മിഷൻ ലീഗ് കുഞ്ഞേട്ടന്റെ ജന്മശതാബ്ദി അനുസ്മരണം നടത്തി
Thursday, April 10, 2025 1:39 PM IST
കാക്കനാട്: അന്തർദേശീയ കത്തോലിക്ക അല്തമായ സംഘടനയായ ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപകൻ "മിഷൻ ലീഗ് കുഞ്ഞേട്ടൻ' എന്ന പേരിൽ അറിയപ്പെടുന്ന പി.സി. അബ്രഹം പല്ലാട്ടുകുന്നേലിന്റെ 100-ാം ജന്മവാർഷികാചരണം അന്തർദേശീയ തലത്തിൽ സംഘടിപ്പിച്ചു.
ഓൺലൈനായി നടത്തിയ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള മിഷൻ ലീഗ് ദേശീയ, സംസ്ഥാന, രൂപതാ ഭാരവാഹികളും പ്രതിനിധികളും പങ്കുചേർന്നു. കാർഡിനൽ മാർ ജോര്ജ് അലഞ്ചേരി പരിപാടികൾ ഉദ്ഘാടനം ചെയ്തു.
മിഷൻ ലീഗ് അന്തർദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരൻ അധ്യക്ഷത വഹിച്ചു. സീറോമലബാർ സഭയുടെ ദൈവവിളി കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത്, മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കൽ, ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പിൽ, ഇന്ത്യൻ നാഷണൽ ഡയറക്ടർ ഫാ. ജോസഫ് മറ്റം,
നാഷണൽ പ്രസിഡന്റ് സുജി പുല്ലുകാട്ട്, അമേരിക്കൻ നാഷണൽ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, യുകെ നാഷണൽ പ്രസിഡന്റ് ജെൻതിൻ ജെയിംസ്, അയർലൻഡ് നാഷണൽ പ്രസിഡന്റ് ജിൻസി ജോസഫ്, കേരള സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനയിൽ, പ്രസിഡന്റ് രഞ്ജിത് മൂതുപ്ലാക്കൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
1925 മാർച്ച് 19ന് കേരളത്തിലെ ഭരണങ്ങാനത്താണ് കുഞ്ഞേട്ടൻ ജനിച്ചത്. 1947ൽ അദ്ദേഹം ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപിക്കുകയും തന്റെ മുഴുവൻ ജീവിതവും ഈ സംഘടനയ്ക്കായി സമർപ്പിക്കുകയും ചെയ്തു.
2009 ഓഗസ്റ്റ് 11ന് അദ്ദേഹം അന്തരിച്ചു. പാലാ ചെമ്മലമറ്റം പന്ത്രന്ത് ശ്ളീഹന്മാരുടെ പള്ളിയിലാണ് അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്നത്.