ണൻ, ഡിഎംഎ മുൻ പ്രസിഡന്റ് സി. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
കഴിഞ്ഞ അധ്യയന വർഷത്തിൽ പത്ത്, 12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് കാഷ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന് ആഘോഷ പരിപാടികളോട് അനുബന്ധിച്ച് നടത്തിയ ഭാഗ്യ പരീക്ഷണത്തിൽ നറുക്കുവീണവർക്ക് വിവിധ സമ്മാനങ്ങളും നൽകി.
ആഘോഷ പരിപാടികളുടെ മുഖ്യ ആകർഷണം മെഗാ തിരുവാതിരകളിയും വടംവലി മത്സരവുമായിരുന്നു. ഏരിയയിലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികളും അരങ്ങേറി.
മാനുവൽ മലബാർ ജൂവല്ലറി ഒരുക്കിയ ലക്കി ഡ്രോയിലെ ഭാഗ്യശാലികൾക്കും സമ്മാനങ്ങൾ നൽകി. വിഭവ സമൃദ്ധമായ ഓണ സദ്യയിൽ ധാരാളം പേർ പങ്കെടുത്തു.
ഡിഎംഎ മയൂർ വിഹാർ ഫേസ്-2 ഏരിയയുടെ ഓണാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-2 ഏരിയയുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളോടെ ഓണാഘോഷം അരങ്ങേറി. മയൂർ വിഹാർ ഫേസ്-2 ലെ പ്രാചീന ശിവ മന്ദിറിലാണ് ആഘോഷ പരിപാടികൾ അരങ്ങേറിയത്.
ഏരിയ ചെയർമാൻ എം. എൽ. ഭോജന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ചീഫ് ട്രഷറർ മാത്യു ജോസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, അഡീഷണൽ ട്രഷറർ പി. എൻ. ഷാജി, ഏരിയ സെക്രട്ടറി പ്രസാദ് കെ. നായർ, ട്രഷറർ സി. പി. മോഹനൻ, പ്രോഗ്രാം കൺവീനർ സി. പി. സനിൽ, ജോയിന്റ് കൺവീനർമാരായ ജോണി തോമസ്, കെ. രമേശ്, അനിതാ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ കസേരകളി, ചിത്ര രചന, പെയിന്റിംഗ് മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
കേന്ദ്ര കമ്മിറ്റി നടത്തിയ പൂക്കള മത്സരത്തിൽ രണ്ടാം സമ്മാനത്തിന് അർഹമായ ഏരിയ ടീമിലെ നൈസി ജോണി, ധെൻഷാ ദിനേശ്, മിനി ഉണ്ണികൃഷ്ണൻ, ബീന പ്രസാദ്, രമ ആനന്ദ്, അനക അനിൽ, അനിതാ ഉണ്ണികൃഷ്ണൻ, ഡോളി ആന്റണി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വനിതാ വിഭാഗം കൺവീനർ അനിതാ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ രുക്മിണി നായർ, മിനി ഉണ്ണികൃഷ്ണൻ, അനുപമ നായർ, ശിഖാ ആർ. നായർ, ഇന്ദു പിള്ള, നിധിഷ നായർ എന്നിവരുടെ തിരുവാതിരകളിയോടെ കലാപരിപാടികൾ ആരംഭിച്ചു. പ്രദീപ് സദാനന്ദനായിരുന്നു അവതാരകൻ.
പി. ആർ. മനോജ് കോഴിക്കോട്, നിധിഷ നായർ, മനോജ് ജോർജ്, മിനി മനോജ്, സി. പി. എസ്. പണിക്കർ, സി.പി. സനിൽ, തങ്കം ഹരിദാസ്, രാജീവ് കുമാർ എന്നിവർ ആലപിച്ച ഓണപ്പാട്ടുകൾ ഹൃദ്യമായി.
വിഭവ സമൃദ്ധമായി ഒരുക്കിയ ഓണ സദ്യയിൽ നാനൂറിൽപ്പരം ആളുകളും ഗാന്ധിജയന്തിയോട് അനുബന്ധിച്ച് അശരണർക്കായി ഒരുക്കിയ ആഹാരത്തിൽ ഇരുനൂറിലധികം ആളുകളും പങ്കെടുത്തു.
മലയാള ഭാഷാ പഠനം: ഡിഎംഎ മഹിപാൽപുർ - കാപ്പസ്ഹേഡാ ഏരിയ പ്രവേശനോത്സവം നടത്തി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപുർ - കാപ്പസ്ഹേഡാ ഏരിയയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ പഠന ക്ലാസുകളിലേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു.
മഹിപാൽപൂരിലെ കെ 383-ന്റെ മൂന്നാം നിലയിൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ബുധനാഴ്ച വൈകുന്നേരം അഞ്ചിനാണ് പരിപാടികൾ അരങ്ങേറിയത്.
ഏരിയ ചെയർമാൻ ഡോ. ടി. എം. ചെറിയാൻ അധ്യക്ഷത വഹിച്ച സമ്മേളനം മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷ പഠന കേന്ദ്രങ്ങളുടെ കോഓർഡിനേറ്ററുമായ കെ.ജി. രഘുനാഥൻ നായർ, മേഖലാ കോഓർഡിനേറ്റർ കെ.സി. സുശീൽ, വൈസ് ചെയർമാൻ സജി ഗോവിന്ദൻ, ജോയിന്റ് സെക്രട്ടറി പി. മണികണ്ഠൻ, അഡ്വ. കെ. വി. ഗോപി, മലയാളം ക്ലാസ് അധ്യാപികമാരായ മോളി ജോൺ, പി. പി. സരിത തുടങ്ങിയവർ പ്രസംഗിച്ചു.
