സിരി ഫോർട്ടിൽ ഡിഎംഎയുടെ ഉത്രാടപ്പൂനിലാവ് സെപ്റ്റംബർ 10 ന് ; കെജ്‌രിവാൾ മുഖ്യാതിഥി
Saturday, September 7, 2019 7:31 PM IST
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ ഓണാഘോഷ പരിപാടിയായ ഉത്രാടപ്പൂനിലാവ് സെപ്റ്റംബർ 10ന് (ചൊവ്വ) നടക്കും. വൈകുന്നേരം 5 മുതൽ സിരിഫോർട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ മുഖ്യാതിഥിയായി പങ്കെടുക്കും.

ഡിഎംഎ വൈസ് പ്രസിഡന്‍റ് സി. കേശവൻകുട്ടി അധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വിശിഷ്ടാതിഥികളായി കേരളാ ഗവൺമെന്‍റ് സ്പെഷൽ ഓഫീസർ ഡോ. എ. സമ്പത്, മാനുവൽ മലബാർ ജ്വല്ലേഴ്‌സ് സിഎംഡി. മാനുവൽ മെഴുക്കനാൽ, ഡിഎംഎ വൈസ് പ്രസിഡന്‍റ് വിനോദിനി ഹരിദാസ്, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡിഷണൽ ജനറൽ സെക്രട്ടറി കെ.പി. ഹരീന്ദ്രൻ ആചാരി, ട്രഷറർ സി.ബി.മോഹനൻ, ജോയിന്‍റ് ട്രഷററും ഓണം 2019 ജനറൽ കൺവീനറുമായ കെ.ജെ. ടോണി, ഇന്‍റേണൽ ഓഡിറ്റർ ആർ.ജി. കുറുപ്പ്, ജോയിന്‍റ് ഇന്‍റേണൽ ഓഡിറ്റർ പി.എൻ. ഷാജി എന്നിവരും പങ്കെടുക്കും.

ചടങ്ങിൽ 2018-19 വിദ്യാഭ്യാസ വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്ലസ് ടു വിദ്യാർഥികളായ ദ്വാരകാ ഏരിയയിലെ സനീഷാ എസ്‌.എസ്. (സയൻസ്), ശ്രീ ലക്ഷ്മി കൃഷ്ണാ (ഹ്യൂമാനിറ്റീസ്), ആർകെ. പുരം ഏരിയയിലെ സാന്ദ്രാ ഫ്രാൻസിസ് (കോമേഴ്‌സ്) എന്നിവർക്ക് ഡിഎംഎ സലിൽ ശിവദാസ്‌ മെമ്മോറിയൽ അക്കാഡമിക് എക്സലൻസ് അവാർഡുകൾ നൽകി ആദരിക്കും.

ഓണാഘോഷത്തോടനുബന്ധിച്ചു ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടന്ന പൂക്കള മത്സരത്തിൽ വിജയികളായ വസുന്ധര എൻക്ലേവ്, ആർകെ. പുരം, മയൂർ വിഹാർ ഫേസ്-2, ജനക്പുരി എന്നിവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.

ഡിഎംഎ കേന്ദ്രകമ്മിറ്റി അവതരിപ്പിക്കുന്ന രംഗപൂജയായ വന്ദനം, മയൂർ വിഹാർ ഫേസ്-1 ന്‍റെ തിരുവാതിര, അംബേദ്‌കർ - പുഷ്പ വിഹാർ ഏരിയയുടെ സ്ത്രീ ശാക്തീകരണം, ദിൽഷാദ് കോളനിയുടെ നാടോടി നൃത്തം, ജനക്പുരിയുടെ കേളികൊട്ട്, ജസോല വിഹാറിന്‍റെ നയനം, കരോൾ ബാഗ് - കൊണാട്ട് പ്ലേസിന്റെ കൈരളി സമക്ഷം സംഹാര വൃഷ്ടിയിൽ നിന്നും സൃഷ്ടിയിലേക്ക്, ലാജ്പത് നഗറിന്റെ കേരളീയം, മയൂർ വിഹാർ ഫേസ്-2ന്റെ വന്ദേമാതരം, മയൂർ വിഹാർ ഫേസ് 3-ന്‍റെ സസ്യശ്യാമള കേരളം, രജൗരി ഗാർഡന്‍റെ ലാസ്യ താണ്ഡവം, ആർ.കെ. പുരത്തിന്‍റെ ഒപ്പന, വസുന്ധര എൻക്ലേവിന്‍റെ ഭാരതീയം, വികാസ്പുരി-ഹസ്താലിന്‍റെ മലയാള നാട്, വിനയ് നഗർ - കിദ്വായ് നഗറിന്‍റെ കൈകൊട്ടിക്കളി എന്നിവയാണ് ഉത്രാടപ്പൂനിലാവിൽ അരങ്ങേറുന്ന കലാസൃഷ്ടികൾ.

വിവിധ ഏരിയകളിൽ നിന്ന് സിരി ഫോർട്ടിലേക്കും തിരിച്ചും വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: ഏരിയ ഭാരവാഹികളുമായോ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ 8800398979, ജനറൽ കൺവീനർ കെ.ജെ. ടോണി 9810791770.

റിപ്പോർട്ട്:പി.എൻ. ഷാജി