പ്രസവാനുകൂല്യം നിഷേധിച്ചു; മലയാളി നഴ്സ് ലേബർ കോടതിയിൽ
Wednesday, March 6, 2019 9:30 PM IST
ന്യൂ ഡൽഹി: പ്രസവാവധിയും അനൂകൂല്യങ്ങളും നിഷേധിച്ചതിനെ തുടർന്ന് ആശുപത്രി അധികൃതർക്കെതിരെ മലയാളി നഴ്സ് പ്രവാസി ലീഗൽ സെൽ മുഖേന ഡെപ്യൂട്ടി ലേബർ കമ്മീഷണർക്ക് പരാതി നൽകി.

രണ്ട് വർഷത്തിലേറെയായി ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്ത സുധ എന്ന മലയാളി നഴ്‌സിനാണ് ഇത്തരം ദുരനുഭവം ഉണ്ടായത്. വിശ്രമം ആവശ്യമാണെന്ന ഡോക്ടറുടെ നിർദേശപ്രകാരമാണ് സുധ ജനുവരി 15 മുതൽ ജൂൺ 15 വരെ അവധിക്ക് അപേക്ഷിച്ചത്.

നഴ്സിംഗ് അധികാരികൾ അവധിക്കുള്ള അപേക്ഷ പരിഗണിക്കാൻ വിസമ്മതിക്കുക മാത്രമല്ല, രാജി വച്ച് ആശുപത്രിയിൽ നിന്നും വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതേ കുറിച്ചുള്ള പരാതികൾ ഹെൽത്ത് ഡിപ്പാർട്ട്മെന്‍റിനും നഴ്സിംഗ് ഡിപ്പാർട്ട്മെന്‍റിനും നൽകിയെങ്കിലും ആശുപത്രി അധികൃതരിൽ നിന്ന് യാതൊരുവിധ പരിഹാരവും ഉണ്ടായില്ല.

പിന്നീട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ അംഗമായിരുന്ന സുധ യുഎൻഎ മുഖാന്തിരം നിയമ സഹായത്തിനായി പ്രവാസി ലീഗൽ സെല്ലിനെ സമീപിക്കുകയായിരുന്നു.

മറ്റേർണിറ്റി ബെനിഫിറ്റ് ആക്ട് പ്രകാരം ഒരു വ്യക്തിക്ക് 26 ആഴ്ചകൾവരെ ശമ്പളത്തോടുള്ള അവധി എടുക്കാൻ അർഹത ഉണ്ടായിട്ടും ആശുപത്രി അധികൃതർ തങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് നിയമം അനുവദിക്കുന്ന പരിരക്ഷ നൽകാത്തത് ഗൗരവകരമായ കുറ്റകൃത്യമാണെന്നും നഴ്സുമാരുടെ അടിസ്ഥാന അവകാശങ്ങളെയാണ് ഇത്തരത്തിൽ ലംഘിച്ചിരിക്കുന്നതിനും ചൂണ്ടിക്കാട്ടിയാണ് പ്രവാസി ലീഗൽ സെൽ ഡെപ്യൂട്ടി ലേബർ കമ്മീഷണർക്കു പരാതി സമർപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിൽ പലയിടങ്ങളിലും പ്രതേകിച്ചു ഡൽഹിയിലും, പ്രസവാവധിക്കും അനുകൂല്യങ്ങൾക്കുമായി അപേക്ഷ സമർപ്പിക്കുമ്പോൾ തൊഴിലാളികളെ നിയമവിരുദ്ധമായി പിരിച്ചുവിടുന്ന സാഹചര്യങ്ങൾ നിരവധിയാണ്. ഇത്തരം സാഹചര്യത്തിൽ താൻ നൽകിയ പരാതിയിന്മേൽ കോടതിയിൽ നിന്നും നീതി ലഭിക്കും എന്ന വിശ്വാസത്തിലാണ് സുധ.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്