ഗിഫ്ടിക്ക് ഇനി എല്ലാം കേൾക്കാം; മലയാളി യുവാവിന് പ്രവാസിയുടെ കൈത്താങ്ങ്
പി.പി. ചെറിയാൻ
Friday, April 11, 2025 2:14 AM IST
ഇടുക്കി: കട്ടപ്പന ഗവൺമെന്റ് കോളജിലെ രണ്ടാം വർഷ എംഎ മലയാളം വിദ്യാർഥി ഗിഫ്ടി ജോർജിന് ഇനി എല്ലാം ഭംഗിയായി കേൾക്കാം. നാളിതുവരെ കേൾക്കാതിരുന്ന പ്രകൃതിയുടെയും വീട്ടുകാരുടെയും അധ്യാപകരുടെയും കൂട്ടുകാരുടെയുമെല്ലാം ശബ്ദം ഇനി ഹിയറിംഗ് എയ്ഡിന്റെ സഹായത്തോടെ ഗിഫ്ടിക്ക് കേൾക്കാൻ കഴിയും.
രണ്ടു ചെവികൾക്കും കേൾവി നഷ്ടപ്പെട്ട ഗിഫ്ടിയെ ശബ്ദത്തിന്റെ ലോകത്തിലേക്ക് എത്താൻ സഹായിച്ചത് അമേരിക്കൻ മലയാളിയും ജീവകാരുണ്യ പ്രവർത്തകനുമായ ജോസഫ് ചാണ്ടിയുടെ കാരുണ്യമാണ്. നിർധന കുടുംബത്തിൽ നിന്നുള്ള ഗിഫ്ടിയുടെ മുഴുവൻ ചികിത്സാ ചെലവ് ഏറ്റെടുക്കുകയും ഹിയറിങ് എയ്ഡ് വാങ്ങി നൽകുകയും ചെയ്തത് ജോസഫ് ചാണ്ടിയാണ്.
കട്ടപ്പന സീയോണ സ്പീച്ച് സെന്റർ മുഖേനയാണ് ചികിത്സ നൽകിയത്. ശാരീരിക, കേൾവി വൈകല്യമുള്ള ഗിഫ്ടിയെ സഹായിച്ച ജോസഫ് ചാണ്ടിയുടെ നല്ല മനസ്സിന് കട്ടപ്പന കോളജ് അധികൃതരും ഗിഫ്റ്റിയുടെ കുടുംബവും നന്ദി രേഖപ്പെടുത്തി.
ഗിഫ്ടിക്ക് ഹിയറിംഗ് എയ്ഡ് വാങ്ങുന്നതിനും ചികിത്സക്കുമായി ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റ് ഇടുക്കി കോ ഓർഡിനേറ്റർ ജോർജ് ജേക്കബും കോളജ് വൈസ്പ്രിൻസിപ്പൽ പ്രഫ. ഒ.സി. അലോഷ്യസുമാണ് ജോസഫ് ചാണ്ടിയെ സമീപിച്ചത്. ജീവകാരുണ്യ ട്രസ്റ്റ് വഴി ജോസഫ് ചാണ്ടി ഇതിനകം ഏകദേശം 14 കോടിയിലേറെ രൂപയുടെ ധനസഹായം നൽകിയിട്ടുണ്ട്