പൊതുജനക്ഷേമ പരിപാടികൾ നടത്തുവാൻ തീരുമാനിച്ചു
ന്യൂഡൽഹി: വികാസ്പുരി എബനേസർ മാർത്തോമ്മാ ചർച്ചിന്റെ സിൽവർ ജൂബിലി വർഷം കൊണ്ടാടുന്ന വേളയിൽ പല പൊതുജനക്ഷേമ പരിപാടികൾ നടത്തുവാൻ കമ്മിറ്റി തീരുമാനിച്ചു. അതിനോട് അനുബന്ധിച്ചു ജൂബിലിയുടെ മൂന്നാം ഘട്ടത്തിൽ അടൂർ ഭദ്രാസന അധിപൻ റവ. മാത്യൂസ് മാർ സെറാഫിം തിരുമേനി ഇടവക സന്ദേർശിച്ചു.
തിരുമേനിയുടെ സന്ദർശനവേളയിൽ ജൂബിലി കൺവീനർ പി.ടി. മത്തായി ഈ ഘട്ടം വിശദികരിക്കുകയും തിരുമേനി, റാന്നി മാർത്തോമമെഡിക്കൽ മിഷൻ ഹോസ്പിറ്റലിനു ഒരു ഡയാലിസിസ് യൂണിറ്റും മെത്രാപ്പോലീത്തയുടെ അഭയപ്രോജക്ടിലേക്കുള്ള ഒരു ഭവനവും കൊടുക്കുവാനുള്ള തീരുമാനത്തിനു തുടക്കം കുറിച്ചു.
ഇടവക വികാരി റവ. റെന്നി വർഗീസ് ഫിലിപ്പ്, കോകൺവിനർ ഡാനിയൽ സ്കറിയ, ഇടവക സെക്രട്ടറി ഷാജി ജോൺ, ട്രസ്റ്റി പി.ടി. സ്കറിയ, സി. ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങള്ക്കു തുടക്കമിട്ടു. രാവിലെ 5.15ന് നിർമ്മാല്യ ദർശനത്തിനു ശേഷം മഹാഗണപതി ഹോമത്തോടെയാവും ചടങ്ങുകൾ നടക്കുക. വിശേഷാൽ പൂജകളും ഉണ്ടാവും.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 12 വരെ പ്രഭാത പൂജകൾക്കു ശേഷം രാവിലെ സരസ്വതി പൂജ, വിദ്യാ രാജഗോപാല മന്ത്രാർച്ചന, ദേവീ മാഹാത്മ്യ പാരായണം എന്നിവയും വൈകുന്നേരം ദിവസവും 6.30ന് മഹാ ദീപാരാധനയും ഉണ്ടാവും.
വ്യാഴാഴ്ച ദുർഗാഷ്ടമി ദിനത്തിൽ വൈകുന്നേരം ആറു മുതൽ എട്ട് വരെ പൂജവപ്പ്. ഞായറാഴ്ച രാവിലെ ഒന്പതിന് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും സർവൈശ്വര്യ പൂജയും (വിളക്ക് പൂജ) നടക്കും. തുടർന്ന് സമൂഹ ഊട്ടും ഉണ്ടാവും.
അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കാനെത്തുന്ന കുരുന്നുകൾക്ക് അക്ഷര മധുരം പകർന്നു നൽകാൻ ഇത്തവണയും ചോറ്റാനിക്കരയമ്മയുടെ തിരുസന്നിധിയിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിദ്യാരംഭം കുറിക്കുവാനും സർവൈശ്വര്യ പൂജയിൽ പങ്കെടുക്കുവാനും പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാൻ 9868990552, 9289886490, 8800552070 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
രക്തദാന ക്യാമ്പ് നടത്തി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആർകെ പുരം ഏരിയയും എയിംസ് ബ്ലഡ് ബാങ്ക്, ബ്ലഡ് ഡോണേഴ്സ് കേരള ഡൽഹി ചാപ്റ്റർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഡിഎംഎ സമുച്ചയത്തിൽ വച്ച് രക്തദാന ക്യാമ്പ് നടത്തി.
രാവിലെ നടന്ന ചടങ്ങിൽ മഹാത്മാ ഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് രഘുനാഥൻ നായർ, രത്നാകരൻ നമ്പ്യാർ, പവിത്രൻ കൊയിലാണ്ടി, എം.ഡി. പിള്ള, പി.വി. രമേശൻ, കെ. സജേഷ്,പ്രകാശൻ, കുഞ്ഞപ്പൻ, ജഗന്നിവാസൻ, ദീപാമണി എന്നിവർ നേതൃത്വം നൽകി.
ഡിഎംഎ പട്ടേൽ നഗർ ഏരിയ ഗാന്ധി ജയന്തി ആഘോഷിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ പട്ടേൽ നഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. ന്യൂ രഞ്ജിത്ത് നഗർ ബാബാ ഭൂമിക ശിവമന്ദിർ ഹാളിൽ ചെയർമാൻ കല്ലറ മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന ഗാന്ധി ജയന്തി അനുസ്മരണ സമ്മേളനം ഏരിയ സെക്രട്ടറി പി.പി. പ്രിൻസ് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വൈസ് ചെയർമാൻ സെബാസ്റ്റ്യൻ ജോസഫ്, ജോയിന്റ് സെക്രട്ടറിമാരായ അമ്പിളി സതീഷ്, സുനു ജോസഫ്, ട്രഷറർ അഖിൽ കൃഷ്ണൻ, നിർവാഹക സമിതി അംഗങ്ങളായ ഓമന ബിജു, ബിജു നാരായണൻ, എബി, വി.പി. ജോയി, ബെന്നി ജോസഫ്, സനീഷ് ആന്റണി, ഷിബു തോമസ്, ബിജുകുമാർ തുടങ്ങിയവരും പങ്കെടുത്തു.